SignIn
Kerala Kaumudi Online
Wednesday, 28 February 2024 8.02 AM IST

സർവകലാശാലകൾ സ്വകാര്യവും വിദേശിയും ആകുമ്പോൾ

cj

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച നയസമീപനങ്ങളും പരിപാടികളും ചർച്ച ചെയ്യപ്പെട്ടു വരികയാണ്. പ്രതികൂല പരാമർശങ്ങളും,​ നയത്തിൽ മലക്കംമറിച്ചിലാണ് ചിലതൊക്കെയെന്നും ചില ആക്ഷേപങ്ങളും കേട്ടു. എന്നാൽ ദീർഘവീക്ഷണത്തോടും സംസ്ഥാനത്തിന്റെ ദീർഘകാല താത്പര്യം മുൻനിറുത്തിയും,​ മന്ത്രിസഭയൊന്നാകെ അംഗീകരിച്ച കൂട്ടുത്തരവാദിത്വമുള്ള നയരേഖയെന്ന നിലയിൽ ഏറെ ശ്ലാഘനീയമാണ് ബഡ്ജറ്റ്.

അതിൽ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി പരാമർശിച്ചിട്ടുള്ളതിൽ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ട ഒട്ടേറെ മർമ്മങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലത മാറ്റി,​ ഖണ്ഡിക 71- ൽ പരാമർശിക്കുന്ന രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രം (ഹബ്ബ്) ആയി മാറ്റാനുദ്ദേശിച്ചാണ്, സംസ്ഥാന നയവും പരിപാടിയും മാറ്റുന്നതു തന്നെ. നിലവിൽ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്തുനിന്നുള്ള രണ്ടു ശതമാനം വിദ്യാർത്ഥികൾ മാത്രം പങ്കെടുക്കുന്ന കേരളത്തിലെ സർവകലാശാലാ സംവിധാനം പുതിയ മികവു സ്ഥാപനങ്ങളാലും പശ്ചാത്തല സൗകര്യത്താലും പഠനോപകരണങ്ങളാലും 30 ശതമാനമെങ്കിലും ബാഹ്യ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന ഇടമാകാതെ കേരളം ഒരു ദേശീയ ഉന്നത വിദ്യാഭ്യാസ ഡെസ്റ്റിനേഷൻ ആയി മാറിയതായി തീരെ കണക്കാക്കാനാവില്ല.


കഴിഞ്ഞ ഏഴു വർഷം സംസ്ഥാനത്തെ പ്ലാൻ ഗ്രാൻഡുകൾ നിയമസഭ അംഗീകരിച്ചതും സർവ്വകലാശാലകൾക്ക് ലഭിച്ചതും താരത്യമ്യം ചെയ്യുമ്പോഴത്തെ പ്രശ്നങ്ങൾ പൂർണ്ണമായും സർവ്വകലാശാലാ ദൗർബല്യങ്ങൾ മൂലമുള്ളതല്ല. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിൽ ലോകമെമ്പാടുമുള്ള മലയാളി പ്രവാസി അക്കാഡമിക് വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഏതാണ്ട് ലോക കേരളസഭാ മാതൃകയിൽ പ്രാദേശിക യോഗങ്ങൾ നടത്തുവാനും 2024 ഓഗസ്റ്റിൽത്തന്നെ ഒരു ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് സംസ്ഥാനത്തു നടത്തുവാൻ ബഡ്ജറ്റ് പരിപാടിയിടുന്നു.


ഈ കോൺക്ലവ് ആകട്ടെ,​ ഉന്നത വിദ്യാഭ്യാസത്തിന് ഒരു സമഗ്ര നിക്ഷേപ നയമാവും ആവിഷ്‌കരിക്കുക. അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപമാർജ്ജിക്കുകയാണ് നിക്ഷേപ നയത്തിന്റെ ലക്ഷ്യം. ഇതിനുള്ള പ്രത്യേക പ്രോത്സാഹനത്തിന്റെ തന്ത്രങ്ങൾ ഉണ്ടാവും. പിന്നീട് യു.ജി.സി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് തുല്യതയും സുതാര്യതയും മുൻനിറുത്തി വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ ആരംഭിക്കുന്നത് പരിശോധിക്കുമെന്ന് സൂചിപ്പിക്കുന്നു.


ഇതിന് ആവശ്യമായ ആസ്തിക്കുള്ള ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ്/ട്രാൻസ്ഫർ ഡ്യൂട്ടി രജിസ്‌ട്രേഷൻ ഇളവുകൾ വൈദ്യുതിക്കും വെള്ളത്തിനും പ്രത്യേകം സബ്സിഡി നിരക്കുകൾ, നികുതി ഇളവുകൾ, മൂലധനത്തിന് നിക്ഷേപ സബ്സിഡി എന്നിങ്ങനെ മുൻപ് വ്യാവസായിക ഐ.ടി പാർക്കുകളിൽ മാത്രം നൽകിയിരുന്ന പ്രോൽസാഹന സൗജന്യങ്ങളാകെ പുതുനിക്ഷേപ സർവകലാശാലകളെ ആകർഷിക്കാൻ നൽകുമെന്നും സൂചിപ്പിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ,​ ബഡ്ജറ്റ് ഉന്നതവിദ്യാഭ്യാസ സേവനത്തെ ഐ.ടി പോലെ ഒരു സുപ്രധാന വാണിജ്യ സേവന ഉത്പന്നമായി യാഥാർത്ഥ്യ ബോധത്തോടെ മനസ്സിലാക്കുന്നു. തുടർച്ചയായ മൂലധന നിക്ഷേപമില്ലാതെ പൊതു സർവകലാശാലകൾ നൽകുന്ന പരിമിതമായ അവസരങ്ങൾ കാലാന്തരേണ മുരടിക്കുമെന്ന് മുൻകൂട്ടി കാണുന്നു; അവയുടെ തളർച്ചയ്ക്കപ്പുറം ഒരു പിടി പുത്തൻ സ്വകാര്യ വിദേശ മൂലധന സ്ഥാപനങ്ങളുടെ വരവിന് നിക്ഷേപ സ്വാഗത നയം സംസ്ഥാനത്താദ്യമായി പ്രഖ്യാപിക്കുന്നു.


ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾ മറ്റു നാടുകളിലേക്കു ചേക്കേറുന്ന അവസ്ഥ മാറ്റി,​ ടൂറിസം അഥവാ ആരോഗ്യ സുരക്ഷാ മേഖല പോലെ ഉന്നത വിദ്യാഭ്യാസവും ഗുണകരമായ ഒരു സാമ്പത്തിക കൊടുക്കൽ വാങ്ങൽ മേഖലയായി വികസിച്ചു മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമീപനം ഇത്ര കണ്ട് വ്യക്തതയോടെ മൂൻപൊരിക്കലും വിഭാവനം ചെയ്യപ്പെട്ടിട്ടില്ല എന്നത് പലരും പഴയതു പലതും ആവർത്തിക്കുമ്പോൾപ്പോലും പറഞ്ഞുകേട്ടിട്ടില്ല. കൂടുതൽ വ്യക്തത വേണ്ടത്,​ വിദേശ സർവകലാശാലകളുടെ സാദ്ധ്യതാ പരിശോധനയിലാണ്. കാരണം വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസുകളും കോളേജുകളും ആരംഭിക്കുന്നതിനുള്ള നിയമാവലി 2023 നവംബറിൽ യു.ജി.സി അവരുടെ ആക്ടിലെ 26-ാം സെക്ഷൻ പ്രകാരം വിജ്ഞാപനം ചെയ്തുകഴിഞ്ഞു.

അതേസമയം,​ ഇന്ത്യയുടെ സമീപ രാജ്യങ്ങളായ ചൈന, ഇന്തോനേഷ്യ, മലേഷ്യ, യു.എ.ഇ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിലവിലുള്ളതുപോലെ വിദേശത്തെ ഉന്നതനിലവാരമുള്ള സർവകലാശാലകളുടെ തള്ളിക്കയറ്റമൊന്നും ഇക്കഴിഞ്ഞ രണ്ടു മാസം ഇന്ത്യയിൽ ഉണ്ടായിട്ടില്ല. പ്രത്യേക പരിശ്രമങ്ങളോടെ ഗുജറാത്തിലെ പ്രത്യേക സാമ്പത്തികമേഖലയിൽ രണ്ട് ആസ്‌ട്രേലിയൻ സർവകലാശാലകൾക്ക് അനുമതി സംഘടിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് ബംഗളൂരുവിൽ നിലയുറപ്പിക്കാൻ പരിപാടിയിടുന്ന ഒരു മുൻനിര ആസ്ട്രേലിയൻ സർവകലാശാലയുമായി ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തപ്പോൾ,​ അവർക്ക് നിലവിൽ വന്ന യു.ജി.സി ചട്ടങ്ങളിൽത്തന്നെ പല ഉത്കണ്ഠകളും ഉള്ളതായാണ് മനസ്സിലായത്.

(ബാക്കി ഭാഗം നാളെ)​

(സംസ്ഥാന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും,​ കാർഷിക സർവകലാശാലാ വൈസ് ചാൻസലറുമാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOREIGN UNIVERSITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.