കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജയസാദ്ധ്യത കുറവാണെന്ന് പറഞ്ഞ് സീറ്റ് പിടിച്ചെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിൻമാറുന്നു. ക്രൈസ്തവ വോട്ട് നിർണായകമായ മറ്റു മണ്ഡലങ്ങളിൽ ദോഷം ചെയ്തേക്കുമെന്ന വിലയിരുത്തലിലാണിത്.കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും 25ന് അവരുമായി സീറ്റ് ചർച്ച നടത്തുമെന്നും കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ വ്യക്തമാക്കിയിരുന്നു.
മാണി ഗ്രൂപ്പിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജോസഫ് വിഭാഗം പി.സി.തോമസ് ചെയർമാനായുള്ള കേരളാ കോൺഗ്രസിൽ ലയിക്കുകയായിരുന്നു. കോട്ടയം ലോക്‌സഭാ സീറ്റിൽ സ്ഥാനാർത്ഥിത്വം അല്ലെങ്കിൽ രാജ്യസഭാ സീറ്റെന്ന ലയന ധാരണ പി.സി.തോമസുമായി ഉണ്ടാക്കിയെങ്കിലും യു.ഡി.എഫിൽ എം.എൽ.എമാർ കുറഞ്ഞതോടെ രാജ്യസഭാ സീറ്റ് നൽകാൻ കഴിയാതായി.
ഫ്രാൻസിസ് ജോർജ്, കെ.എം മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി .ജോസഫ് തുടങ്ങിയ പേരുകൾ ജോസഫ് വിഭാഗത്തിൽ നിന്ന് ഉയർന്നെങ്കിലും ഇവർക്ക് ജയസാധ്യത കുറവണെന്നാണ് കോൺഗ്രസിനുള്ളിലെ സംസാരം. കോട്ടയം കിട്ടിയില്ലെങ്കിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റുകളായ പത്തനംതിട്ട ,ഇടുക്കി സീറ്റുകളിലൊന്ന് നൽകണമെന്ന ജോസഫ് ഗ്രൂപ്പ് വാദത്തോട് കോൺഗ്രസ് നേതൃത്വത്തിന് യോജിപ്പുമില്ല.
അതേ സമയം കേരളാ കോൺഗ്രസ് എമ്മിൽ സ്ഥാനാർത്ഥി തർക്കമില്ല.കോട്ടയത്തെ റെയിൽവേ വികസനവും അടച്ചു പൂട്ടിയ പാസ്പോർട്ട് ഓഫീസ് തുറന്നതുമൊക്കെ നേട്ടങ്ങളായി ചിത്രീകരിച്ചുള്ള ഫ്ലക്സ് ബോർഡുകൾ നിരത്തി സിറ്റിംഗ് എം.പി തോമസ് ചാഴികാടൻ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
'കോട്ടയം സീറ്റ് ഞങ്ങൾക്ക് അർഹതപ്പെട്ടതാണ് പാർട്ടി .സ്ഥാനാർത്ഥി ആരെന്ന ചർച്ച ആരംഭിച്ചിട്ടില്ല.'
-പി.സി.തോമസ്,
പാർട്ടി വർക്കിംഗ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |