ന്യൂഡൽഹി : ഏതെങ്കിലും ഒരു നിയമത്തിന് കീഴീലാണ് എന്നതു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നഷ്ടപ്പെടില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിൽ ഇന്നലെ വാദംകേൾക്കൽ ആരംഭിക്കുകയായിരുന്നു. യു.ജി.സി നിയമപ്രകാരം അലിഗഡ് സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ന്യൂനപക്ഷ പദവി അവകാശപ്പെടാൻ ന്യൂനപക്ഷ വിഭാഗം തന്നെ സ്ഥാപനം ഭരിക്കണമെന്നില്ലെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചു. മതപരമായ കോഴ്സുകൾ മാത്രം നടത്തേണ്ട കാര്യവുമില്ല. ഏതെങ്കിലും പ്രത്യേക മതത്തിൽ നിന്ന് മാത്രമല്ല, എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്കും അവിടെ പ്രവേശനം നൽകാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനാ പ്രകാരം, വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി അനുവദിക്കാൻ എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണം തുടങ്ങിയ നിയമവിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഇന്നും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |