ടെൽ അവീവ്: നാസ ഉൾപ്പെടെ ലോകത്തെ എല്ലാ ബഹിരാകാശ ഏജൻസികളുടെയും ശ്രദ്ധ ഇപ്പോൾ ചന്ദ്രനും അപ്പുറത്തേക്കാണ്. അങ്ങ് ദൂരെ, ചൊവ്വ ഗ്രഹത്തിലേക്ക് മനുഷ്യനെയെത്തിക്കുക എന്ന സങ്കീർണമായ ദൗത്യം നേടുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിച്ചുവരികയാണ് ഇവർ. മനുഷ്യനെ ചൊവ്വയിലിറക്കാനുള്ള പദ്ധതികൾ നാസയുടെ അണിയറയിലൊരുങ്ങുന്നുണ്ട്.
അതേ സമയം, ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്ക് മുന്നോടിയായി ഭൂമിയിലെ ചില പ്രത്യേക ഇടത്ത് വച്ച് പരിശീലനം നൽകുന്നുണ്ട്. ചൊവ്വയിലേത് പോലുള്ള സാഹചര്യങ്ങളാണ് ഈ മേഖലകളുടെ പ്രത്യേകത. അത്തരത്തിൽ ഒന്നാണ് ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലെ മക്‌തെഷ് റാമോൺ പ്രദേശം.
ഡി - മാർസ് ( ഡിസേർട്ട് മാർസ് അനലോഗ് റാമോൺ സ്റ്റേഷൻ ) എന്ന പദ്ധതിക്ക് കീഴിൽ ഇസ്രയേലി സ്പേസ് ഏജൻസി ചൊവ്വ ഗ്രഹത്തിലെ അന്തരീക്ഷത്തിന് സമാനമായ ഒരു കൃത്രിമ ബേസ് ഇവിടെ സ്ഥാപിച്ചിരുന്നു. തെക്കൻ ഇസ്രയേലിലുള്ള നെഗേവ് മരുഭൂമിയിലെ 1,600 അടി ആഴവും 25 മൈൽ വീതിയുമുള്ള ഭീമൻ ഗർത്തത്തെയാണ് ചൊവ്വയ്ക്ക് സമാനമായ പ്രദേശമാക്കി മാറ്റിയിരിക്കുന്നത്. ബഹിരാകാശ സഞ്ചാരികളുടേത് പോലുള്ള സ്പേസ് സ്യൂട്ടുകൾ ധരിച്ച ഏതാനും മനുഷ്യർ സമീപ കാലങ്ങളിൽ ഇവിടെ ഗവേഷണങ്ങൾ നടത്തിയിരുന്നു. ചൊവ്വയിലിറങ്ങുമ്പോൾ എങ്ങനെയിരിക്കും, ചൊവ്വയിൽ എത്തിയാൽ ചെയ്യേണ്ട ഗവേഷണങ്ങൾ തുടങ്ങിയവയാണ് ഈ മേഖലയിൽ ഗവേഷകരുടെ നേതൃത്വത്തിൽ നടന്നത്.
ജി.പി.എസ് രഹിത ഡ്രോൺ പ്രോട്ടോടൈപ്പ്, ഓട്ടോമേറ്റഡ് മാപ്പിംഗ് വെഹിക്കിളുകൾ, ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയ ഇവിടെ ഇസ്രയേലിന് പുറമേ ഓസ്ട്രിയ, ജർമ്മനി, നെതർലൻഡ്സ്, പോർച്ചുഗൽ, സ്പെയ്‌ൻ തുടങ്ങിയ രാജ്യങ്ങളും സഹകരിച്ചിരുന്നു. 2018ലാണ് ഡി - മാർസ് പരീക്ഷണങ്ങൾ ആരംഭിച്ചത്. 2021ലാണ് അവസാനമായി ഒരു ഗവേഷണ പദ്ധതി ഇവിടെ നടത്തിയത്. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ പദ്ധതികൾ നിലവിൽ സ്തംഭിച്ചിരിക്കുകയാണ്.
1940കളുടെ അവസാനം മുതൽ തന്നെ ചൊവ്വയിൽ മനുഷ്യനെയെത്തിക്കുക എന്നത് ശാസ്ത്രലോകത്തിന്റെ സ്വപ്‌നങ്ങളിലൊന്നാണ്. ആളില്ലാ പേടകങ്ങൾ ഇറങ്ങിയെങ്കിലും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമായിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |