പ്രഖ്യാപനത്തിനു മുൻപേ ഇതുപോലെ ആവേശവും വെല്ലുവിളികളും പ്രചാരണവുമുണ്ടായ മറ്റൊരു തിരഞ്ഞെടുപ്പ് കാലം തൃശൂരിലുണ്ടായിട്ടില്ല. പ്രധാനമന്ത്രി രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടം ജില്ലയിലെത്തിയതിനു പിന്നാലെ ടി.എൻ. പ്രതാപൻ എം.പിയെ ജയിപ്പിക്കണമെന്ന് പലയിടങ്ങളിലും ചുവരെഴുത്ത്, മനുഷ്യച്ചങ്ങല അടക്കമുള്ള സമരങ്ങളും പ്രതിഷേധങ്ങളും അടിത്തട്ടിലെ പ്രവർത്തനങ്ങളും ശക്തമാക്കുന്ന ഇടതുപക്ഷം... തൃശൂർ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാകുമ്പോൾ അണികളിൽ ആവേശം അണപൊട്ടുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രതാപനും തൃശൂരിന്റെ ആവേശത്തെ എടുത്തു പറഞ്ഞു. അതുകൊണ്ടാണ് ഈ ചുവരെഴുത്തുകളെന്നാണ് അവരുടെ വ്യാഖ്യാനം. പലയിടത്തും ചുവരെഴുത്തുകൾ മായ്പിച്ചു. വീണ്ടും അത് ചുവരിൽ പതിഞ്ഞു. മോദി വീണ്ടും തൃശൂരിൽ വരണമെന്നും തൃശൂർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണെന്നും പ്രതാപൻ പറഞ്ഞതുകൂടി ചേർത്തുവായിക്കുമ്പോൾ, കോൺഗ്രസ് ചിലതെല്ലാം കണക്കുകൂട്ടിയിട്ടുണ്ടെന്ന് വ്യക്തം. മോദി തൃശൂരിൽ മത്സരിക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി വെല്ലുവിളിച്ചിരുന്നു.
ഫെബ്രുവരി നാലിന് തൃശൂരിലെ മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു പിന്നാലെ കോൺഗ്രസിന്റെ ഭൂരിഭാഗം ദേശീയ നേതാക്കളും പ്രചാരണത്തിന് മണ്ഡലത്തിലെത്തിയേക്കുമെന്നാണ് വിവരം. അതേസമയം കേന്ദ്രമന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുളള നേതാക്കൾ എൻ.ഡി.എയ്ക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ഏതാണ്ട് ഉറപ്പായി. സി.പി.എം, സി.പി.ഐ ദേശീയ നേതാക്കളുടെ വൻ നിര കൂടി എൽ.ഡി.എഫിന്റെ പ്രചാരണത്തിന് എത്തുമ്പോൾ കേരളത്തിൽ ഏറ്റവും വലിയ പ്രചാരണം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് തൃശൂരാകും.
സ്ഥാനാർത്ഥികൾ മാറുമോ?
മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികൾ ഉറപ്പിച്ച തരത്തിലുളള പ്രചാരണമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉണ്ടായത്. ടി.എൻ.പ്രതാപനും സുരേഷ് ഗോപിയും വി.എസ്. സുനിൽകുമാറും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞു. പക്ഷേ, പ്രതാപൻ മാറുമെന്ന അഭ്യൂഹവും ഒരു വേള പ്രചരിച്ചു. തൃശൂരും ആലത്തൂരും ചാലക്കുടിയിലുമെല്ലാം സിറ്റിംഗ് എം.പിമാർ വീണ്ടും മത്സരിക്കുന്നതിൽ എതിർപ്പ് ഉയരില്ലെന്നും സ്ഥാനാർത്ഥി നിർണയം തലവേദനയാകില്ലെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ്‌ഗോപി ഉറപ്പിച്ചെങ്കിലും ചാലക്കുടിയിലും ആലത്തൂരും സ്ഥാനാർത്ഥി നിർണയത്തിന് എൻ.ഡി.എയിൽ കൂടുതൽ ചർച്ചകൾ വേണ്ടിവന്നേക്കും. ഘടകകക്ഷികൾ അവകാശവാദം ഉന്നയിച്ചതോടെ, പാർലമെന്റെ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാൻ എൻ.ഡി.എ സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു. എൽ.ഡി.എഫിൽ സി.പി.ഐയിലെ വി.എസ്. സുനിൽകുമാറിന്റെ പേര് തൃശൂരിൽ പ്രചരിക്കുന്നതിനിടെ, തൃശൂരോ ചാലക്കുടിയോ വേണമെന്ന ആവശ്യം എൻ.സി.പിയിൽ ഉയർത്തുന്നതായും സൂചനയുണ്ട്.
എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുൻപ് തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോക്‌സഭയിലെത്തിയത്. തൃശൂരിനേക്കാൾ ചാലക്കുടിയിൽ ജയസാദ്ധ്യതയുണ്ടെന്നാണ് എൻ.സി.പി നേതാക്കൾ കരുതുന്നത്. ആലത്തൂരിൽ എ.കെ. ബാലനാണ് സാദ്ധ്യതാപട്ടികയിൽ മുന്നിൽ.
ചർച്ചകളും കടുക്കും
തൃശൂരിൽ കോൺഗ്രസിന്റെ മഹാസമ്മേളനത്തിന് പിന്നാലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കും. ബൂത്ത് ഭാരവാഹികളെ കോർത്തിണക്കി മുന്നിലെത്താനാണ് സമ്മേളനത്തിലൂടെ ശ്രമിക്കുന്നത്. മണ്ഡലം കമ്മിറ്റി മുതൽ എ.ഐ.സി.സി തലം വരെയുള്ള നേതാക്കളെയും ഒന്നിപ്പിക്കും. അതേസമയം, ഫെബ്രുവരി 24ന് ബൂത്ത് സമ്മേളനത്തോടെ അടിത്തട്ട് കരുത്തുറ്റതാക്കാൻ കഴിയുമെന്ന് എൻ.ഡി.എ നേതൃത്വം കരുതുന്നു. തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് കൃത്യമായ ആസൂത്രണത്തോടെയും പ്രചാരണരീതികളിലൂടെയും പെട്ടെന്ന് കളംപിടിക്കാനാണ് ഇടതുനേതൃത്വത്തിന്റെ മുന്നൊരുക്കം.
അതിനിടെ, തിരഞ്ഞെടുപ്പിന്റെ അലയൊലിയായി സി.പി.ഐയുടെ വി.എസ്. സുനിൽകുമാറിന് വേണ്ടി സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രചാരണം, 2016ൽ തൃശൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സമയത്ത് വി.എസ്. സുനിൽകുമാറിന് വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി പോസ്റ്റ് ചെയ്തതാണിതെന്ന് സി.പി.ഐ വിശദീകരിച്ചു. അന്ന് സുനിൽകുമാർ തന്റെ ഫേസ് ബുക്കിൽ ഇത് പോസ്റ്റ് ചെയ്തിരുന്നു.
'നാടിന് വേണ്ടി... നന്മയ്ക്ക് ഒരു വോട്ട്... അർഹതയ്ക്ക് ഒരു വോട്ട്... സുനിലേട്ടന് ഒരു വോട്ട്...' എന്ന പോസ്റ്റർ തൃശൂരിലെ വിദ്യാർത്ഥികൾ എന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
ബോധപൂർവം വ്യാജപ്രചാരണം നടത്തുകയാണന്നും സി.പി.ഐ നേതൃത്വം പറയുന്നു.
ബി.ജെ.പിയുടെ സുരേഷ് ഗോപിക്കുവേണ്ടിയുള്ള പ്രചാരണമാണ് ആദ്യം വന്നതെങ്കിലും പിന്നാലെ സിറ്റിംഗ് എം.പി കൂടിയായ ടി.എൻ. പ്രതാപന് വേണ്ടിയും ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. 'പ്രതാപൻ തുടരും പ്രതാപത്തോടെ' എന്നാണ് കഴിഞ്ഞ ദിവസം ചൂണ്ടലിൽ ചുവരെഴുത്ത് കണ്ടത്. ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രവർത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്നായിരുന്നു പ്രതാപന്റെ പ്രതികരണമെങ്കിലും ഡി.സി.സിയ്ക്ക് ഇത്തരം പ്രചാരണത്തോട് എതിർപ്പുണ്ട്. പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പ്രതാപൻ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി ചുമരെഴുത്തിന് പുറമേ ഓട്ടോറിക്ഷകളിൽ ചതിക്കില്ലെന്ന് ഉറപ്പാണ് എന്ന സ്റ്റിക്കറുകളും പതിച്ചിരുന്നു.
മോദിയുടെ ഗ്യാരന്റി കിട്ടുമോ?
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗുരുവായൂരിന്റെ വികസനത്തിന് അടക്കം തിരഞ്ഞെടുപ്പ് വാഗ്ദാനമായി 'മോദി ഗ്യാരന്റി' യുണ്ടാകുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് ബി.ജെ.പി അനുഭാവികൾ. ആദ്ധ്യാത്മിക ടൂറിസത്തിന് പ്രാധാന്യം നൽകി ഗുരുവായൂരിനായി പുതിയ പദ്ധതികളുണ്ടാകുമെന്നാണ് അവർ കരുതുന്നത്. രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിന്റെ വികസനം കൂടി ലക്ഷ്യമിട്ട്, തീർത്ഥാടന നഗരങ്ങളുടെ വികസനത്തിനായി 2015 ൽ ആരംഭിച്ച പ്രസാദ് പദ്ധതിയിൽ ക്ഷേത്രത്തെയും ഉൾപ്പെടുത്തിയിരുന്നു.
റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമായെങ്കിലും, റെയിൽവേ വികസനം പരിഗണിക്കപ്പെട്ടിട്ടില്ല. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിൽ തുക നീക്കിവച്ചിട്ടുണ്ട്. തൃശൂർ - ഗുരുവായൂർ രണ്ടാം ലൈനും, ഗുരുവായൂർ - തിരുനാവായ ലൈനും പതിറ്റാണ്ടുകളായി സ്വപ്നമായി ശേഷിക്കുകയാണ്. ഇത് സാദ്ധ്യമായാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എളുപ്പത്തിൽ തീർത്ഥാടകർക്ക് ട്രെയിനിലെത്താം. ദക്ഷിണേന്ത്യയിൽ നിന്ന് പ്രസാദ് പദ്ധതിയിൽ ആദ്യം ഉൾപ്പെട്ട നഗരമാണ് ഗുരുവായൂർ. ഇതിന്റെ രണ്ടാം ഘട്ടത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമെന്നാണ് കരുതുന്നത്. 2019ൽ ഗുരുവായൂരിലെത്തിയപ്പോൾ, ക്ഷേത്രത്തിന്റെ വികസനത്തിന് 450 കോടിയുടെ പദ്ധതി ഗുരുവായൂർ ദേവസ്വം ഭരണ സമിതി സമർപ്പിച്ചിരുന്നു. ഭക്തരുടെ തിരക്ക് അനുദിനം കൂടിവരുന്ന സാഹചര്യത്തിൽ ഗുരുവായൂരിന്റെ ആവശ്യങ്ങളേറെയുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെത്തിയപ്പോൾ പത്രസമ്മേളനം നടത്തിയാണ് മടങ്ങിയത്. അന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ വികസന പദ്ധതികൾ ചർച്ച ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |