ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി അദാനി. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. വെെബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ 10-ാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദാനി ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതി സാദ്ധ്യമായാൽ സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഗ്ലോബൽ സമ്മിറ്റിൽ വാഗ്ദാനം ചെയ്ത 55,000കോടിയിൽ, അദാനി ഗ്രൂപ്പ് ഇതിനകം 50,000കോടി ചെലവഴിച്ചതായും അദാനി അറിയിച്ചു. '30 ജിഗാവാട്ട് ശേഷിയുള്ള 25 ചതുരശ്ര കിലോമീറ്ററിൽ ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 2014 മുതൽ ജിഡിപിയിൽ ഇന്ത്യ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും കെെവരിച്ചു. ഇത് ജിയോപൊളിറ്റിക്കൽ, പാൻഡെമിക് സംബന്ധമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പേൾ സമാനതകളില്ലാത്തതാണ്.' - അദാനി പറഞ്ഞു.
അദാനിയെ കുടാതെ ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ റിലയൻസ് ഇൻഡസ്‌ട്രീസും ഗുജറാത്തിൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഫെെബർ ഫെസിലിറ്റി ഗുജറാത്തിലെ ഹാസിറയിൽ സ്ഥാപിക്കുമെന്ന് മുകേഷ് അംബാനി ഗ്ലോബൽ സമ്മിറ്റിൽ പറഞ്ഞു. കഴിഞ്ഞ 10വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം 12ലക്ഷം കോടിയുടെ നിക്ഷേപം റിലയൻസ് നടത്തിയിട്ടുണ്ട്. ഇതിൽ മൂന്നിലൊന്ന് നിക്ഷേപം ഗുജറാത്തിലാണ് നടത്തിയതെന്നും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഹരിത വളർച്ചയിൽ ഗുജറാത്തിനെ ആഗോളതലത്തിൽ എത്തിക്കുന്നതിന് ഇനിയും സംഭാവന നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |