തിരുവനന്തപുരം: നീന്തൽ പരിശീലനം നടത്തുന്ന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം. കുശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്.
ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തൽ പരിശീലനം നടത്തുന്ന കുളത്തിന്റെ മതിൽ ചാടികടന്നാണ് കുട്ടികൾ അകത്തുകടന്നത്. ഏഴ് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ രണ്ടുപേർ മുങ്ങിത്താഴുന്നതുകണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റിൽ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തി കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസവും രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനമുള്ളത്. ഇതിനായി പരിശീലകരെയും പഞ്ചായത്ത് അധികൃതർ നിയമിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |