9 ഇന്ത്യക്കാരടക്കം 22 ജീവനക്കാർ സുരക്ഷിതർ
ന്യൂഡൽഹി: ഈജിപ്റ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ ഏദൻ ഉൾക്കടലിൽ വച്ച് ഹൂതി ഡ്രോൺ ആക്രമണം നേരിട്ട അമേരിക്കൻ ചരക്കു കപ്പലിന് രക്ഷകരായി ഇന്ത്യൻ നാവിക സേന.
ഒൻപത് ഇന്ത്യക്കാരടക്കം 22 ജീവനക്കാരുമായി സഞ്ചരിച്ച എം.വി ജെൻകോ പിക്കാർഡി എന്ന കപ്പലിന് നേരെ ബുധനാഴ്ച രാത്രി 11.11ഓടെയാണ് ആക്രമണമുണ്ടായത്. മാർഷൽ ഐലൻഡിൽ രജിസ്റ്റർ ചെയ്ത കപ്പലാണ്. ഫോസ്‌ഫൊറൈറ്റുമായി 24ന് തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്ത് എത്തേണ്ടതാണ്. യെമനിലെ ഏദൻ തുറമുഖത്തിന് 110 കിലോമീറ്റർ തെക്കുവച്ചായിരുന്നു ആക്രമണം.
കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ, മേഖലയിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ നേവിയുടെ ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം രക്ഷാദൗത്യത്തിന് പുറപ്പെട്ടു. 12.30ഓടെ വിശാഖപട്ടണം ജെൻകോ പിക്കാർഡിക്ക് അടുത്തെത്തി.
ഡ്രോൺ ആക്രമണത്തിൽ നേരിയ കേടുപാടുണ്ടായ കപ്പലിലെ തീ നിയന്ത്രണ വിധേയമായെന്നും ആളപായമില്ലെന്നും നേവി അറിയിച്ചു. ഐ.എൻ.എസ് വിശാഖപട്ടണത്തിലെ വിദഗ്ദ്ധർ പുലർച്ചെയോടെ ജെൻകോ പിക്കാർഡിയിൽ പ്രവേശിച്ച് പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കി. കപ്പൽ യാത്ര തുടർന്നതായും നേവി അറിയിച്ചു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെയാണിത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌ത കപ്പലുകൾക്കും ഇന്ത്യൻ ജീവനക്കാരുള്ള വിദേശ കപ്പലുകൾക്കും നേരെ ആക്രമണങ്ങൾ കൂടി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |