അയോദ്ധ്യ : ശ്രീരാമക്ഷേത്രത്തിൽ നാളെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ അതുകാണാൻ രാമജന്മഭൂമി കേസിൽ എതിർകക്ഷിയായിരുന്ന ഇഖ്ബാൽ അൻസാരിയുമുണ്ടാകും. ഉദ്ഘാടനത്തിന് പോകാൻ വ്യക്തമായ കാരണങ്ങളുണ്ടെന്ന് ഇഖ്ബാൽ അൻസാരി കേരള കൗമുദിയോട് പറഞ്ഞു. അയോദ്ധ്യയിൽ ഹിന്ദു-മുസ്ലീം സമുദായത്തിൽപ്പെട്ടവർ ഏകോദര സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ്. ലോകം മുഴുവൻ വീക്ഷിക്കുന്ന ചടങ്ങാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യക്തിത്വങ്ങളും അയോദ്ധ്യയിലെത്തുന്നു. അതിലേക്കാണ് ക്ഷണം ലഭിച്ചതെന്നും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരും എതിർപ്പ് ഉന്നയിച്ചിട്ടില്ല. ഹിന്ദു - മുസ്ലീം ഭായി ഭായി ആണ്. തമ്മിലടിച്ചത് രാമനും രാവണനും തമ്മിലും, കൃഷ്ണനും കംസനും തമ്മിലുമാണ്. സുപ്രീംകോടതി വിധി അന്തിമമാണെന്നും കൂട്ടിച്ചേർത്തു.
കേസിന് പോയത്
ഒരേ റിക്ഷയിൽ
തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ ആദ്യ കക്ഷി ആയിരുന്ന ഹാഷിം അൻസാരിയുടെ പുത്രനാണ് ഇഖ്ബാൽ അൻസാരി. പിതാവ് ഹാഷിം അൻസാരിയും എതിർഭാഗം കക്ഷിയായ രാംചന്ദ്ര പരമഹംസനും ഒരേ റിക്ഷയിലാണ് കോടതിയിൽ കേസ് നടത്താൻ പോയിരുന്നത്. 2016 ജൂലായിൽ പിതാവ് 96ാം വയസിൽ മരിച്ചശേഷമാണ് ഇഖ്ബാലാണ് കേസ് നടത്തിയത്.
മോദിയെ കാണണം
പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമോ ഇല്ലയോ എന്നൊന്നും അറിയില്ല. കണ്ട് സംസാരിക്കാൻ സാധിച്ചാൽ സന്തോഷമെന്ന് ഇഖ്ബാൽ പ്രതികരിച്ചു. ഡിസംബർ 30ന് അയോദ്ധ്യയിൽ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രിക്ക് ഇദ്ദേഹം പുഷ്പവൃഷ്ടി നടത്തിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചു. ഇഖ്ബാലിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |