തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ അടിയന്തര ചികിത്സാ സഹായം നൽകാനുളള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി ധനവകുപ്പ്.
വാഹനാപകടത്തിൽ പരിക്ക്, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്‌ക്കാണ് എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ നേടാവുന്നത്. അതിന്റെ ബില്ലും മെഡിസെപ് നമ്പറും സഹിതം ഒാറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് അപേക്ഷിച്ചാൽ പണം തിരിച്ചു നൽകുമായിരുന്നു. ഇതിലാണ് മാറ്റം. പുതിയ ഉത്തരവ് പ്രകാരം വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്‌ക്ക് എംപാനൽ ചെയ്യാത്ത ആശുപത്രിയിലാണ് ചികിത്സയെങ്കിൽ ആദ്യം മെഡിസെപ് നമ്പറും രോഗവും കാര്യകാരണങ്ങളും സഹിതം ഒാറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് മെയിൽ അയയ്‌ക്കണം. റീ ഇംബേഴ്സ്‌മെന്റിന് അർഹമാണോ അല്ലയോ, എത്ര തുക വരെ കിട്ടും തുടങ്ങിയ കാര്യങ്ങൾ ഇൻഷുറൻസ് കമ്പനി അറിയിക്കും. അതിന് ശേഷം മാത്രം റീ ഇംബേഴ്സ്‌മെന്റിന് അപേക്ഷ സമർപ്പിച്ചാൽ മതി. അല്ലാതെ നൽകുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
മെഡിസെപ് പ്രീമിയത്തെക്കാൾ കൂടുതലാണ് ചികിത്സാ സഹായമായി നൽകിയ തുക. ഇതുമൂലം മെഡിസെപ് നടത്തിപ്പ് ഒറിയന്റൽ കമ്പനിക്ക് നഷ്ടമാണ്. എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സിച്ചതിന്റെ നിരവധി അപേക്ഷകളാണ് ഇൻഷുറൻസ് കമ്പനിയിൽ കെട്ടിക്കിടക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |