ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ തുടർച്ചയായി സമൻസുകൾ അവഗണിക്കുന്നതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഡൽഹി റോസ് അവന്യുകോടതിയെ സമീപിച്ചു. ഇന്നലെ ഇഡിയുടെ വാദം കേട്ട കോടതി കേസ് ഫെബ്രുവരി ഏഴിന് മാറ്റി. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അഞ്ചാം സമൻസിനോടും പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇഡി നടപടി. കേജ്‌രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിച്ചു.
അതിനിടെ, ഏഴ് ആംആദ്‌മി എം.എൽ.എമാരെ വലവീശാൻ ബി.ജെ.പി 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിന്റെ പേരിൽ കേജ്‌രിവാളിന് ഡൽഹി ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു.ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ, ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി, പാർട്ടി എം.പി മനോജ് തിവാരി അടക്കം നേതാക്കൾ പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയ്‌ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. 21 ആംആദ്‌മി എം.എൽ.എമാരുമായി ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയെന്നും പാർട്ടി വിടാൻ 25 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്നുമാണ് കേജ്‌രിവാളിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |