SignIn
Kerala Kaumudi Online
Saturday, 27 July 2024 5.07 AM IST

വിപ്ളവത്തിന്റെ യുഗപുരുഷൻ

p

ചൈതന്യ ധന്യൻ എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച വ്ള‌ാഡിമിർ ഇല്ലിച്ച് ഉല്ല്യാനോവ് എന്ന ലെനിന്റെ ചരമശതാബ്ദിക്ക് ഇന്ന് തുടക്കമാവുകയാണ്. 44 വർഷങ്ങൾക്കുമുമ്പ്, 1978-ൽ ക്യൂബയിലെ ഹവാനയിൽ നടന്ന ലോക യുവജന വിദ്യാർത്ഥിമേളയിൽ പങ്കെടുക്കാൻ അവസരം കിട്ടിയപ്പോൾ മോസ‌്കോ വഴിയായിരുന്നു യാത്ര. മോസ്കോയിലെ ഇടവേളയിൽ സമയമുണ്ടാക്കി ലെനിൻ മുസോളിയം കാണാൻ മറക്കരുതെന്ന് യാത്ര പുറപ്പെടും മുമ്പ് ഇ.എം.എസ് പറഞ്ഞിരുന്നു. ക്രെംലിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്മാരകമന്ദിരത്തിൽ സൂക്ഷിച്ചിരിക്കുന്ന സഖാവ് ലെനിന്റെ മൃതശരീരത്തിന് ആദരമർപ്പിക്കാൻ അതോടെ ഞങ്ങൾക്കും വലിയ മോഹമായി.

പക്ഷേ,​ അത് അസാദ്ധ്യമാണെന്ന് ചുമതലക്കാർ അറിയിച്ചു. വല്ലാത്ത വിഷമവും നിരാശയും പിടികൂടിയ ഞങ്ങളെ അവിടത്തെ ചുമതലക്കാരായ സഖാക്കൾ കാര്യം പറഞ്ഞു മനസ്സിലാക്കി. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ ശാസ്ത്രീയ ക്രിയകൾക്കായി എല്ലാ ആഴ്ചയിലും നിശ്ചിത ദിവസം സന്ദർശകരെ നിയന്ത്രിക്കുക പതിവാണ്.
ആ ദിവസം അത്തരം നിയന്ത്രണമുണ്ടായതാണ് പ്രശ്നമായത്. ക്യൂബയിൽ ചെന്നപ്പോൾ ഫിഡൽ കാസ്ട്രോയെ ദൂരെ നിന്നാണെങ്കിലും കണ്ട് കൈവീശാൻ സാധിച്ചെന്ന സംതൃപ്തിയുണ്ടായെങ്കിലും ലെനിനെ കാണാനായില്ലെന്ന സങ്കടം ബാക്കിനിന്നു.


അതിനു പരിഹാരമുണ്ടായത് 1980-ൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ചപ്പോഴാണ്. ഇന്ന് റഷ്യയിൽ മുതലാളിത്തം പുനഃസ്ഥാപിക്കപ്പട്ടെങ്കിലും ലെനിന് ആദരമർപ്പിക്കാൻ മുസോളിയത്തിനു മുന്നിൽ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടുന്നത്. അത് എന്തുകൊണ്ടെന്ന് ലെനിന്റെ ചരമശതാബ്ദി വേളയിൽ ചിന്തിക്കേണ്ടതുണ്ട്. സമത്വപൂർണമായ ലോകത്തെപ്പറ്റിയുള്ളസ്വപ്നങ്ങൾക്ക് വളരെ പഴക്കമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ കാറൽ മാർക്‌സും (1818- 1883) ഫ്രെഡറിക്ക് എംഗൽസുമാണ് (1820 - 1895) ശാസ്ത്രീയ സോഷ്യലിസ്റ്റ് ആശയം ലോകത്ത് ആവിഷ്ക്കരിച്ചത്. അത് ചരിത്രത്തിൽ വിജയകരമായി പ്രാവർത്തികമാക്കിയ യുഗപുരുഷനാണ് വി.ഐ. ലെനിൻ (1870 - 1924).

വിപ്ളവപ്രസ്ഥാനം

രൂപപ്പെടുന്നു

54 വയസ്സു തികയും മുമ്പ് മരണമടഞ്ഞ ലെനിൻ,​ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. 1883-ൽ പ്ളെഖനോവ് (1856 - 1918) ജനീവയിൽ രൂപീകരിച്ച മാർക്സിസ്റ്റ് സംഘടനയും,​ ലെനിൻ സെന്റ് പീറ്റേഴ്സ്ബർഗിൽ രൂപീകരിച്ച മാർക്സിസ്റ്റ് കൂട്ടായ്മയും 1898-ൽ സ്ഥാപിതമായ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയും യോജിച്ചാണ് തൊഴിലാളിവർഗ വിപ്ളവപ്രസ്ഥാനമായി രൂപപ്പെട്ടത്. അതിൽ ലെനിന്റെ സംഘടനാസംബന്ധിയായ കാഴ്ചപ്പാട് പ്രധാന പങ്കുവഹിച്ചു. 1902-ൽ പ്രസിദ്ധീകരിച്ച 'ചെയ്യേണ്ടതെന്ത്?" (What is to be done?) എന്ന ലെനിന്റെ ലഘുകൃതി കമ്മ്യൂണിസ്റ്റ് സംഘടനാ തത്ത്വങ്ങൾ സംബന്ധിച്ച പ്രശസ്ത കൈപ്പുസ്തകമാണെന്നു പറയാം.

പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളെ അപേക്ഷിച്ച് മുതലാളിത്ത വളർച്ചയിൽ പിന്നിൽ കിടന്നിരുന്ന രാജ്യമായിരുന്നുവല്ലോ സാറിസ്റ്റ് റഷ്യ. അവിടെ രൂപപ്പെട്ടുവന്ന വിപ്ളവ സാഹചര്യം ഉപയോഗപ്പെടുത്തി സാമ്പത്തിക - സാമൂഹിക പരിവർത്തനത്തിനായുള്ള അടിസ്ഥാന വിപ്ളവനീക്കം സാദ്ധ്യമാണോ എന്ന ചോദ്യം ലെനിന്റേയും സഹപ്രവർത്തകരുടേയും മുന്നിൽ ഉയർന്നുവന്നു. യൂറോപ്പിലാകെ വിപ്ളവസാഹചര്യം രൂപപ്പെടുന്നു എന്നതാണ് 1848-ൽ പ്രസിദ്ധീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഒരു കേന്ദ്രആശയം. അന്ന് പല യൂറോപ്യൻ രാജ്യങ്ങളിലും പല തോതിലുള്ള വിപ്ളവ പരിശ്രമങ്ങൾ നടക്കുകയും ചെയ്തു; മിക്കതും സ്വയംഭൂവായവയായിരുന്നു. അവ അടിച്ചമർത്തപ്പെട്ടു. അതേതുടർന്ന് അഞ്ചു വർഷത്തെ മാത്രം പ്രവർത്തനത്തിനുശേഷം 1852-ൽ കമ്മ്യൂണിസ്റ്റ് ലീഗ് പിരിച്ചുവിടപ്പെടുകയും ചെയ്തു.


ആ അനുഭവവും പാരീസ് കമ്മ്യൂണിന്റെ മുൻഅനുഭവവും ലെനിനും ബോൾഷെവിക്കുകൾക്കും മുന്നിലുണ്ടായിരുന്നു. എന്നാൽ പലതടസ്സങ്ങളും അവർക്കു മുന്നിൽ ഉയർന്നുവന്നു. റഷ്യൻ മാർക്സിസത്തിന്റെ തലതൊട്ടപ്പൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പ്ലെഖനോവ് അവസരവാദപരമായ മെൻഷവിക്ക് നിലപാടെടുക്കുകയും ലെനിന്റെ പ്രശസ്തമായ ഏപ്രിൽ തീസിസ്സിനെ തള്ളിപ്പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, സാമ്രാജ്യത്വത്തിന്റെ ചങ്ങലയിലെ ഏറ്റവും ദുർബലമായ കണ്ണിയെന്ന നിലയിൽ റഷ്യയിലെ സാർ ഭരണത്തെയും ബൂർഷ്വാ നേതൃത്വത്തെയും പ്രഹരിച്ചുവീഴ്‌ത്താം എന്ന സിദ്ധാന്തം ലെനിൻ ധീരമായി വികസിപ്പിച്ചു. അത് പ്രായോഗികമായി വിജയിപ്പിക്കുകയും ചെയ്തു. അങ്ങനെ ലോകചരിത്രത്തിൽ സോഷ്യലിസ്റ്റ് യുഗപ്പിറവിക്ക് ലെനിന്റെ നേതൃത്വത്തിൽ അടിത്തറപാകി എന്നതാണ് മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ചരിത്രപ്രാധാന്യം.

ചരിത്രപരമായ

സംഭാവനകൾ


ലെനിന്റെയും ജോസഫ് സ്റ്റാലിന്റേയും (1878 - 1953) ലിയോൺ ട്രോട്‌സ്കിയുടെയും (1879 - 1940) ജീവചരിത്രം വിമർശനപരമായി രചിച്ച റോബർട്ട് സർവ്വീസ് എന്ന പണ്ഡിതചരിത്രകാരൻ ലെനിന്റെ ചരിത്രപരമായ സംഭാവനകൾ അടിവരയിട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നേരത്തേ ചൂണ്ടിക്കാട്ടിയവയ്ക്കു പുറമേ, എൻ.ഇ.പി എന്ന പുത്തൻ സാമ്പത്തിക നയവും (1921 - 1928) ബ്രെസ്റ്റ് - ലിറ്റോവ്‌സ്ക്ക് കരാറും ബോൾഷെവിക്ക് വിപ്ളവത്തിന്റെ നിലനില്പിനും മുന്നോട്ടുപോക്കിനും അത്യന്താപേക്ഷിതമായിരുന്നു എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. റോബർട്ട് സർവീസിന്റെ മറ്റു ചില നിഗമനങ്ങളോട് വിയോജിപ്പുണ്ടെങ്കിലും മേൽ സൂചിപ്പിച്ച രണ്ടു വിഷയങ്ങളിലും അദ്ദേഹം ശരിയാണ്.

എന്നാൽ സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ പരീക്ഷണങ്ങളും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ നാം ഈ വിഷയം വീണ്ടും ഗൗരവപൂർവം ഇന്ന് പരിഗണിക്കേണ്ടതുണ്ട്. ചൂഷണവ്യവസ്ഥയിൽ നിന്ന് സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കും ഒരു നേർരേഖയിലൂടെ സഞ്ചരിക്കാൻ സാദ്ധ്യമല്ല. ഒട്ടേറെ നൂറ്റാണ്ടുകളിൽ പ്രവർത്തിച്ച് മികവു നേടിയ ഒരു സാമ്പത്തിക സാമൂഹിക വ്യവസ്ഥയാണ് മുതലാളിത്തം. അതിനുകീഴിൽ ഉത്‌പാദന ശക്തികൾ വളർന്നു വികസിച്ചതിനെപ്പറ്റി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽത്തന്നെ ഖണ്ഡികകൾ ഉണ്ട്. അതൊക്കെയാണെങ്കിലും മഹാഭൂരിപക്ഷത്തിനും ദുസ്സഹമായ ദുരിതം നൽകുന്ന മുതലാളിത്തമാണ് ശാസ്ത്ര സാങ്കേതിക വളർച്ച കൂടി ഉപയോഗിച്ച് അതിസമ്പന്നരെ സൃഷ്ടിക്കുകയും തുടർന്ന് അവരെ അതിഭയങ്കര സമ്പന്നരായി വളർത്തുകയും ചെയ്യുന്നത്. ചൂഷണ മുക്തമായ സാമ്പത്തിക - സാമൂഹിക സാംസ്ക്കാരിക വ്യവസ്ഥ കരുപ്പിടിപ്പിക്കുന്നതിൽ മുതലാളിത്ത വ്യവസ്ഥയുടെ ചില ഘടകങ്ങൾ ജനകീയ ഭരണക്രമത്തിന്റെ നിയന്ത്രണത്തിനു വിധേയമായി ഉപയോഗിക്കേണ്ടിവരും എന്നതാണ് റഷ്യൻ പാഠം.

മുതലാളിത്തം

തുടരുമ്പോൾ


ലെനിൻ തുടങ്ങിവച്ച ഈ സാഹസിക പരീക്ഷണം വ്യത്യസ്ത രൂപത്തിൽ ചൈനയിലും വിയറ്റ്‌നാമിലും ക്യൂബയിലും മറ്റും ഇന്ന് തുടരുന്നുണ്ട്. ലെനിന്റെ ചരമശതാബ്ദി ആചരിക്കുന്നതിന് മൂന്നു പതിറ്റാണ്ടിനു മുന്നേ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ ശിഥിലമാവുകയും കിഴക്കൻ യൂറോപ്പിലുൾപ്പെടെ പൂർണ മുതലാളിത്തം പുനഃസ്ഥാപിതമാവുകയും ചെയ്തു. അതിനു കാരണം നാം കൂടുതൽ ശ്രദ്ധാപൂർവം പഠിക്കേണ്ടതാണ്. 1992ൽ മദിരാശിയിൽ ചേർന്ന സി.പി.എം 14-ാം പാർട്ടി കോൺഗ്രസ് നടത്തിയ,​ ഇതുസംബന്ധിച്ച വിലയിരുത്തൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശാസ്‌ത്രീയ സോഷ്യലിസ്റ്റ് സമൂഹ നിർമ്മാണം, സർഗാത്മകമായി മുന്നോട്ടുകൊണ്ടുപോകുന്നതിലുണ്ടായ വീഴ്ചകളാണ് തിരിച്ചടിക്ക് മുഖ്യകാരണം എന്നാണ് ചുരുക്കത്തിൽ ഈ രേഖ ചൂണ്ടിക്കാട്ടുന്നത്.

മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ലെനിൻ മുന്നോട്ടുവച്ച കാഴ്ചപ്പാട് മുറുകെപ്പിടിക്കുന്നതിൽ പരാജയപ്പെട്ട കമ്മ്യൂണിസ്റ്റു പാർട്ടികളുടെ നേതൃത്വങ്ങൾക്ക്, അവിടെ ഉയർന്നുവന്ന പ്രതിസന്ധികളെ അതിജീവിക്കാനായില്ല എന്നതാണ് സത്യം. ലെനിൻ ചൂണ്ടിക്കാട്ടിയതുപോലെ മാർക്സിസത്തിന്റെ ശാസ്ത്രീയ അടിത്തറ മാത്രമാണ് മാർക്‌സും എംഗൽസും തയ്യാറാക്കിയത്. എല്ലാ ദിശയിലും അതിനെ നിരന്തരം വികസിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ രാജ്യത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LENIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.