SignIn
Kerala Kaumudi Online
Wednesday, 22 May 2024 1.42 PM IST

ഡേ കെയറിലെ കുട്ടി ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവം: രണ്ട് അദ്ധ്യാപികമാരെ പുറത്താക്കി, രണ്ട് പേർക്ക് താക്കീത്

തിരുവനന്തപുരം : നേമം കാക്കാമൂലയിൽ ഡേ കെയറിൽ നിന്ന് രണ്ടുവയസും മൂന്നുമാസവും പ്രായമുള്ള കുട്ടി ആരുമറിയാതെ ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒറ്റയ്ക്ക് നടന്നെത്തിയ സംഭവത്തിൽ സ്കൂൾ ജീവനക്കാർക്കെതിരെ നടപടി. കാക്കാമൂല സോവർഹിൽ ലൂഥറൻ ചർച്ചിന് കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീസ്കൂൾ അദ്ധ്യാപികമാരായ ഷാന,റിനു എന്നിവരെയാണ് പുറത്താക്കിയത്. മറ്റൊരു അദ്ധ്യാപികയായ ശ്രുതി, ജീവനക്കാരിയായ ഇന്ദുലേഖ എന്നിവർക്ക് താക്കീതും നൽകി. നടപടിയിൽ തൃപ്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ തുടർനടപടികളുമായി മുന്നോട്ടില്ലെന്ന് അധികൃതരെ അറിയിച്ചു.

അതേസമയം, സംഭവത്തിനു പിന്നാലെ നൽകിയ പരാതിയിൽ പൊലീസ്, ശിശുക്ഷേമ സമിതി. ചൈൽഡ് ലൈൻ തുടങ്ങിയ ഏജൻസികൾ വിളിപ്പിച്ചാൽ സഹകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കാക്കാമൂലകുളങ്ങര സുഷസിൽ സുധീഷ്- അർച്ചന ദമ്പതികളുടെ മകൻ അങ്കിത് സുധീഷ് ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയത്. ഈ സമയം സുധീഷിന്റെ അമ്മ മാത്രമായിരുന്നു വീട്ടിൽ. കുട്ടി എങ്ങനെ വീട്ടിലെത്തിയെന്ന് അറിയാതെ അമ്മയാണ് സുധീഷിനെയും അർച്ചനയെയും അറിയിച്ചത്. തുടർന്ന് സ്വകാര്യ ഫിനാൻസിൽ ജോലിക്ക് പോകുന്ന സുധീഷും സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായ അർച്ചനയും വീട്ടിലെത്തി സമീപത്തെ വീട്ടിലെ സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ചാണ് കുട്ടി ഡ‌േ കെയറിൽ നിന്ന് ഒറ്റയ്ക്ക് നടന്നെത്തിയതാണെന്ന് അറിഞ്ഞത്. ഉടൻ നേമം പൊലീസിൽ പരാതി നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാ.റോബിൻസൺ ഉൾപ്പെടെയുള്ളവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സംഭവദിവസം ഷാന,റിനു,ഇന്ദുലേഖ എന്നിവർ സമീപത്ത് കല്ല്യാണത്തിൽ പങ്കെടുക്കാൻ പോയിരുന്നു. ശ്രുതി മാത്രമായിരുന്നു ഡ്യൂട്ടിയിൽ. ജീവനക്കാർ കുറവായിരുന്നതിനാൽ അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ നിലപാട്. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അർച്ചനയും സുധീഷും ഉറപ്പിച്ചു പറഞ്ഞു. പൊലീസും ഇതിനൊപ്പം നിന്നു. ഇതോടെ പി.ടി.എ യോഗം ചേർന്ന് ഉടൻ വിവരമറിയിക്കാമെന്നുപറഞ്ഞ് സ്കൂൾ അധികൃതർ മടങ്ങി. എന്നാൽ ചൊവ്വാഴ്ച യോഗം ചേർന്നില്ല.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമസമിതി അധിക‌ൃതരും ചൈൽഡ് ലൈൻകാരും ചൊവ്വാഴ്ച വീട്ടിലെത്തി. ഇതിനിടെയാണ് കുട്ടി ഒറ്റയ്ക്ക് നടന്നെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത്.

ആദ്യം ഉഴപ്പി...

കേസുമായി കുട്ടിയുടെ വീട്ടുകാർ മുന്നോട്ടുപോകുമെന്ന് ഉറപ്പായതോടെ ബുധനാഴ്ച പി.ടി.എ യോഗം ചേർന്നെങ്കിലും 25ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ രക്ഷിതാക്കൾ ബഹുഭൂരിപക്ഷവും ജീവനക്കാർക്കെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലായിരുന്നെന്ന് കുട്ടിയുടെ അമ്മ അർച്ചന പറഞ്ഞു.നടപടി സാദ്ധ്യമല്ലെന്ന നിലപാടിലായിരുന്നു പ്രിൻസിപ്പലും. നടപടിയില്ലെങ്കിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് അർച്ചന യോഗ ശേഷം വീട്ടിലേക്ക് എത്തി. പിന്നാലെ രാത്രിയോടെ പ്രിൻസിപ്പൽ റോബിൻസൺ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയാണ് നടപടികൾ വിശദീകരിച്ചത്. നേമം സി.ഐ പ്രജീഷ്, എസ്. ഐ മോനിഷ്, സീനിയർ സിവിൽ പൊലീസ് ഒാഫീസർ രതീഷ് ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് വിഷയത്തിൽ ഇടപെട്ടത്.

സ്കൂളിന്റെ പ്രവർത്തനം തടസപ്പെടുത്താനില്ല. വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ പൊലീസ് കേസ് ഉൾപ്പെടെ എടുക്കുന്നതിനോടും താത്പര്യമില്ല. നേരത്തെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഉൾപ്പെടെ വിളിപ്പിച്ചാൽ സഹകരിക്കും. പട്ടി ശല്യമുള്ള സ്ഥലമാണ്. ഭാഗ്യമുള്ളതുകൊണ്ടാണ് കുട്ടി സുരക്ഷിതമായെത്തിയത്.

-അർച്ചന, കുട്ടിയുടെ അമ്മ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.