പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്കും ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അപകടത്തിൽ മരണം സംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. ഇതിനുള്ള പ്രീമിയം തുക ദേവസ്വം ബോർഡ് വഹിക്കും.
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കു പുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ സമീപ ജില്ലകളിൽ ഉണ്ടാകുന്ന അപകടത്തിനും ഇൻഷ്വറൻസ് നൽകും. പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ ശബരിമല സുഖദർശനം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാർ കാർഡ്
നിർബന്ധം
ശബരിമല തീർത്ഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കരുതണം. 70,000 പേർക്ക് വെർച്വൽ ബുക്കിംഗ് മുഖേനയും 10,000 പേർക്ക് തത്സമയ ബുക്കിംഗിലൂടെയും ദിവസവും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. ബുക്ക് ചെയ്യാതെ വരുന്നവരിൽ ഒരാളെപ്പോലും തിരിച്ചയയ്ക്കില്ല. പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്യണം. 18 മണിക്കൂർ ദർശന സമയം ഉണ്ടാകും. പുലർച്ചെ 3ന് നട തുറക്കും. വെർച്യൽ ക്യൂ ബുക്ക് ചെയ്ത് എത്താൻ കഴിയാത്തവർ ക്യാൻസൽ ചെയ്ത് മറ്റു ഭക്തർക്ക് അവസരം ഒരുക്കണം.
വനഭൂമി കൈമാറ്റം:
14ന് യോഗം
ശബരിമല റോപ് വേക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കുളത്തൂരിൽ ഭൂമി അനുവദിച്ചിട്ടുണ്ട്. 14ന് കൂടുന്ന മന്ത്രിസഭാ യോഗത്തിൽ വനഭൂമി കൈമാറ്റത്തിൽ തീരുമാനമുണ്ടാകും. 2.7 കിലോമീറ്റർ ദൂരത്തിലാകും റോപ്‌വെ. ഉയരം കൂട്ടുന്നതിനാൽ ടവറുകളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ചാകും. പുതിയ രൂപരേഖ പ്രകാരം നിർമ്മാണത്തിനായി മുറിക്കേണ്ട മരങ്ങളുടെ എണ്ണവും കുറയും. അടിയന്തരഘട്ടങ്ങളിൽ കാർ ആംബുലൻസും കൊണ്ടുപോകാനാകും. സന്നിധാനത്ത് നിന്ന് 10 മിനിറ്റുകൊണ്ട് പമ്പയിലെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |