തിരുവനന്തപുരം:ലോക് സഭാ തിരഞ്ഞെടുപ്പിൽ പുതിയ വോട്ടുകൾ ലക്ഷ്യമിട്ട് രാഷ്ട്രീയപ്പാർട്ടികൾ തന്ത്രങ്ങൾ മെനയുന്നു. പുതുക്കിയ വോട്ടർ പട്ടികപ്രകാരം 5.74 പേർ ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നവരാണ്. രാഷ്ട്രീയ പാർട്ടികൾ മുൻകൈയെടുത്ത് പേരുചേർത്തവാേട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കുന്നതുവരെ പിന്നാലെ ഉണ്ടാകും. ഇതിനുപുറമേ, ബൂത്ത് അടിസ്ഥാനത്തിൽ പുതിയ വോട്ടർമാരെ നേരത്തേ സമീപിച്ച് അടുപ്പം സ്ഥാപിക്കും. വ്യക്തിപരമായാണ് ഇത്തരം നീക്കങ്ങൾ.
ഇതിനുപുറമേ, സോഷ്യൽ മീഡിയയിലൂടെ യുവജനങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള പ്രചാരണം ശക്തമാക്കും. ഇതിനായി പോസ്റ്റർ മുതൽ വീഡിയോകൾ വരെ ഉപയോഗിക്കും. ഇവ ഒരോരുത്തരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. പാർട്ടികളുടെ പ്രത്യേക കൂട്ടായ്മകൾ രൂപീകരിച്ച് പുതിയ വോട്ടർമാരെ ചേർക്കാനുള്ള പ്രവർത്തനങ്ങളും സജീവമാക്കും.
വ്യക്തികളെ നോക്കിയും ജനപ്രതിനിധികളുടെ പ്രവർത്തനവും ഇടപെടലും വിലയിരുത്തിയുമാണ് പാർട്ടികളോട് മമതയില്ലാത്ത യുവജനങ്ങൾ പലപ്പോഴും വോട്ട് രേഖപ്പെടുത്തുന്നത്. അവരെ കണ്ടെത്തി ഒപ്പം നിർത്താനുള്ള തന്ത്രവും പയറ്റും.
സി.പി.എം പുതിയ സമ്മതിദായകരെ കണ്ടെത്തി വോട്ടുകൾ ചേർക്കുന്നതിൽ മുൻപന്തിയിലാണ്. ഇത്തവണ വോട്ടുവിഹിതം വർദ്ധിപ്പിച്ച് അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ചില ജില്ലകളിൽ കോൺഗ്രസും ബൂത്ത് തലത്തിൽ പ്രവർത്തനം ചിട്ടയായി നടത്തുന്നുണ്ട്.
പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്ന വാഗ്ദാനങ്ങളും യുവവോട്ടർമാർ ശ്രദ്ധിക്കുന്നതിനാൽ അവരിൽ നിന്നു തന്നെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പത്രികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |