SignIn
Kerala Kaumudi Online
Friday, 23 February 2024 1.12 AM IST

തൊഴിൽ തേടി കേരളം

v

ഒരാളുടെ ജീവിതത്തിന്റെ ഗതി തീരുമാനിക്കുന്നതിൽ തൊഴിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരളം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ. നമ്മുടെ സാമ്പത്തിക പുരോഗതിയെ പുറകോട്ടടിക്കാൻ ഇത് കാരണമാകുന്നു. തൊഴിലില്ലായ്മയിൽ ദേശീയ ശരാശരിയെക്കാൾ ഇരട്ടിയാണ് കേരളത്തിന്റേത് എന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്.

കേരളത്തിൽ 28 ലക്ഷം തൊഴിലന്വേഷകരാണ് ഉള്ളതെന്നാണ് സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ 18 ലക്ഷം സ്ത്രീകളും 10 ലക്ഷം പുരുഷന്മാരുമാണ്. മാത്രമല്ല, 28 ലക്ഷം തൊഴിൽ അന്വേഷകരിലെ 93.5 ശതമാനം പേരും എസ്.എസ്.എൽ.സിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 1,580 പേർ നിരക്ഷരരുമാണ്. പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു ലക്ഷത്തോളം സ്ത്രീകളും 20,000ത്തോളം പുരുഷന്മാരും തൊഴിൽ തേടി അലയുകയാണ്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ 3.8 ലക്ഷം ബിരുദധാരികൾ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. കേരളത്തിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനം ആണ്.

കേരളം കൂടാതെ ഗോവയിൽ മാത്രമാണ് തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ളത്. കേരളത്തിലെ സംഘടിത മേഖലയിൽ തൊഴിലില്ലായ്മ നിശ്ചലമായി നിൽക്കുന്നതായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. ഭാരതത്തിലെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണ്‌.

അവസരങ്ങളുടെ

കുറവ്

യുവാക്കളുടെ തൊഴിൽ പുരോഗതിയ്ക്കും അഭിലാഷങ്ങൾക്കും അസുസൃതമായ തൊഴിലവസരങ്ങൾ കേരളത്തിൽ കുറവാണ്. ഉന്നത കോഴ്സുകൾ ജയിച്ച് പുറത്തിറങ്ങുന്നവരുടെ നൈപുണ്യക്കുറവ് തൊഴിലില്ലായ്മയുടെ മറ്റൊരു പ്രധാന കാരണമാണ്. പ്രതിവർഷം ഏകദേശം 50,000ത്തോളം പേർ പഠനത്തിനായി പുറം രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ വലിയൊരു വിഭാഗവും പഠന ശേഷം അവിടെത്തന്നെ ജോലി കണ്ടത്തി താമസിക്കുകയാണ്. നാട്ടിൽ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് ഇതിൽ ഭൂരിഭാഗവും.

കഴിവുളളവർക്ക് മികച്ച ജോലിയും ഉയർന്ന ശമ്പളവും വിദേശ രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്. കേരളത്തിൽ നിന്നും അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് നമ്മുടെ മാനവ വിഭവ ശേഷിയിൽ വലിയ കുറവ് വരുത്തുകയും സാമൂഹിക - സാമ്പത്തിക പ്രതിസന്ധികൾക്കിടയാക്കുകയും ചെയ്യും. വ്യവസായ മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള പാഠ്യപദ്ധതി, സെമസ്റ്റർ ഇടവേളകളിൽ നിർബന്ധിത പ്രായോഗിക പരിശീലനം തുടങ്ങിയ പരിഷ്‌കരണങ്ങളാണ് അക്കാദമിക, ഇൻഡസ്ട്രി വിദഗ്ദ്ധർ ഇതിനായി നിർദ്ദേശിക്കുന്നത്.

രക്ഷിതാക്കളുടെ

ചിറകിൽ

കേരളത്തിന്റെ സവിശേഷ സാമൂഹികസാഹചര്യം തൊഴിലില്ലായ്മ നിരക്കിനെ ബാധിക്കുന്നുണ്ടെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും സാമ്പത്തികകാര്യ വിദഗ്ദ്ധനുമായ ഡി.നാരായണ പറയുന്നു. രക്ഷിതാക്കളെ ആശ്രയിച്ചുനിൽക്കാൻ താത്പര്യപ്പെടുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു. ഈ സൗകര്യമുപയോഗിച്ച് കൗമാരക്കാർ പഠനത്തിനെന്ന പേരിൽ സമയംനീട്ടുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത, വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവും തൊഴിലില്ലായ്മയുടെ കാരണമാണ്.
സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറപ്പേർ കൈപ്പറ്റിയിരുന്ന തൊഴിലില്ലായ്മ വേതനം നിലവിൽ 2,080 പേർക്ക് മാത്രമാണ് ലഭിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതല്ല ഇതിന് കാരണം. മറിച്ച്, കാൽനൂറ്റാണ്ടായി 120 രൂപയായി തുടരുന്ന മാസശമ്പളം പരിഷക്കരിക്കാത്തത് കൊണ്ടാണ്. പ്രതിവർഷം 12,000 രൂപ കുടുംബ വരുമാനവും പ്രതിമാസം 100 രൂപ വരെ വ്യക്തഗത വരുമാനവും ഉള്ളവർക്ക് മാത്രമാണ് തൊഴിലില്ലായ്മ വേതനം ലഭിക്കുക. ജനറൽ വിഭാഗത്തിൽ 10-ാം ക്ലാസ് ജയിച്ചിരിക്കണം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിന് ശേഷമേ വേതനത്തിന് അപേക്ഷിക്കാവൂ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 10-ാംക്ലാസ് വിജയിക്കണമെന്ന് നിർബന്ധമില്ല.

നേരത്തെ, തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച് വിടുന്ന പട്ടികയിലുള്ളവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വേതനം നൽകിയിരുന്നു. വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അപേകഷകരുടെ എണ്ണത്തിലും കുറവ് പ്രകടമായി. എന്നാൽ ഏറ്റവുമധികം അന്യസംസ്ഥാനത്തൊഴിലാളികൾ തൊഴിൽ അന്വേഷിച്ചെത്തുന്നത് കേരളത്തിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം നിലവിൽ 35 മുതൽ 40 ലക്ഷം വരെയാണ്. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, യു.പി, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, സിക്കിം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും.

അവസരമുള്ളത്

അതിഥിതൊഴിലാളിക്ക്

2013ൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കേരളത്തിൽ 25 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, കേന്ദ്രസർക്കാർ നിഷ്‌കർഷിക്കുന്ന തൊഴിലില്ലായ്മ എന്നതിന്റെ നിർവചനം കേരളത്തിന് ബാധകമാകില്ലെന്നാണ് കേരള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ചെയർമാൻ ഡോ.എസ്.ഇറുദയരാജൻ പറയുന്നത്. കേരളത്തിൽ തൊഴിലുള്ളത് കൊണ്ടാണല്ലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഇവിടേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
തൊഴിലന്വേഷകരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. ആകെ 4.6 ലക്ഷം പേരാണ് തിരുവനന്തപുരത്ത് നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് ലക്ഷം പേർ സ്ത്രീകളും 1.6 ലക്ഷം പേർ പുരുഷന്മാരുമാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം ജില്ലയിൽ 3.3 ലക്ഷം പേരാണ് തൊഴിലന്വേഷകരായുള്ളത്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ള ജില്ല കാസർഗോടാണ്. 0.8 ലക്ഷം പേർ മാത്രമേ അവിടെ നിന്നും തൊഴിൽ അന്വേഷകരായി രജിസ്റ്റർ ചെയ്തത്.

93.5 ശതമാനം പേരുടെയും യോഗ്യത എസ്.എസ്.എൽ.സിക്ക് മുകളിൽ

1,580 പേർ നിരക്ഷരർ

തൊഴിലന്വേകർ

കേരളത്തിൽ 28 ലക്ഷം

ഏറ്റവും കൂടുതൽ തിരുവനന്തപുരം 4.6 ലക്ഷം

ഏറ്റവും കുറവ് കാസർകോട് 0.8 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNEMPLOYEMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.