SignIn
Kerala Kaumudi Online
Sunday, 01 September 2024 7.47 AM IST

കാറ്റ് കനക്കും,​ ചൂട് കൂടും

Increase Font Size Decrease Font Size Print Page
xd

കരിമ്പനകൾ കഥപറയുന്ന, കൃഷിയും രാഷ്ട്രീയവും ചേർത്ത് കോട്ടകെട്ടിയ ലോക്‌സഭാ മണ്ഡലം. കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പാലക്കാട് ലോ‌ക്‌സഭാ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളും ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതിയ ചരിത്രമാണുള്ളത്. മണ്ണാർക്കാടും പാലക്കാടും മാത്രമാണ് കഴിഞ്ഞതവണ യു.ഡി.എഫിനെ തുണച്ചത്. നീണ്ട കാൽ നൂറ്റാണ്ടിനു ശേഷം വി.കെ.ശ്രീകണ്ഠനിലൂടെ തിരിച്ചുപിടിച്ച മണ്ഡലം നിലനിറുത്താൻ യു.ഡി.എഫും,​ സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ണിൽ നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ ഇടതുപക്ഷവും കച്ചക്കെട്ടുമ്പോൾ ഇത്തവണത്തെ പൊടിപാറും. സംസ്ഥാനത്തെ എ പ്ലസ് മണ്ഡലമായി പാർട്ടി പരിഗണിക്കുന്ന പാലക്കാട് വിജയിച്ചുകയറാൻ ബി.ജെ.പിയും തയ്യാറെടുക്കുമ്പോൾചൂടിന് കാഠിന്യം കൂടും.

പാലക്കാട് പിടിച്ചെടുക്കാൻ മണ്ഡലത്തിന്റെ പൾസ് അറിയുന്ന യുവരക്തത്തെ പരീക്ഷിക്കാനാണ് സി.പി.എമ്മിൽ സാദ്ധ്യതയേറെ. എം.സ്വരാജിന്റെ പേര് ആദ്യഘട്ടത്തിൽ ചർച്ചയിലുണ്ടായിരുന്നെങ്കിലും,​ ജില്ലയിൽ നിന്നുള്ള ഒരാളെ മത്സരിപ്പിക്കണമെന്ന് പൊതുവികാരം വന്നതോടെ മുണ്ടൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം പി.എ. ഗോകുൽദാസിന്റെ പേരിന് മുൻതൂക്കം കിട്ടി. ജില്ലാ പഞ്ചായത്ത് മുൻ അംഗം നിഥിൻ കണിച്ചേരിയുടെ പേരാണ് പരിഗണനയിലുള്ള മറ്റൊന്ന്.

മുൻകാല വി.എസ്. പക്ഷക്കാരനായ പി.എ ഗോകുൽദാസ് ഒരുകാലത്ത് വിമത പ്രവർത്തനം നടത്തി പാർട്ടിവിട്ടയാളാണ്. ഇത് അദ്ദേഹത്തിന് തിരിച്ചടിയാകാൻ ഇടയുണ്ട്. പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് വിമർശമാനമായി ഇത് ഉന്നയിക്കപ്പെട്ടേക്കാം. പാർട്ടിയിൽ താരതമ്യേന ജൂനിയറാണ് എന്നതാണ് നിഥിൻ കണിച്ചേരിക്ക് തിരിച്ചടിയാകുന്നത്. സി.പി.എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. എം. സ്വരാജിനെ ഉൾപ്പെടെയുള്ളവരെ പാർട്ടി പരിഗണിച്ചാലും അദ്ഭുതപ്പെടാനില്ല.

23 വർഷത്തിനു ശേഷം പാലക്കാട് പിടിച്ചെടുത്ത വി.കെ.ശ്രീകണ്ഠൻ തന്നെയാവും കോൺഗ്രസിന്റെ ഫസ്റ്റ് ചോയ്സ്. എം.പി എന്ന നിലയിലുള്ള ശ്രീകണ്ഠന്റെ പ്രവർത്തനത്തിൽ ജില്ലാ നേതൃത്വം തൃപ്തരാണ്. പക്ഷേ,​ അടുത്തിടെ ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയിൽ പങ്കെടുത്ത,​ പാർട്ടിയുടെ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായ സുനിൽ കനഗോലു,​ പാലക്കാട്ടും ആലത്തൂരും യു.ഡി.എഫ് പിന്നിലാകുമെന്ന് മുറന്നിയിപ്പു നൽകിയെന്നാണ് വിവരം. മണ്ഡലങ്ങളിൽ സജീവമാകാൻ എം.പിമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയ്ക്കുള്ള പ്രവർത്തനവും എം.പി എന്ന നിലയിലുള്ള പ്രവർത്തനവും പരിഗണിച്ചാൽ വീണ്ടുമൊരു അവസരം അദ്ദേഹത്തിനു ലഭിച്ചേക്കും. മറ്റൊരു പേരും തത്കാലം ചർച്ചകളിലില്ല.

ബി.ജെ.പി തങ്ങളുടെ എ പ്ലസ് മണ്ഡലമായി പാലക്കാടിനെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വോട്ട് വിഹിതത്തിലുണ്ടായ ക്രമമായ വളർച്ചയാണ് കാരണം. നഗരസഭ,​ മലമ്പുഴ,​ കോങ്ങാട്,​ ഷൊർണൂർ,​ ഒറ്റപ്പാലം മണ്ഡലങ്ങളിൽ ഉൾപ്പെടെ വലിയ സ്വാധീനമുണ്ട് ബി.ജെ.പിക്ക്. ഇത് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രകടമായിരുന്നു. ഈ വോട്ട് വിഹിതത്തിലാണ് അവരുടെ ശുഭപ്രതീക്ഷകളെല്ലാം. കഴിഞ്ഞ തവണ മത്സരിച്ച പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ തന്നെയാവും ഇത്തവണയും അങ്കത്തിനിറങ്ങുക. സിനിമാനടൻ ഉണ്ണി മുകന്ദനെ കളത്തിലിറക്കി മണ്ഡലം പിടിക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും തുടർ ചർച്ചകൾ ഉണ്ടായില്ല.

1957 മുതൽ തുടങ്ങുന്നു പാലക്കാടിന്റെ ലോക്‌സഭാ ചരിത്രം. ഇതുവരെ അ‌ഞ്ചുതവണ മാത്രമാണ് കോൺഗ്രസ് ജയിച്ചത്- 1977ൽ സുന്നാ സാഹിബും 1980,1984, 1991 വർഷങ്ങളിൽ വി.എസ് വിജയരാഘവനും 2019ൽ വി.കെ.ശ്രീകണ്ഠനുമാണ് കോൺഗ്രസിനു വിജയം സമ്മാനിച്ചത്. 1957-ൽ സി.പി.ഐയുടെ പി.കെ. കുഞ്ഞനിലൂടെയായിരുന്നു ഇടത്തുപക്ഷത്തിന് ആദ്യജയം. 62ലും പി.കെ.കുഞ്ഞനിലൂടെ ഇടതുവിജയം ആവർത്തിച്ചു. എ.കെ.ഗോപാലനും ഇ.കെ നായനാരും വൻ ഭൂരിപക്ഷത്തിനാണ് പാലക്കാടു നിന്ന് വിജയിച്ചത്. എ.വിജയരാഘവനും പാലക്കാട്ടു നിന്ന് ലോക്‌സഭയിലെത്തിയിരുന്നു.

1996,1998,1999, 2004 വർഷങ്ങളിൽ എൻ.എൻ. കൃഷ്ണദാസാണ് സി.പി.എമ്മിനു വേണ്ടി മണ്ഡലം പിടിച്ചത്. 2009-ൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺഗ്രസിന്റെ സതീശൻ പാച്ചേനിയെ 1820 വോട്ടിനാണ് എൽ.ഡി.എഫിലെ എം.ബി. രാജേഷ് പരാജയപ്പെടുത്തിയത്. 2014ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സോഷ്യലിസ്റ്റ് ജനതാ നേതാവ് എം.പി. വീരേന്ദ്രകുമാറിനെ ഒരുലക്ഷത്തിലധികം വോട്ടുകൾക്കാണ് എം.ബി.രാജേഷ് പരാജയപ്പെടുത്തിയത്. അടുത്ത തിരഞ്ഞെുപ്പിൽ രാജേഷിന് കാലിടറി. വി.കെ.ശ്രീണകണ്ഠനിലൂടെ മണ്ഡലം വലതുപക്ഷത്തേക്ക്.

2019-ലെ വോട്ട്

വി.കെ.ശ്രീകണ്ഠൻ (കോൺ.) 3,99,274
എം.ബി.രാജേഷ് (സി.പി.എം) 3,87,637
സി. കൃഷ്ണകുമാർ (ബി.ജെ.പി) 2,18,556

വീണ്ടും

വിജയിക്കും

ശ്രീകണ്ഠന്റെ വിജയം ആവർത്തിക്കും. എം.പി ഫണ്ട് വിനിയോഗത്തിലും കൊവിഡ് കാലത്ത് എം.പി നടത്തിയ ഇടപെടലുകളും മാതൃകാപരമാണ്. റെയിൽവേ, ഗ്രീൻഫീൽഡ് ഹൈവേ, വ്യവസായ ഇടനാഴി അടക്കം പശ്ചാത്തല സൗകര്യ വികസനത്തിലെ ഇടപെടലുകളിൽ ജനങ്ങൾ സംതൃപ്തരാണ്.

- എ.തങ്കപ്പൻ

ഡി.സി.സി പ്രസിഡന്റ്

ജനം തെറ്ര്

തിരുത്തും

പ്രത്യേക സാചര്യത്തിൽ,​ അബദ്ധത്തിൽ ജയിച്ചയാളാണ് ശ്രീകണ്ഠൻ. ആ തെറ്റ് ജനം തിരുത്തും. കോച്ച് ഫാക്ടറി, ബെമൽ സ്വകാര്യവത്കരണ നീക്കം, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെട്ടില്ല. 17 കോടിയുടെ എം.പി ഫണ്ടിൽ എത്ര രൂപ വിനിയോഗിച്ചു?​ അട്ടപ്പാടിക്ക് എന്തു നൽകി?​

- ഇ.എൻ. സുരേഷ് ബാബു

സി.പി.എം ജില്ലാ സെക്രട്ടറി

പദ്ധതി

ഏതുണ്ട്?​

ശ്രീകണ്ഠൻ സമ്പൂർണ പരാജയമായിരുന്നു. കേന്ദ്ര പദ്ധതികളുണ്ടെങ്കിലും കാർഷിക, ആരോഗ്യ മേഖലയിലെ പ്രശ്ന പരിഹാരത്തിന് എം,​പി ഒരു ഇടപെടലും നടത്തിയിട്ടില്ല. സ്വന്തമായ ഏതെങ്കിലുമൊരു ബൃഹദ് പദ്ധതി അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ടാവില്ല.

- കെ.എം. ഹരിദാസ്

ബി.ജെ.പി ജില്ലാ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VOTE BANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.