തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേസമയം വിരവയ്ക്കാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്കും മഹാദേവക്ഷേത്രത്തിന്റെ നടപ്പന്തലിൽ ആയിരം പേർക്കും വിരിവയ്ക്കാം. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം 3000 പേർക്ക് വിരിവയ്ക്കാൻ ജർമ്മൻ പന്തലും സജ്ജീകരിച്ചു.
ഇതോടൊപ്പം പമ്പയിൽ പുതുതായി നാല് നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്കും രാമമൂർത്തി മണ്ഡപത്തിനു പകരം 3000 പേർക്കും വരിനിൽക്കാനുള്ള സൗകര്യമൊരുക്കും.
അതേസമയം,വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേഡുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്കും ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെയും ചൂടുവെള്ളം നൽകാനും തീരുനമാനിച്ചു.
2000 സ്റ്റീൽ ബോട്ടിലിൽ ചുക്കുവെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകും. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏല്പിക്കണം. ആയിരം പേർക്ക് വിശ്രമിക്കാനാവശ്യമായ ഇരിപ്പിടങ്ങൾ മരക്കൂട്ടം മുതൽ ഒരുക്കിയിട്ടുണ്ട്. പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമകേന്ദ്രമുണ്ടാവും. നിലയ്ക്കലിൽ 1045 ടോയ്ലെറ്റുകളും പമ്പയിൽ 580 ടോയ്ലെറ്റുകളിൽ നൂറെണ്ണം സ്ത്രീകൾക്കും സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകളും സജ്ജീകരിച്ചു. പരമ്പരാഗതപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി അൻപതിലധികം ബയോ ടോയ്‌ലെറ്റുകളും ബയോ യൂറിനലുകളും സ്ഥാപിച്ചു. അപ്പം,അരവണ എന്നിവയുടെ ബഫർ സ്റ്റോക്ക് ആരംഭിച്ചു. വൃശ്ചികം ഒന്നാകുമ്പോൾ 40 ലക്ഷം കണ്ടെയ്നർ ബഫർ സ്റ്റോക്കിൽ ഉറപ്പാക്കാനാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
കെ.എസ്.ആർ.ടി.സിക്ക് 30കോടികൂടി അനുവദിച്ചു
തിരുവനന്തപുരം:ശമ്പളവും പെൻഷനും നൽകുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് 30കോടിരൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.കഴിഞ്ഞയാഴ്ച 20കോടി നൽകിയതിന് പുറമേയാണിത്. ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തികസഹായത്തിന് 900കോടിയാണ് വകയിരുത്തിയതെങ്കിലും ഇതുവരെ 1111കോടി നൽകേണ്ടിവന്നതായി ധനമന്ത്രി അറിയിച്ചു.
പുതുതലമുറ വെല്ലുവിളികളെ
നേരിടണം: മന്ത്രി ബിന്ദു
തിരുവനന്തപുരം: വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജരാക്കണമെന്ന് മന്ത്രി ആർ. ബിന്ദു. ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിൽ സംഘടിപ്പിക്കുന്ന നൈപുണ്യ വികസന കരിയർ ആസൂത്രണ സെന്ററുകളുടെ ആദ്യ ഗ്രൂപ്പിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഐ.സി.ടി. അക്കാഡമി ഒഫ് കേരളയുടെ സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ അദ്ധ്യക്ഷനായി. ഐ.സി.ടി അക്കാഡമിയുടെ റീജണൽ മാനേജർ ഡോ. ദീപ വി.ടി,ഹയർ എഡ്യുക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്,ഡോ. സുധീന്ദ്രൻ കെ,സിൻജിത്ത് എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |