പത്തനംതിട്ട: ചില വൈദികർ പരസ്യമായി രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ ചൊല്ലി വിശ്വാസികൾ ചേരി തിരിഞ്ഞതോടെ ,നടപടിയുമായി ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം. കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെ ഭദ്രാസനം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിയുടെ ചുമതല സൺഡേ സ്കൂൾ വൈസ് പ്രസിഡന്റിന് നൽകി.
ഷൈജു കുര്യന്റെ നിലപാട് സംബന്ധിച്ച് ഭദ്രാസന കൗൺസിൽ നിയോഗിച്ച അന്വേഷണ കമ്മിഷൻ രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അതുവരെ എല്ലാ പദവികളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.കോന്നിയിലെ സഭയുടെ ഭൂമി സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് കൈക്കലാക്കി, സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചു, മുതിർന്ന വൈദികരെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ.
ഡിസംബർ 30ന് ബി.ജെ.പി പത്തനംതിട്ടയിൽ നടത്തിയ ക്രിസ്മസ് സ്നേഹ സംഗമത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഫാ. ഷൈജു കുര്യനും 47 ക്രിസ്ത്യൻ കുടുംബങ്ങൾക്കും ബി.ജെ.പിയിൽ അംഗത്വം നൽകിയത്. ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പൊലീത്ത കുര്യക്കോസ് മാർ ക്ളിമ്മീസും ചടങ്ങിൽ പങ്കെടുത്തിരുന്നു. പരാതിക്കു പിന്നിൽ സി.പി.എം നേതാവായ ഫാ. മാത്യൂസ് വാഴക്കുന്നമാണെന്ന് ഷൈജു കുര്യനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വാഴക്കുന്നത്തിനെ ഷൈജു കുര്യൻ പരാജയപ്പെടുത്തിയിരുന്നു. സഭയുടെ അനുമതിയില്ലാതെ ഷൈജു കുര്യനെതിരെ ചാനൽ ചർച്ചകളിൽ സംസാരിച്ചതിന് മാത്യൂസ് വാഴക്കുന്നത്തിന് ഭദ്രാസനം വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |