ടെഹ്റാൻ : ലോകപ്രശസ്ത സംവിധായകനും ഇറാനിയൻ നവതരംഗ സിനിമയുടെ ശില്പികളിൽ ഒരാളുമായ ദാരിയുഷ് മെഹർജുയി ( 83) ഭാര്യ വാഹിദ മുഹമ്മദിഫർ ( 54 ) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതിയ്ക്ക് വധശിക്ഷ. മെഹർജുയിക്കൊപ്പം മുമ്പ് പ്രവർത്തിച്ചിരുന്ന ഇയാൾക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം അദ്ദേഹത്തോട് പകയുണ്ടായിരുന്നതായി ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് 8 മുതൽ 36 വർഷം വരെയുള്ള തടവുശിക്ഷകൾ വിധിച്ചു. എല്ലാ പ്രതികൾക്കും സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. ഒക്ടോബറിലാണ് മെഹർജുയിയും ഭാര്യയും രാജ്യതലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കരാജ് പട്ടണത്തിലെ വസതിയിൽ കൊല്ലപ്പെട്ടത്. അക്രമികൾ വീട്ടിൽ കടന്ന് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. അഞ്ച് ദശാബ്ദമായി ഇറാനിയൻ സിനിമയിൽ സജീവമായിരുന്ന മെഹർജുയി 1969ൽ 'ദ കൗ' എന്ന സിനിമയിലൂടെയാണ് നവതരംഗ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. വാഹിദ തിരക്കഥാകൃത്തും കൊസ്റ്റ്യൂം ഡിസൈനറുമായിരുന്നു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് വാഹിദ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |