ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയുള്ള അപകീർത്തിക്കേസിലെ നടപടികൾക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ. അഹമ്മദാബാദിലെ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിലെ നടപടികളാണ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ആം ആദ്മി പാർട്ടി നേതാവും എം.പിയുമായ സഞ്ജയ് സിംഗിനും നടപടി ആശ്വാസമായി. കേസ് ഗുജറാത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്രണമെന്ന സഞ്ജയ് സിംഗിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാനനഷ്ടക്കേസിൽ അയച്ച സമൻസ് റദ്ദാക്കണമെന്ന ഇരുവരുടെയും ഹർജിയിൽ നാലാഴ്ചയ്ക്കകം ഗുജറാത്ത് ഹൈക്കോടതി തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
ഗുജറാത്ത് സർവകലാശാല സമർപ്പിച്ച മാനനഷ്‌ടക്കേസിൽ അഹമ്മദാബാദ് കോടതി ഇരുവർക്കും സമൻസ് അയച്ചിരുന്നു. സർവകലാശാലയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയായിരുന്നു നടപടി. നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം കേജ്‌രിവാളിന് കൈമാറാൻ കേന്ദ്ര വിവരാവകാശകമ്മിഷൻ ഗുജറാത്ത് സർവകലാശാലയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കേജ്‌രിവാളും സഞ്ജയ് സിംഗും നടത്തിയ പ്രസ്‌താവനകളാണ് മാനനഷ്‌ടക്കേസിനാധാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |