ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ഇന്ന് സന്നിധാനത്തെ അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറം മണിമണ്ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കും.
മണിമണ്ഡപത്തിൽ കളമെഴുത്തിനു ശേഷം തിരുവാഭരണ പേടകത്തിൽ കൊണ്ടുവരുന്ന തിടമ്പിലേക്ക് ദേവചൈതന്യം ആവാഹിക്കും. തുടർന്ന് താളമേളങ്ങളുടെയും തീവട്ടിയുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത്. നായാട്ടുവിളിക്കു ശേഷം തീവട്ടി അണച്ച് താളമേളങ്ങൾ ഒഴിവാക്കിയാണ് മടക്കയാത്ര. ഇന്ന് രാവിലെ 9ന് നെയ്യഭിഷേകം സമാപിക്കും. നാളെ രാത്രി 10വരെ ഭക്തർക്ക് ദർശനം നടത്താം. നട അടച്ചശേഷം മാളികപ്പുറം ക്ഷേത്രത്തിൽ വലിയ ഗുരുതി നടക്കും. 21ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. അന്ന് പുലർച്ചെ 5ന് നടതുറക്കും. 5.30ന് തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. പന്തളംരാജ പ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ സോപാനത്തെത്തി ദർശനം നടത്തും. തുടർന്ന് അയ്യപ്പനെ ഭസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കിയ ശേഷം നടയടയ്ക്കും. മേൽശാന്തി പതിനെട്ടാംപടി ഇറങ്ങിവന്ന് രാജപ്രതിനിധിക്ക് ക്ഷേത്രത്തിന്റെ താക്കോൽകൂട്ടവും പണക്കിഴിയും നൽകും. അടുത്ത ഒരു വർഷത്തെ പൂജാദി കർമ്മങ്ങൾ നോക്കി നടത്താൻ നിർദ്ദേശിച്ച് അവ മേൽശാന്തിക്കു മടക്കിനൽകും. ചടങ്ങുകൾ പൂർത്തിയാക്കി രാജപ്രതിനിധി തിരുവാഭരണവുമായി പന്തളത്തേക്ക് മടങ്ങും. ഇതോടെ മണ്ഡല-മകരവിളക്ക് ഉത്സവം സമാപിക്കും. കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി മൂലം രാജപ്രതിനിധി പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചിരുന്നില്ല. അശുദ്ധി നീങ്ങിയശേഷമാണ് ശബരിമലയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |