കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു (19) കൊല്ലപ്പെട്ട കേസിന്റെ വിചാരണയിൽ ഉടൻ തീരുമാനമാകും. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി അമ്മ ഭൂപതി നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. വിചാരണക്കോടതിയിലും അന്നുതന്നെ വിഷയം പരിഗണിക്കും. കൃത്യമായ സമയപരിധിയിൽ വിചാരണ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
കുറ്റപത്രം നൽകിയിട്ട് ആറു വർഷമായിട്ടും വിചാരണ തുടങ്ങാത്തതിൽ വിമർശനം ശക്തമാണ്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടവർ വിചാരണ നീളാൻ പല കാരണങ്ങളും നിരത്തുന്നുണ്ട്. കൊവിഡ് അടക്കം അതിൽ ഉൾപ്പെടുന്നു.
കേസിലെ സാക്ഷികളായ 25 വിദ്യാർത്ഥികളും പഠനം കഴിഞ്ഞ് മഹാരാജാസ് കോളേജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. വിചാരണ തുടങ്ങുമ്പോൾ ഇവർക്ക് സമൻസ് നൽകി വിളിച്ചു വരുത്തുന്നതിൽ കാലതാമസം ഇനിയും നേരിട്ടേക്കാം.
മനുഷ്യ മനസാക്ഷിയെ നടുക്കിയ കൊല
2018 ജൂലായ് രണ്ടിന് അർദ്ധരാത്രിയിലാണ് രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ 'വർഗീയത തുലയട്ടെ" എന്ന് എഴുതിയതാണ് അരുംകൊലയിൽ കലാശിച്ചത്. വൈകാതെ ചാർജ് ഫ്രെയിം ചെയ്യുന്നതിലേക്കടക്കം വിചാരണക്കോടതി നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അഡ്വ. മോഹൻരാജാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ.
വൈകാൻ കാരണങ്ങൾ
1. അഭിമന്യുവിന്റെ നെഞ്ചിൽ കഠാരയിറക്കിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ മരട് നെട്ടൂർ മേക്കാട്ട് വീട്ടിൽ സഹൽ രണ്ടുവർഷത്തിന് ശേഷമാണ് കീഴടങ്ങിയത്
2. 2019ൽ പ്രാഥമിക വിചാരണ ആരംഭിച്ചെങ്കിലും കൊവിഡ് കാലത്ത് പ്രതികളെ ഒന്നിച്ച് കോടതിയിൽ എത്തിക്കാനായില്ല
3. നടിയെ ആക്രമിച്ച കേസിന്റെ വാദവും വിസ്താരവും ഇതേ കോടതിയിലാണ്. അതിലെ അന്തിമവാദം പൂർത്തിയായാൽ മാത്രമേ പരിഗണിക്കാൻ സാദ്ധ്യതയുള്ളൂ
4. കുറ്റപത്രവും മറ്റും 2019ൽ വിചാരണക്കോടതിയിൽ നിന്ന് കാണാതായി. 2023 സെപ്തംബറിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇവ പുനർനിർമ്മിക്കേണ്ടിവന്നു
കുറ്റപത്രം നൽകിയിട്ട് ആറു വർഷം
കേസിലെ സാക്ഷികൾ 25 വിദ്യാർത്ഥികൾ
പ്രതികൾ
2018 ജൂലായ് 2ന് അർദ്ധരാത്രിയിൽ കൊല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |