SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.12 AM IST

കൂടിയാലോചന ഒന്നുംവേണ്ടാതെ ജയം ഉറപ്പിക്കാൻ യുഡിഎഫിന് കഴിയുന്ന ഒരേയൊരു സീറ്റ്, സിപിഎമ്മിന്റെ സകലവാശിയും അയാളോട് മാത്രം

ldf-udf

രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി സംസാരിക്കുകയോ വേദി പങ്കിടുകയോ ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുകയില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അറിയാം. അതൊരു അഭിമാനമായി കാണുന്നവരാണ് ഏറെയും. ഇന്ന് ലോകനേതാക്കളെല്ലാം അംഗീകരിക്കുന്ന അസാധാരണ വ്യക്തിത്വത്തിനുടമയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ ബി.ജെ.പിക്കാരനല്ലാത്ത ഒരാൾ മോദിയുമായി സംസാരിക്കുകയോ വേദിയിൽ ഒന്നിച്ച് പങ്കെടുക്കുകയോ ചെയ്താൽ അയാളെ 'സംഘി'യെന്ന് മുദ്രകുത്തി അധിക്ഷേപിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ താറടിക്കുകയും ചെയ്യുകയെന്നത് കേരളത്തിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസമാണ്.

അടുത്തിടെ തൃശൂരിലെത്തിയ മോദിയുമായി വേദി പങ്കിട്ട നടി ശോഭനക്കും അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കുകയും ദീപം തെളിക്കണമെന്നും പറഞ്ഞ ഗായിക ചിത്രക്കും സംഘി പട്ടം ചാർത്തിയെന്ന് മാത്രമല്ല, കടുത്ത സൈബർ ആക്രമണത്തിനും ഇരകളായി. സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോദി ഗുരുവായൂരിൽ എത്തിയപ്പോഴും ഇതിന്റെ പതിന്മടങ്ങായിരുന്നു വിദ്വേഷ പ്രചാരണം. അന്ന് നടൻ മമ്മൂട്ടി വരെ സൈബർ ആക്രമണത്തിനിരയായി. കൊല്ലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗം എൻ.കെ പ്രേമചന്ദ്രനാണ് ഏറ്റവുമൊടുവിൽ സംഘിയാക്കി മുദ്രകുത്തപ്പെട്ടത്.

ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ പാർട്ടിയും 10 വർഷം മുമ്പ് എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേർന്നത് മുതൽ സി.പി.എമ്മിൽ നിന്ന് അദ്ദേഹം നേരിടുന്ന പലവിധത്തിലുള്ള ആരോപണങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണിത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എതിർപക്ഷം വളരെ ആസൂത്രിതമായി പടച്ചുവിട്ടതാണ് ഇപ്പോഴത്തെ ആരോപണമെന്ന് മനസ്സിലാക്കാൻ രാഷ്ട്രീയ, പൊതു സമൂഹത്തിന് അധികമൊന്നും യത്നിക്കേണ്ടതില്ല. 2014 ലെയും 2019 ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം സി.പി.എമ്മിലെ എം.എ ബേബിയെയും ഇപ്പോഴത്തെ ധനകാര്യ മന്ത്രി കൂടിയായ കെ.എൻ ബാലഗോപാലിനെയും വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച പ്രേമചന്ദ്രനെ 2024ൽ തോൽപ്പിക്കാൻ സി.പി.എമ്മിന് ആവനാഴിയിലെ സാധാരണ അസ്ത്രങ്ങളൊന്നും പോരാതെ വരുമെന്ന തിരിച്ചറിവ് മറ്റാരെക്കാൾ അവർക്കുണ്ട്.

കേരളത്തിലെ 20 പാർലമെന്റ് സീറ്റുകളിൽ കൂടിയാലോചനയൊന്നും കൂടാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനും ജയസാദ്ധ്യത ഉറപ്പാക്കാനും യു.ഡി.എഫിന് കഴിയുന്നതും കൊല്ലം സീറ്റിൽ മാത്രമാണ്. മറ്റു 19 സീറ്റുകളിലും കാട്ടാത്ത വീറും വാശിയുമാകും സി.പി.എം ഇക്കുറിയും കൊല്ലത്ത് കാട്ടാൻ പോകുന്നതെങ്കിലും പ്രേമചന്ദ്രനെതിരായി മത്സരത്തിനിറക്കാൻ പറ്റിയ ഒരു സ്ഥാനാർത്ഥിയെപ്പോലും കണ്ടെത്താൻ ഇതുവരെ അവർക്കായിട്ടില്ല.

വിവാദത്തിന് കാരണം

പാർലമെന്റിന്റെ അവസാന സമ്മേളന ദിവസമായ ശനിയാഴ്ച നടന്ന ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചുവെന്നതാണ് പ്രേമചന്ദ്രൻ ചെയ്ത കടുത്ത അപരാധമായി സി.പി.എമ്മും കേരളത്തിലെ സൈബറിടങ്ങളും കൊണ്ടാടുന്നത്. അന്ന് ഉച്ചഭക്ഷണത്തിനായി പാർലമെന്റ് പിരിഞ്ഞപ്പോൾ സ്വവസതിയിലെത്തിയ പ്രേമചന്ദ്രന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അത്യാവശ്യമായി പാർലമെന്റിൽ എത്തണമെന്ന സന്ദേശം ലഭിച്ചു. ഉടൻ അവിടെ എത്തിയ പ്രേമചന്ദ്രനെ പ്രധാനമന്ത്രി മോദി പാർലമെന്റ് കാന്റീനിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്.

മറ്റു കക്ഷികളിൽ നിന്നുള്ള ഏതാനും എം.പി മാർക്കും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനാണ് മോദി ക്ഷണിച്ചതെന്ന് അപ്പോഴാണറിഞ്ഞത്. കുശലാന്വേഷണത്തിനിടെ, താൻ ആദ്യമായാണ് പാർലമെന്റ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതെന്ന് മോദി പറഞ്ഞു. യാതൊരു രാഷ്ട്രീയവും ചർച്ചയായില്ല. പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ നമ്മൾ ഇരുവരും വിരുദ്ധ രാഷ്ട്രീയചേരിയിലുള്ളവരാണെന്ന് പറഞ്ഞ് ക്ഷണം നിരസിക്കുന്നതാണോ മാന്യതയെന്നാണ് പ്രേമചന്ദ്രൻ ചോദിക്കുന്നത്. പരസ്യമായി പൊതുകാന്റീനിൽ ഭക്ഷണം കഴിച്ചത് ഇന്ത്യ മുന്നണിയെ ചതിയ്ക്കാനാണെന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

എളമരം കരീം പെട്ടു

പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചത് ആദ്യം വിവാദമാക്കിയത് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ എളമരം കരീമാണ്. മോദിയുമൊത്ത് ഭക്ഷണം കഴിച്ചത് ഇന്ത്യ മുന്നണിയെ ചതിക്കാനാണെന്നായിരുന്നു പ്രചാരണം. തുടർന്ന് അത് സി.പി.എം നേതാക്കൾ ഏറ്റെടുത്തതോടെ പ്രേമചന്ദ്രനെതിരായ 'സംഘി' പ്രചാരണം ശക്തമായി. അതോടെ വിശദീകരണവുമായി പ്രേമചന്ദ്രനും രംഗത്തിറങ്ങി. താൻ മോദിയുമായി ഭക്ഷണം കഴിച്ച ശേഷം കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രത്തിനെതിരായ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എളമരം കരിം അപ്പോൾ എവിടെയായിരുന്നുവെന്നാണ് പ്രേമചന്ദ്രൻ ചോദിച്ചത്.

ധവളപത്രത്തിനെതിരെ പ്രതികരിക്കാനുള്ള അവസരം വിനിയോഗിക്കാതെ ഇങ്ങ് കോഴിക്കോട്ട് സംഘപരിവാർ സംഘടനയായ ബി.എം.എസിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നുവെന്ന് കൂടി പ്രേമചന്ദ്രൻ വെളിപ്പെടുത്തിയതോടെ എളമരം കരിം വെട്ടിലായി. സംഘപരിവാർ സംഘടനാ സമ്മേളനത്തിൽ പങ്കെടുത്ത് അവരുമായി ചായകുടിച്ച ശേഷം തനിക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തുന്നത് രാഷ്ട്രീയ സദാചാര മര്യാദകൾക്ക് വിരുദ്ധമാണെന്ന് സി.പി.എമ്മും എളമരം കരിമും തിരിച്ചറിയണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

മോദിയുമൊത്ത് താൻ ഭക്ഷണം കഴിക്കുന്നതിനിടെ അവിടെ എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള സി.പി.എം എം.പി നടരാജൻ മോദിയുമായി കുശലാന്വേഷണം നടത്തുകയും സെൽഫി എടുക്കുകയും ചെയ്തതിനാൽ അദ്ദേഹവും സംഘിയാകുമോ എന്ന് പ്രേമചന്ദ്രൻ ചോദിച്ചതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. യു.ഡി.എഫ് നേതാക്കൾ രംഗത്തിറങ്ങി പ്രേമചന്ദ്രന് രക്ഷാകവചം ഒരുക്കിയതും ശ്രദ്ധേയമായി. പ്രധാനമന്ത്രിയുമൊത്ത് പ്രേമചന്ദ്രൻ ഭക്ഷണം കഴിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കൂടാതെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും രംഗത്തെത്തി.

അടുത്തിടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ പോയതിനെയും അവർ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ ചരമവാർഷികം ഉദ്ഘാടനത്തിന് പോകേണ്ടിയിരുന്ന പിണറായി വിജയൻ അത് റദ്ദാക്കി പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്രയാക്കാനും പോയത് സംഘിയായതുകൊണ്ടാണോ എന്നും അവർ തിരിച്ചടിച്ചു.

മുമ്പും സംഘിയാക്കി

2019ലെ തിരഞ്ഞെടുപ്പിലും പ്രേമചന്ദ്രനെ സംഘിയാക്കാൻ സി.പി.എം പരിശ്രമിച്ചെങ്കിലും അത് വിലപ്പോയില്ലെന്ന് മാത്രമല്ല, കെ.എൻ ബാലഗോപാൽ 1,48,856 വോട്ടിന്റെ വ്യത്യാസത്തിലാണ് പ്രേമചന്ദ്രനോട് പരാജയപ്പെട്ടത്. അന്ന് കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാനെത്തിയ മോദിയെ ക്ഷണിച്ചുകൊണ്ടു വന്നത് പ്രേമചന്ദ്രനാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തെ സംഘിയാക്കിയത്. ജയിച്ചാൽ ബി.ജെ.പി മന്ത്രിസഭയിൽ അംഗമാകുമെന്നും വരെ സി.പി.എം പ്രചരിപ്പിച്ചു. കൊല്ലം മണ്ഡലത്തിലെ നിർണായക ശക്തിയായ ന്യൂനപക്ഷവോട്ടുകളിൽ വിള്ളലുണ്ടാക്കാനാണ് സി.പി.എം സംഘി പ്രചരണം അഴിച്ചുവിടുന്നത്. പ്രേമചന്ദ്രനെതിരായി പ്രചരിപ്പിക്കാൻ മറ്റൊരു വിഷയവും ഇല്ലെന്നതും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രേമചന്ദ്രനുള്ള സ്വാധീനവുമാണ് സി.പി.എമ്മിനെ ബേജാറാക്കുന്നത്.

2014ൽ പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബിയെ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്. അന്ന് പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഉയർത്തിയ പ്രധാന ഘടകം തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയൻ നടത്തിയ 'പരനാറി' പ്രയോഗമായിരുന്നുവെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തിയത്. എതിർ സ്ഥാനാർത്ഥിയുടെ വിജയഘടകമാകുന്ന പ്രയോഗമായി അതിന്നും രാഷ്ട്രീയ നിഘണ്ഡുവിലെ പദാവലിയിൽ വിരാജിക്കുന്നു. 2019 ലെ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായ പിണറായി വിജയൻ ആ പദപ്രയോഗം ആവർത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലെയും സാഹചര്യം 2024ൽ സൃഷ്ടിക്കാൻ സി.പി.എം ആഗ്രഹിക്കുന്നില്ലെങ്കിലും പ്രേമചന്ദ്രനെതിരായ ആരോപണങ്ങൾ ആരോപണകർത്താക്കൾക്ക് തന്നെ തിരിച്ചടിയാകുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARLIAMENT ELECTION, NK PREMACHANDRAN, CPIM, UDF, PMMODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.