വാഷിംഗ്ടൺ: ജോർദ്ദാനിൽ യു.എസ് സൈനിക ബേസിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകി യു.എസ്.ഇറാക്കിലും സിറിയയിലും ഇറാൻ ബന്ധമുള്ള കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു. ഇറാക്കിൽ 16ഉം സിറിയയിൽ 23ഉം പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.30നായിരുന്നു ആക്രമണം. സിറിയയിൽ നാലിടത്തും ഇറാക്കിൽ മൂന്നിടത്തും ആക്രമണം നടത്തി. 30 മിനിറ്റിനുള്ളിൽ 85ലേറെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശ പ്രകാരമാണ് തിരിച്ചടിച്ചത്.
ഇറാൻ റെവലൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സ്, പ്രാദേശിക സായുധ ഗ്രൂപ്പുകൾ എന്നിവരുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും ആയുധ സംഭരണ കേന്ദ്രങ്ങളും യു.എസിന്റെ റോക്ക്‌വെൽ ബി - 1 ലാൻസർ വിമാനങ്ങളും ഡ്രോണുകളും ബോംബിട്ട് തകർത്തു. ആക്രമണങ്ങൾ കടുപ്പിക്കാനാണ് സാദ്ധ്യത. റെവലൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടോ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സിറിയൻ, ഇറാക്ക് ഭരണകൂടങ്ങൾ യു.എസിനെതിരെ രംഗത്തെത്തി. യു.എസ് അംബാസഡറെ ഇറാക്ക് വിളിച്ചുവരുത്തി പ്രതിഷേധിച്ചു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുണ്ടെന്നും നാശനഷ്ടമുണ്ടെന്നും പ്രതികരിച്ചു. ഐസിസ് വ്യാപനം തടയാൻ യു.എസ് സിറിയയിലും ഇറാക്കിലും വിന്യസിച്ചിട്ടുള്ള സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാക്ക് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ജനുവരി 28ന് വടക്കുകിഴക്കൻ ജോർദ്ദാനിൽ യു.എസ് സൈനിക ബേസിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയുള്ള ഇറാക്കിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പായിരുന്നു പിന്നിൽ. പങ്കില്ലെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും നിഴൽ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാൻ പരോക്ഷ യുദ്ധം ചെയ്യുകയാണെന്നാണ് യു.എസ് വാദം. ഗാസ യുദ്ധമാരംഭിച്ച ശേഷം ഇറാക്ക്, സിറിയ, ജോർദ്ദാൻ, യെമൻ എന്നിവിടങ്ങളിലായി 150ലേറെ തവണ ഇറാന്റെ നിഴൽ ഗ്രൂപ്പുകൾ യു.എസ് സൈനികരെ ആക്രമിച്ചു. ഹമാസിനെതിരെ ഇസ്രയേലിന് യു.എസ് നൽകുന്ന പിന്തുണയാണ് പ്രശ്‌നം.
സിറിയയുടെ ഭാഗങ്ങൾ അമേരിക്കൻ സൈന്യം കൈവശപ്പെടുത്തുന്നത് തുടരാനാവില്ല.
- സിറിയൻ പ്രതിരോധ മന്ത്രാലയം
ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ലംഘനമാണ്. ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും
- ഇറാക്ക്
അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ, ഞങ്ങൾ തിരിച്ചടിച്ചിരിക്കും
- ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |