കൊച്ചി: കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യമീൻ രുചിവൈവിദ്ധ്യങ്ങളുമായി സി.എം.എഫ്.ആർ.ഐയിൽ 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളക്ക് തുടക്കമായി. ചാമയ്ക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്ര ചേർത്തുണ്ടാക്കിയ കപ്പ, ചെറുധാന്യ പാൽകഞ്ഞി, തിനമീൻ ബിരിയാണി, ബജ്ര സ്മൂത്തി, റാഗി ലഡു, സീവീഡ് കുക്കീസ്, മില്ലറ്റ്ഫ്രൂട്ട് പായസം, ചെറുധാന്യ പലഹാരങ്ങൾ, ലക്ഷദ്വീപിലെ പത്തീര്, മീൻ ചക്കര, നീരാളിവിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യമേളയിൽ ലഭ്യമാണ്.
വടക്കൻ കർണാടകയിലെ ചെറുധാന്യ കർഷകരുടെ സസ്യഭക്ഷണശാലയാണ് മേളയിലെ മറ്റൊരു ആകർഷണം. ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി എന്നീ ചെറുധാന്യങ്ങളുപയോഗിച്ചുള്ള തനത് വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ചോളപ്പം, റാഗി പൂരി, പലഹാരങ്ങൾ, ബാജി എന്നിവയുണ്ട്. സ്ത്രീകൾ ഉൾപ്പെടെ 12 പേരാണ് അവർ കൃഷി ചെയ്ത ചെറുധാന്യങ്ങളുമായി മേളക്ക് എത്തിയിട്ടുള്ളത്. കൂടുകൃഷികളിൽ വിളവെടുത്ത ജീവനുള്ള മത്സ്യങ്ങൾ മേളയിൽ വാങ്ങാം. കരിമീൻ, കാളാഞ്ചി, ചെമ്പല്ലി, ഗിഫ്റ്റ് തിലാപ്പിയ എന്നീ മത്സ്യങ്ങൾ ലഭ്യമാണ്.
മേള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ്‌സ് റിസർച്ച് ഡയറക്ടർ ഡോ സി. താര സത്യവതി ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൽ. നരസിംഹ മൂർത്തി, ജി. ഗോപകുമാരൻ നായർ, ഡോ. സി.എസ്. ഷൈൻ കുമാർ, ഡോ. എം.പി. രമേശൻ, അജീഷ് ബാലു, ഡോ. ഷിനോജ് സുബ്രമണ്യൻ, ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ സംസാരിച്ചു.
മാറ്റുരച്ച് 10 വനിതകൾ
മേളയുടെ ഭാഗമായി നടന്ന പാചക മത്സരം വിഭവങ്ങളുടെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ചെറുധാന്യങ്ങളും കൂന്തൽ, ചെമ്മീൻ, ഞണ്ട് എന്നിവ ഉപയോഗിച്ചുള്ള കടൽകൂട്ട് പിടി, കമ്പ് ബിരിയാണി, ആവോലി നിർവാണ, റാഗിപൂരി, മില്ലറ്റ് കാവ, മൾട്ടി മില്ലറ്റ് പുട്ട് തുടങ്ങി കൊതിയൂറും രുചിക്കൂട്ടുകൾ മത്സരത്തിനായി തയ്യാറാക്കി. 10 വനിതകളാണ് മത്സരത്തിനുണ്ടായിരുന്നത്. ചെറുധാന്യങ്ങളും പ്രാദേശികമായി ലഭ്യമായ മീനിനങ്ങളും ചേർത്താണ് വിഭവങ്ങൾ തയ്യാറാക്കേണ്ടിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |