SignIn
Kerala Kaumudi Online
Saturday, 13 April 2024 6.18 PM IST

ആറ്റുകാലമ്മയുടെ പുണ്യചരിതം

attukal-

സ്‌ത്രീകളുടെ ശബരിമലയായ ആറ്റുകാലിൽ വാഴുന്നത് സങ്കടനാശിനിയായ മാതൃസ്വരൂപിണി. കുംഭച്ചൂടിൽ മൺകലങ്ങളും ഭക്തമനസുകളും തിളച്ചുമറിയുമ്പോൾ മധുരിക്കുന്ന പ്രതീക്ഷകളുടെ ദേവീപ്രസാദമായി പൊങ്കാല മാറുന്നു.

ആറ്റുകാലമ്മയുടെ ഐതിഹ്യമധുരം ഒന്നു നുണയാം.

1. തമിഴകത്തെ കാവേരിപ്പട്ടണത്തിലുള്ള ഒരു സമ്പന്ന വ്യാപാരിയുടെ പുത്രനായിരുന്നു സുന്ദരനായ കോവലൻ. യൗവന പ്രായമായപ്പോൾ സൗന്ദര്യവും സ്വഭാവമഹിമയും ഒത്തുചേർന്ന കണ്ണകിയെ അദ്ദേഹം വിവാഹം കഴിച്ചു. അവരുടെ രൂപസൗകുമാര്യവും സന്തോഷവും ആരിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു.

2. കാലം മാറുമ്പോൾ ആകാശവും നദികളും പോലെ മനസിന്റെ നിറവും മാറിയെന്നുവരാം. സന്തുഷ്ടമായ കോവലൻ - കണ്ണകി ദമ്പതികളുടെ ജീവിതത്തിൽ സുന്ദരിയും നർത്തകിയുമായ മാധവി കരടായി മാറുന്നു. മാധവിയിൽ ഭ്രമിച്ച കോവലൻ സമ്പത്തും സമയവും അവൾക്കായി ധൂർത്തടിച്ചു. പതിവ്രതയായ കണ്ണകി ഇതൊന്നുമറിഞ്ഞില്ല.

3. സമ്പത്തും ഐശ്വര്യവുമെല്ലാം ക്ഷയിച്ചപ്പോൾ തെറ്റുമനസിലാക്കിയ കോവലൻ സ്നേഹനിധിയായ ഭാര്യയുടെ മുന്നിൽ പശ്ചാത്താപത്തോടെ നിന്നു. കോവലന്റെ മനസറിഞ്ഞ കണ്ണകി ആശ്വസിപ്പിച്ചു. ജീവിതം വഴിമുട്ടിയെന്ന് തിരിച്ചറിഞ്ഞ അവൾ തന്റെ കാലിൽ കിടന്ന ചിലമ്പഴിച്ച് കോവലനെ ഏല്പിച്ചു. മധുരാ പട്ടണത്തിൽ കൊണ്ടുപോയി വിറ്റാൽ അത്യാവശ്യത്തിനുള്ള പണം കിട്ടുമല്ലോ.

4. സ്നേഹപൂർവം കോവലൻ : കണ്ണകി നീയാണെന്റെ ദൈവം. ഇനിയൊരിക്കലും നിന്നെ വേദനിപ്പിക്കില്ല.

കണ്ണകി : ശ്രീപാർവതി നമ്മെ അനുഗ്രഹിക്കും. അങ്ങ് സമാധാനമായിരിക്കുക. ജീവിതം വീണ്ടും പൂവിടും.

5. കണ്ണകി ഉൗരി നൽകിയ ചിലമ്പുമായി കോവലൻ മധുരയിലെ ഒരു സ്വർണപ്പണിക്കാരനെ സമീപിച്ചു. ആയിടെ രാജ്ഞിയുടെ കളവുപോയ ചിലമ്പിനോട് സാദൃശ്യം തോന്നിയ അയാൾ കോവലനെ സംശയിച്ചു. പിന്നെ അതുമായി കൊട്ടാരത്തിലെത്തി.

6. സ്വർണപ്പണിക്കാരൻ : മഹാരാജാവേ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചയാളെ കണ്ടെത്തി.

രാജാവ്: ആശ്ചര്യം തന്നെ. അയാളുടെ ശിരസ്സ് ഛേദിക്കാൻ നാം കല്പിക്കുന്നു. നിനക്ക് സമ്മാനങ്ങളും.

7. രാജകിങ്കരൻ : പകൽ മാന്യൻ. രാജാവ് കല്പിച്ചത് അർഹമായ ശിക്ഷ തന്നെ. ഇതൊരു പാഠമാകട്ടെ.

8. കോവലനെ നിഗ്രഹിച്ച വാർത്തയറിഞ്ഞ് കണ്ണകി കോപവും ദുഃഖവും അടക്കാനാകാതെ ഉഗ്രമൂർത്തിയായി മാറി. കോവലന്റെ ശിരസ് കൈയിൽ എടുത്തുവച്ചുകൊണ്ട് അവൾ വിലപിച്ചു.

കണ്ണകി: പ്രാണനാഥ! അങ്ങയുടെ നിരപരാധിത്വം ലോകമെങ്ങും അറിയട്ടെ.

9. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിൽ സംഹാരരുദ്ര‌യെപ്പോലെ കണ്ണകി രാജസന്നിധിയിലെത്തി.

രാജാവ് : ഇതു രാജ്ഞിയുടെ കളഞ്ഞുപോയ ചിലമ്പാണ്. അതു കവർന്നതിനാണ് വധശിക്ഷ നൽകിയത്.

10. രാജാവിന്റെ വാക്കുകൾ കണ്ണകിയുടെ കോപവും ദുഃഖവും ആളിക്കത്തിച്ചു. പ്രതികാരാഗ്നിയിൽ ജ്വലിച്ചുകൊണ്ട് അവൾ മധുരാപുരിയെ ചുട്ടെരിച്ചു.

11 കാലം പിന്നെയും പ്രവഹിക്കുന്നു

ഒരുനാൾ അനന്തപുരിയിലെ കിള്ളിയാറിൽ സ്നാനവും ജപവും കഴിഞ്ഞ് വ്രതശുദ്ധിയോടെ നിൽക്കുകയാണ് മുല്ലുവീട്ടിലെ കാരണവർ. വലിയ ദേവീഭക്തനായ അദ്ദേഹം കിള്ളിയാറിൻകരയിൽ തേജസോടെ നിൽക്കുന്ന ഒരു ബാലികയെ കണ്ട് വിസ്മയിച്ചു. എന്തൊരു ഓമനത്വം. എന്തൊരു ദിവ്യത്വം.

12. കണ്ണിമയ്ക്കാതെ ബാലികയെത്തന്നെ കാരണവർ നോക്കിനിന്നു.

പുഞ്ചിരിയോടെ ബാലിക : ഞാൻ മധുരയിൽ നിന്ന് വന്നതാണ്. ഇനി കൊടുങ്ങല്ലൂരേക്ക് പോകണം.

കാരണവർ: കൊടുങ്ങല്ലൂരോ. എങ്ങനെ ഒറ്റയ്ക്ക് അവിടെത്തും.

ബാലിക : എന്നെ ആറ്റിനക്കരെയെത്താൻ സഹായിക്കുമോ

കാരണവർ : തീർച്ചയായും. അതിൽ സന്തോഷമേയുള്ളൂ.

കാരണവരും ബാലികയും ആറ്റിനക്കരെയെത്തി. കാരണവർ ചുറ്റും നോക്കിയപ്പോൾ ബാലിക അപ്രത്യക്ഷയായിരിക്കുന്നു.

13

കാരണവർ ശയിക്കുന്നു. അശരീരി പോലെ ബാലിക : എനിക്ക് ഒരു ഇരിപ്പിടം വേണം. മുല്ലുവീട്ടിന്റെ കാവിന് സമീപം മതി. ഇഷ്ടസ്ഥാനത്ത് ഞാൻ മൂന്നു വരയിടാം. നാളെ രാവിലെ നോക്കിയാൽ മതി.

പ്രഭാതത്തിൽ സ്വപ്നത്തിൽ പറഞ്ഞപോലെ കാരണവർ മുറ്റത്തു നോക്കുന്നു. ബാലിക അരുളിയപോലെ മൂന്നു വരകൾ. ആ ബാലിക ദേവിയുടെ അവതാരമല്ലേ. കാരണവർ സംശയിച്ചു. പിന്നെ ദേവിയെ മനസിൽ ധ്യാനിച്ചു.

അങ്ങനെ ആറ്റുകാലമ്മയ്ക്കായി ദിവ്യസന്നിധാനം

കാരണവർ : ആദ്യം ഞാനമ്മയെ അറിഞ്ഞില്ല. സാക്ഷാൽ പാർവതി. അതോ കണ്ണകിയോ. വരദാഭയങ്ങളേകുന്ന വിശ്വ ജനനി, ഇനി അമ്മയുടെ ദാസനായാൽ മതി.

***************

ആറ്റുകാൽ പൊങ്കാലയുടെ മാഹാത്മ്യവും മാധുര്യവും അനുപമമാണ്. മനസിനെ മൺകലമാക്കി അതിൽ പ്രാർത്ഥനയും സദ് ചിന്തകളും ഭക്തിയുടെ മധുരത്തിൽ തിളച്ചുമറിയുമ്പോൾ ആറ്റുകാൽ പൊങ്കാല ജീവിതസാഫല്യമാകുന്നു. ബാലികയായി വന്ന് അമ്മയായി ലോകമാതാവായി മാറിയ ദേവിയുടെ ഐതിഹ്യങ്ങളും തലമുറകൾക്ക് മധുരമേകും.

വിവരണം : മഞ്ചു വെള്ളായണി

ചിത്രീകരണം: സുഭാഷ് കല്ലൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTUKAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.