കൊച്ചി: പ്രവാസിയെന്ന നിലയിലുള്ള പ്രത്യേക പരിഗണനകൾ ഉപയോഗപ്പെടുത്തി നികുതി വലയിൽ നിന്ന് ഒഴിവാകുന്നവരെ കുടുക്കാൻ കേന്ദ്ര ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചു. ഒരു വർഷം 181 ദിവസത്തിലധികം ഇന്ത്യയിൽ താമസിച്ചതിന് ശേഷം നികുതി റിട്ടേണുകളിൽ പ്രവാസി സ്റ്റാറ്റസ് രേഖപ്പെടുത്തി നികുതി നൽകാതെ കബളിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് വിലയിരുത്തിയാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികൾക്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വർഷങ്ങളായി വിദേശത്ത് താമസിക്കുന്നവരോട് ഇന്ത്യയിൽ വന്ന് പോയതിന്റെ വിവരങ്ങൾ നൽകാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചത്.
2014 മുതൽ ഇന്ത്യയിൽ ഓരോ വർഷവും എത്ര ദിവസങ്ങൾ താമസിച്ചുവെന്ന വിവരങ്ങൾ കൈമാറാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് പ്രവാസികൾക്ക് നികുതി ബാദ്ധ്യതയില്ലെന്ന് ഇന്ത്യൻ നിയമങ്ങൾ വ്യക്തമാക്കുന്നു വിദേശത്ത് സ്വന്തമായുള്ള ആസ്തിയുടെ വിവരങ്ങളും ഇവർ വെളിപ്പെടുത്തേണ്ടതില്ല. അതേസമയം പ്രവാസികൾ വർഷത്തിൽ 181 ദിവസത്തിലധികം ഇന്ത്യയിൽ ചെലവഴിച്ചാൽ ഈ ആനുകൂല്യങ്ങൾ റദ്ദാകും. ഈ കാലയളവിലും കൂടുതൽ ദിവസങ്ങൾ ഇന്ത്യയിൽ ചെലവഴിച്ചതിന് ശേഷം നികുതി റിട്ടേണുകളിൽ പ്രവാസിയെന്ന് രേഖപ്പെടുത്തി ആനുകൂല്യങ്ങൾ നേടിയവരോടാണ് യാത്രാ വിവരങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചിട്ടുള്ളത്.
കൊവിഡ് രോഗ വ്യാപനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ നിരവധിപേർ ഐ.ടി റിട്ടേണുകളിൽ പ്രവാസി സ്റ്റാറ്റസ് രേഖപ്പെടുത്തുകയും ആറു മാസത്തിലധികം ഇന്ത്യയിൽ താമസിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നികുതി ബാധ്യതയിൽ നിന്ന് ഒഴിവെടുത്ത പ്രവാസി സ്റ്റാറ്റസുള്ളവരെ കണ്ടുപിടിക്കാനാണ് ശ്രമമെന്നും അവർ പറയുന്നു.
പ്രവാസികളെ ബുദ്ധിമുട്ടിക്കുമെന്ന് ടാക്സ് കൺസൾട്ടന്റുകൾ
ഇന്ത്യയിൽ താമസിച്ച സമയവും യാത്രയുടെ വിവരങ്ങളും അടങ്ങിയ സത്യവാങ്മൂലം നൽകണമെന്ന നോട്ടീസുകൾ ദീർഘകാലമായി വിദേശത്ത് സ്ഥിരവാസമുള്ള പ്രവാസികളെ ബുദ്ധിമുട്ടിലാക്കുമെന്ന് ടാക്സ് കൺസൾട്ടന്റുമാർ പറയുന്നു. ഇമിഗ്രേഷൻ വകുപ്പിൽ നിന്നും വളരെ വേഗത്തിൽ ലഭിക്കുന്ന ഈ വിവരങ്ങൾ പ്രവാസികൾ നേരിട്ട് നൽകണമെന്ന് പറയുന്നതിൽ കഴമ്പില്ല. കൂടാതെ വിദേശത്ത് സ്റ്റാമ്പ് പേപ്പർ കിട്ടാനുള്ള ബുദ്ധിമുട്ടുകളും നോട്ടറൈസ് ചെയ്യാനുള്ള പ്രയാസങ്ങളും കണക്കിലെടുക്കണമെന്നും അവർ പറയുന്നു.
പ്രവാസികൾക്ക് നികുതി വേണ്ട
വർഷം 181 ദിവസം ഇന്ത്യയിൽ തങ്ങിയാൽ നികുതി നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |