കാസർകോട്:മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നരേന്ദ്രമോദി ചെയ്യുന്ന തെറ്റായ കാര്യങ്ങളോട് എതിർപ്പുണ്ട്. അതിനെ ഇത്തരം നാടകങ്ങളിലൂടെയല്ല നേരിടേണ്ടത്. നരേന്ദ്രമോദിയെ നട്ടെല്ലോടെ നേരിടുന്നത് കോൺഗ്രസ് ആണെന്നും വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി. സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെയും കേന്ദ്രത്തിന്റെയും സർക്കാരുകളെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ജനക്ഷേമത്തിലല്ല അവർക്ക് താല്പര്യം. പാർട്ടിക്കും അവരുടെ ആളുകൾക്കും വേണ്ടിയുള്ള പദ്ധതികളാണ് ആലോചിക്കുന്നത്.ലോക് സഭ തിരഞ്ഞെടുപ്പ്കൂടി മുന്നിൽ കണ്ടുള്ള യാത്രയാണ് സമരാഗ്നി. തിരഞ്ഞെടുപ്പിൽ അയോദ്ധ്യ ചർച്ചയാക്കാമെന്നത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.
സുവർണ ലിപികളിൽ എഴുതേണ്ട ഭരണനേട്ടങ്ങളാണ് കോൺഗ്രസ് ഭരണകാലത്തുണ്ടായത്. ലോകത്തെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതും ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയതും യു.പി.എ സർക്കാരാണ്.യു.പി.എയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 7.7 ആയിരുന്നു, നരേന്ദ്രമോദിയുടെ കീഴിൽ അത് 5.7 മാത്രമാണ്. യു.പി.എയുടെ കാലത്ത് സ്വകാര്യ നിക്ഷേപം 25.9 ആയിരുന്നു എൻ.ഡി.എയുടെ കാലത്ത് അത് 21.9 മാത്രം. യു.പി.എയുടെ കാലത്ത് ആകെ കടം 58 ലക്ഷം കോടിയായിരുന്നത്, നരേന്ദ്രമോദിയുടെ കാലത്ത് അത് 155 ലക്ഷം കോടി രൂപയായി.യു.പി.എ ഭരണത്തിൽ പാചകവാതകത്തിന് 400 ഉണ്ടായിരുന്നപ്പോൾ സമരം ചെയ്ത സംഘപരിവാർ,എൻ.ഡി.എ. ഭരണത്തിൽ 1000 എത്തിയപ്പോൾ പ്രതികരിക്കുന്നില്ലെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |