
കൊച്ചി: ടൂറിസത്തിന് സംസ്ഥാന ബഡ്‌ജറ്റിൽ പ്രാധാന്യം ലഭിച്ചെങ്കിലും ഏറെ വിദേശനാണ്യം നേടിത്തരുന്ന ആയുർവേദ മേഖലയ്ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് സംരംഭകർ. വിദേശ സാദ്ധ്യതകൾ ഉപയോഗിക്കാനും ആഭ്യന്തരമായ മത്സരം നേരിടാനും കൂടുതൽ ഇടപെടൽ വേണമെന്നാണ് ആവശ്യം.
ടൂറിസത്തിൽ നിർണായകപങ്ക് വഹിക്കുന്ന ആയുർവേദത്തിന്റെ വളർച്ചയ്ക്കും പ്രചാരണത്തിനും ബഡ്ജറ്റിൽ പദ്ധതികളില്ല. ടൂറിസം വഴിയുള്ള വിദേശനാണ്യ വരുമാനത്തിൽ 60 ശതമാനവും ആയുർവേദ, വെൽനസ് സഞ്ചാരികൾ വഴിയാണ്.
സാധാരണ സഞ്ചാരികൾ നാലോ അഞ്ചോ ദിവസം തങ്ങുമ്പോൾ ആയുർവേദ ചികിത്സയ്ക്കെത്തുന്നവർ 14 മുതൽ 21 വരെ ദിവസം താമസിക്കും. സമ്പന്നരാജ്യങ്ങളിൽ നിന്നുള്ളവർ വൻതോതിൽ പണം ചെലവഴിക്കുന്നവരാണ്. ആയുർവേദത്തിന് കർണാടകം, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങൾ മത്സരമുയർത്തുന്നുണ്ട്. മത്സരം നേരിടാൻ കേരളത്തിലെ ആയുർവേദത്തിന് സ്വദേശത്തും വിദേശത്തും പ്രചാരം നൽകാൻ സർക്കാർ തയ്യാറാകണം.
ക്ളിനിക്കുകൾ മുതൽ പഞ്ചനക്ഷത്ര റിസോർട്ടുകൾ വരെ 500ലേറെ ആയുർവേദ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇവയിൽ 400ഓളം സർക്കാർ അംഗീകൃതമാണ്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് (എൻ.എ.ബി.എച്ച് ) സർട്ടിഫിക്കറ്റുള്ളവയാണ് നല്ലൊരുപങ്കും.
ആവശ്യങ്ങൾ
ആയുർവേദ പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കണം
വെൽനസ് ടൂറിസം വിപണനത്തിന് സർക്കാർ ഇടപെടണം
നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ വേണം
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികൾ
ടൂറിസം കേന്ദ്രങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ വർദ്ധിപ്പിക്കണം
മാലിന്യം നീക്കാനും സംസ്‌കരിക്കാനും ശാസ്ത്രീയ സംവിധാനം
''വിദേശവിപണി ലക്ഷ്യമിട്ട് തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ സർക്കാർ തയ്യാറാകണം. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളാണ് പ്രായോഗികം.""
സജീവ് കുറുപ്പ്
ജനറൽ സെക്രട്ടറി
കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി
കേരള ടൂറിസത്തിന്റെ വളർച്ചയ്ക്ക് ആയുർവേദം ആഗോളതലത്തിൽ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം.
ബേബി മാത്യു
കേരള ട്രാവൽ മാർട്ട് സൊസൈറ്റി
''ആയുർവേദം വെൽനസ് ടൂറിസം സാദ്ധ്യതകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ വിശാലമായ കാഴ്ചപ്പാട് ബഡ്‌ജറ്റിലില്ല.""
ഡോ.കെ.സി. അജിത്കുമാർ
സംസ്ഥാന ജനറൽ സെക്രട്ടറി
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |