SignIn
Kerala Kaumudi Online
Saturday, 27 July 2024 6.03 AM IST

കാവിയുടുത്ത ദേശത്ത് കമൽനാഥിന്റെ കരുനീക്കം

k

ഉത്തർപ്രദേശിനോളം വരില്ലെങ്കിലും മദ്ധ്യപ്രദേശിലെ 29 സീറ്റുകൾ ലോക്‌സഭയിലെ മേധാവിത്വം നിർണയിക്കുന്നതിൽ പ്രധാനമാണ്. സെമിഫൈനൽ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പിലുയർന്ന പൊടിയും പുകയും അടങ്ങും മുൻപാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തുന്നത്. 2005-മുതൽ ഭരിക്കുന്ന (ചെറിയ ഇടവേളയൊഴികെ) ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച നേടിയ സംസ്ഥാനത്ത് പ്രസക്തിയുണ്ടെന്നു തെളിയിക്കാനുള്ള അവസരമാണ് കോൺഗ്രസിന് ഇത്.

20 വർഷത്തെ

കാവിക്കരുത്ത്

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ സംഘടനാ അടിത്തറയുടെ മികവിൽ ജയിച്ച നിയമസഭാ തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ലോക്‌സഭാ സീറ്റുകൾ തൂത്തുവാരാനാകും ബി.ജെ.പിയുടെ ശ്രമം. രണ്ടു പതിറ്രാണ്ടത്തെ ബി.ജെ.പി സർക്കാർ ഭരണവിരുദ്ധ വികാരം നേരിട്ടില്ല. 2020-ൽ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തി ബി.ജെ.പി പാളയത്തിലെത്തിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനവും തുണയായി.

1956-ൽ സംസ്ഥാന രൂപീകരണം മുതൽ അഞ്ചു ദശാബ്‌ദം കോൺഗ്രസ് ആധിപത്യം പുലർത്തിയ സംസ്ഥാനത്ത് തൊണ്ണൂറുകളിലാണ് രാമജന്മഭൂമി പ്രക്ഷോഭത്തിനൊപ്പം ബി.ജെ.പി കയറിവന്നത്. പിന്നീട് പാർട്ടി ആഴത്തിൽ വേരൂന്നി. പ്രധാനമന്ത്രിയാകാൻ വരെ നിർദ്ദേശിക്കപ്പെട്ട ശിവ്‌രാജ് സിംഗ്ചൗഹാൻ എന്ന അതികായന്റെ ജൈത്രയാത്രയും കണ്ടു. 2018- ൽ അല്പകാലം കോൺഗ്രസിന് വഴിമാറിയതൊഴികെ,​ 2005-മുതൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി പദത്തിലിരുന്ന ശിവ്‌രാജ് ചൗഹാനെ മാറ്റി മോഹൻ യാദവ് എന്ന പുതുമുഖത്തെ സ്ഥാപിച്ച ബി.ജെ.പി വ്യക്തമാക്കുന്നത് തങ്ങളുടെ ആത്മവിശ്വാസമാണ്.

തിരഞ്ഞെടുപ്പു കാക്കാതെ അഞ്ചു വർഷവും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന മികച്ച സംഘടനാ ശക്തിയും നരേന്ദ്രമോദി പ്രഭാവവും ഉപയോഗിച്ചാകും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറെടുക്കുക. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൊട്ടു മുൻ വർഷം സംസ്ഥാന ഭരണം നഷ്‌ടമായിട്ടു കൂടി 28 സീറ്റും നേടി മികച്ച പ്രകടനമാണ് അവർ കാഴ്‌ചവച്ചതെന്ന് ഓർക്കണം. കോൺഗ്രസിനു ലഭിച്ചത് ചിന്ത്‌വാരയിൽ കമൽനാഥിന്റെ മകൻ നകുൽനാഥിന്റെ സീറ്റ് മാത്രം. ഗ്വാളിയോർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യം ഗ്വാളിയർ-ചമ്പൽ ബെൽറ്റിൽ തുണയാകും.

കാര്യമറിഞ്ഞ്

മൽനാഥ്

ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കാമെന്നും കരുതിയിരുന്ന മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ രാഷ്‌ട്രീയ കരിയറിലെ വൻ തിരിച്ചടിയായിരുന്നു 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. വിജയം സുനിശ്‌ചിതമെന്ന് ഹൈക്കമാൻഡിനെ വിശ്വസിപ്പിച്ച് സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് പങ്കിടൽ വേണ്ടെന്നു പറഞ്ഞ് 'ഇന്ത്യ' മുന്നണിക്കുള്ളിൽ പടലപ്പിണക്കം സൃഷ്‌ടിച്ച കമൽനാഥിന് വില്ലൻ പരിവേഷമായി. അതിനാൽ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ കരുതലോടെ, 2019-ലെ ഒരു സീറ്റിൽ നിന്ന് കൂടുതൽ നേടി നേതൃത്വത്തിന് മറുപടി നൽകേണ്ട ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. എന്നാൽ ഇപ്പോൾ കമൽനാഥും ആടി നിൽക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിനു മുന്നിൽ ബി.ജെ.പി വൻ വാഗ്ദാനങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

കോൺഗ്രസിന് ദുർബലമായ സംഘടനാ സംവിധാനം തലവേദനയായ സംസ്ഥാനത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തു മാറ്റമാകും കമൽനാഥും കൂട്ടരും കൊണ്ടുവരികയെന്നത് കണ്ടറിയണം. ജ്യോതിരാദിത്യ സിന്ധ്യയെന്ന സ്വാധീനമുള്ള നേതാവിന്റെ അസാന്നിധ്യം തിരിച്ചടിയാകും. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിംഗാണ് കൂട്ടിന്. മുൻപ് തുണച്ച ഗ്രാമീണ വോട്ടുബാങ്കാണ് പ്രതീക്ഷ. മദ്ധ്യപ്രദേശിലൂടെ കടന്നുപോകുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അനുകൂല സാഹചര്യമൊരുക്കുമെന്നും പാർട്ടി കരുതുന്നു.

ചില 'ഇന്ത്യ'ൻ

പ്രതീക്ഷകൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽനാഥിന്റെ പിടിവാശി മൂലം സീറ്റ് പങ്കിടൽ അലസിപ്പിരിഞ്ഞതിന്റെ കയ്പേറിയ അനുഭവം മറക്കാൻ സമാജ്‌വാദി പാർട്ടിക്കാകുമോ?​ കോൺഗ്രസിനേറ്റ പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണി പ്രതീക്ഷകൾക്ക് ചിറകു നൽകിയിട്ടുണ്ട്. കോൺഗ്രസ്, സമാജ്‌വാദി, ആംആദ്‌മി പാർട്ടികൾക്കിടയിൽ സീറ്റ് ധാരണയുണ്ടായേക്കാം. ഒറ്റയ്‌ക്കു നിൽക്കുന്ന മായാവതിയുടെ ബി.എസ്.പി ചമ്പൽ, വിന്ധ്യ, ഗ്വാളിയർ മേഖലകളിലെ മുസ്ളിം, ദളിത് വോട്ടുകളിൽ വിള്ളലുണ്ടാക്കാം.


മദ്ധ്യപ്രദേശ്

ചരിത്രം

1956-ലെ രൂപീകരണം മുതൽ കോൺഗ്രസ് ആധിപത്യം. 1967- 69ൽ സംയുക്ത വിധായക് ദളും, 1977- 80-ൽ ജനതാ പാർട്ടിയും ഇടക്കാല ഭരണം.1990-ൽ ആദ്യ ബി.ജെ.പി സർക്കാർ. 1993-2003 കോൺഗ്രസ് തിരിച്ചുവരവ് (ദിഗ്‌വിജയ് സിംഗ്). 2003 മുതൽ 2018 വരെ ബി.ജെ.പി, 2018- 2020 കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ, 2020-ൽ വീണ്ടും ബി.ജെ.പി, 2023-ൽ ബി.ജെ.പി സർക്കാർ.

ജാതി രാഷ്‌ട്രീയം

ജാതി- സമുദായ സ്വാധീനം സംസ്ഥാനത്ത് വോട്ട് അടിത്തറ പാകുന്നതിൽ നിർണായകം. ഒ.ബി.സികളെയും ആദിവാസികളെയും ആകർഷിച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയമൊരുക്കിയത്. (ഒ.ബി.സി നേതാവ് മുഖ്യമന്ത്രിയുമായി.) പരമ്പരാഗത സവർണ വോട്ടുകളും ഏകീകരിച്ചു. പട്ടികജാതി, പട്ടിക വർഗ, മുസ്ളീം വിഭാഗങ്ങൾക്കിടയിലുള്ള സ്വാധീനം കോൺഗ്രസിനെ തുണച്ചില്ല. ജാതി സെൻസസ് പ്രചാരണവും ഏശിയില്ല.

ജനസംഖ്യയിൽ 91 ശതമാനവും ഹിന്ദുക്കളാണ്. മുസ്ലീങ്ങൾ 7 ശതമാനവും മറ്റ് മതവിഭാഗങ്ങൾ 2 ശതമാനവും. ജാതി അടിസ്ഥാനത്തിൽ നോക്കിയാൽ ഏകദേശം 50 ശതമാനം ഒ.ബി.സി വിഭാഗങ്ങളായത് വോട്ട് സ്വാധീനത്തിന് തെളിവ്. 20 ശതമാനം പട്ടികവർഗം, 15 ശതമാനം പട്ടിക ജാതി, 15 ശതമാനം ഉയർന്ന ജാതി/പൊതുവിഭാഗം.

സീറ്റ് നില

ഇങ്ങനെ

 2019-ൽ ലോക്‌സഭയിൽ 29ൽ 28ഉം നേടിയ ബി.ജെ.പിയുടെ നരേന്ദ്ര സിംഗ് തോമർ (മൊറേന), പ്രഹ്‌ളാദ് സിംഗ് പട്ടേൽ (ദാമോ), റിതി പഥക് (സിദ്ധി), രാകേഷ് സിംഗ് (ജബൽപൂർ), ഉദയ് പ്രതാപ് സിംഗ് (ഹൊഷാംഗാബാദ്) എന്നിവർ നിയമസഭാംഗമായതിനെ തുടർന്ന് രാജിവച്ചതിനാൽ പുതിയ ആളുകൾ വരും. ചിന്ദ്‌വാരയിൽ നകുൽനാഥ് വീണ്ടും മത്സരിക്കുമോയെന്നതിൽ വ്യക്തത വന്നിട്ടില്ല .

 2014- ൽ 26 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസിന് രണ്ടും:ചിന്ദ്‌വാര (കമൽനാഥ്), ഗുണ (ജ്യോതിരാദിത്യ സിന്ധ്യ.

 യു.പി.എ ഭരിച്ച 2009- ലും ബി.ജെ.പി മികച്ച പ്രകടനം കാഴ്‌ചവച്ചു (16). കോൺഗ്രസിന് 12,​ ബി.എസ്.പിക്ക് 01. 2004-ൽ ബി.ജെ.പിക്കായിരുന്നു ആധിപത്യം (25 സീറ്റ്). കോൺഗ്രസ് 05.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VOTE BANK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.