തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടാൻ ലക്ഷ്യമിട്ട് മെഡിക്കൽ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ അരഡസനോളം ഹബുകൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.
ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങൾ സ്ഥാപിച്ച് കേരളത്തെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബായി മാറ്റുമെന്നതാണ് അതിലൊന്ന്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടന മാറ്റുന്നതടക്കം സമഗ്ര പരിഷ്കാരങ്ങളോടെ മികവിന്റെ ഉയർന്ന നിലവാരം കൈവരിക്കും. പ്രവാസികളായ അക്കാഡമിക് വിദഗ്ദ്ധരെ ഉൾപ്പെടുത്തി ദൗത്യസംഘമുണ്ടാക്കും. യൂറോപ്പ്, അമേരിക്ക, ഗൾഫ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ കോൺക്ലേവ് നടത്തും. ആഗസ്റ്രിൽ സംസ്ഥാനത്തും കോൺക്ലേവുണ്ടാവും. ഉന്നതവിദ്യാഭ്യാസ നിക്ഷേപനയം രൂപീകരിക്കും. ദേശീയ, വിദേശ സ്ഥാപനങ്ങളുമായി ചേർന്ന് അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളുണ്ടാക്കും.
ഗവേഷണ സ്ഥാപനങ്ങളും കമ്പനികളുമായി ചേർന്ന് കേരളത്തെ റോബോട്ടിക്സ് ഹബാക്കി മാറ്റാനുള്ള കർമ്മപദ്ധതിയും തയ്യാറാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബുമാക്കും. ജൂലായിൽ ഐ.ബി.എമ്മുമായി ചേർന്ന് അന്താരാഷ്ട്ര എ.ഐ കോൺക്ലേവ് നടത്തും. മെച്ചപ്പെട്ട തൊഴിലവസരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി കേരളത്തെ ഐ.ടി ഹബാക്കും. 504.17 കോടിയാണ് ഐ.ടിക്കുള്ള വിഹിതം. വിദേശികളെയടക്കം ചികിത്സിക്കാനുള്ള മെഡിക്കൽ ഹബാക്കിയും കേരളത്തെ മാറ്റും. സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദേശികൾക്ക് പ്രത്യേക സൗകര്യമൊരുക്കും.
ജനസംഖ്യയുടെ 20ശതമാനം അറുപത് വയസിനുമേൽ പ്രായമുള്ളവരാണ്. തൊഴിലിനും പഠനത്തിനുമായി യുവാക്കൾ വിദേശത്തേക്ക് കുടിയേറുന്നതു കാരണം പ്രായമായവരെ സംരക്ഷിക്കാനാവുന്നില്ല. മുതിർന്ന പൗരന്മാർക്കും മറ്റുള്ളവരുടെ തുണ വേണ്ടവർക്കും സന്തോഷമായും ആരോഗ്യത്തോടെയും കഴിയാൻ കെയർസെന്ററുകൾ സ്ഥാപിക്കും.
വികസന ഹബ്
ടൗൺഷിപ്പുകൾ, റസിഡൻഷ്യൽ ഏരിയകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണ ശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുൾപ്പെട്ട വിപുലവും സമഗ്രവുമായ ഹബായി കേരളത്തെ മാറ്റും.
കെയർഹബ്
ലോകത്തിന്റെ പല ഭാഗത്തുള്ളവർ വിശ്രമജീവിതത്തിനും പരിചരണത്തിനുമായി എത്തുന്ന കെയർ ഹബായി കേരളത്തെ മാറ്റും. സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |