തിരുവനന്തപുരം: ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മരിച്ചു. നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗർ തേരിവിള വീട്ടിൽ ടി.തങ്കച്ചനാണ് (71) മരിച്ചത്. ഇന്നലെ രാവിലെ 6.30ന് പാളയം ഫൈൻ ആർട്സ് കോളേജിന് സമീപത്തായിരുന്നു അപകടം. പാൽ കയറ്റിവന്ന ലോറി തങ്കച്ചൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് ലോറിക്കടിയിലേക്ക് മറിഞ്ഞുവീണ തങ്കച്ചന്റെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങി. നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൈരളി - ശ്രീ തീയറ്ററിലെ ജീവനക്കാരനായിരുന്നു. അവിടെ നിന്ന് വിരമിച്ച ശേഷമാണ് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലെ ജീവനക്കാരനായത്. ഭാര്യ: ഉഷ തങ്കച്ചൻ. മക്കൾ: ടി.ഉമേഷ് കുമാർ,ടി.രതീഷ് കുമാർ (ഡ്രൈവർ, എ.കെ.ജി സെന്റർ), പരേതനായ ടി.രാജേഷ് കുമാർ. മരുമക്കൾ: ശരണ്യ ഉമേഷ്, ആര്യ രതീഷ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാസെക്രട്ടറി വി.ജോയി എം.എൽ.എ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മ്യൂസിയം പൊലീസ് കേസെടുത്തു.
അനുസ്‌മരിച്ച് കടകംപള്ളി
തങ്കച്ചന്റെ മരണത്തിൽ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. 1982 മുതൽ തങ്കച്ചനുമായി തനിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷനിൽ തോട്ടം തൊഴിലാളിയായാണ് തങ്കച്ചൻ ജീവിതം ആരംഭിച്ചത്. പിന്നീട് എന്റെ നേതൃത്വത്തിൽ ചലച്ചിത്ര വികസന കോർപ്പറേഷനിൽ സി.ഐ.ടി.യു യൂണിയൻ ആരംഭിച്ചപ്പോൾ തങ്കച്ചൻ അംഗവും സജീവ പ്രവർത്തകനുമായി. തങ്കച്ചൻ വിരമിക്കുമ്പോൾ ഞാൻ സി.പി.എം ജില്ലാ സെക്രട്ടറിയാണ്. ഞാൻ മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതിയുടെ ചുമതലയും തങ്കച്ചനായിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ തങ്കച്ചൻ വീണ്ടും ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറുകയായിരുന്നുമെന്നും അദ്ദേഹം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |