കൊച്ചി: വൈറ്റിലയിലെ കൂറ്റൻ ആർമി ടവറുകളുടെ ബലക്ഷയത്തിനു കാരണം ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനും (എ.ഡബ്‌ള്യു.എച്ച്.ഒ) നിർമ്മാണക്കരാർ കമ്പനിയും ചേർന്നുള്ള അഴിമതിയാണെന്ന് പദ്ധതി കൺസൾട്ടന്റായ അജിത്ത് അസോസിയേറ്റ്സ്.
2023 ഫെബ്രുവരി 17ന് എ.ഡബ്‌ള്യു.എച്ച്.ഒ ഡയറക്ടർ കേണൽ സുഭാഷ് റെയ്‌നയ്ക്ക് കമ്പനി അയച്ച കത്തിലാണ് ഗുരുതരമായ ആരോപണങ്ങൾ. കോൺട്രാക്ടറും പ്രോജക്ട് ഡയറക്ടറുമാണ് കത്തിൽ പ്രതിസ്ഥാനത്ത്.
വിജിലൻസ് അന്വേഷണം വേണമെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നും അജിത്ത് അസോസിയേറ്റ്സ് എം.ഡി പ്രൊഫ.ബി.ആർ. അജിത്ത് ആവശ്യപ്പെടുന്നു. നിർമ്മാണ കരാറുകാരായി കൊച്ചിയിലെ ശില്പ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിനെ നിശ്ചയിച്ചത് കൺസൾട്ടന്റ് അറിയാതെയാണ്.
കോൺട്രാക്ടറും പ്രോജക്ട് ഡയറക്ടറും ചേർന്ന് നടത്തിയ ക്രമക്കേടുകൾ നിർമ്മിതിയുടെ നിലവാരത്തെ ബാധിച്ചു. പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും നിലവാരമില്ലാത്ത വർക്കുകളുടെ ബില്ലുകൾ പ്രോജക്ട് ഡയറക്ടർ പാസാക്കി. ചെറിയ ബില്ലുകൾക്ക് പോലും തന്റെ ഒപ്പിന് നിർബന്ധം പിടിച്ചു. 120 കോടിയോളം രൂപയുടെ അന്തിമ ബിൽ തന്റെ ഒപ്പില്ലാതെയാണ് പാസാക്കിയതെന്നും അജിത്ത് കത്തിൽ ആരോപിച്ചിട്ടുണ്ട്.
തങ്ങളുടെ ആശങ്കകളും ശുപാർശകളും പരിഗണിച്ചതേയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി എ.ഡബ്‌ള്യു.എച്ച്.ഒ ആസ്ഥാനത്തേക്ക് അയച്ച കത്തുകൾ അവഗണിക്കപ്പെട്ടു.
തട്ടിപ്പിന് പുറത്താക്കി;
കോൺട്രാക്ടർ ചീഫാക്കി
കോൺട്രാക്ടറുമായി ഒത്തുകളിച്ചതിന് അജിത്ത് അസോസിയേറ്റ്സ് പിരിച്ചുവിട്ട പ്രോജക്ട് എൻജിനിയറെ കോൺട്രാക്ടർ അവരുടെ പ്രോജക്ട് ചീഫ് എൻജിനീയറാക്കി
ഇതിനെതിരെ നൽകിയ പരാതികൾ എ.ഡബ്‌ള്യു.എച്ച്.ഒ അവഗണിച്ചു. ഇയാളുടെ സ്വാധീനങ്ങൾക്ക് വഴങ്ങിയതിന് തങ്ങളുടെ ചില ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നു
കരാറിന് വിരുദ്ധമായി വിലകുറഞ്ഞ ചൈനീസ് ടൈലുകൾ ഉപയോഗിച്ചു
ചന്ദേർകുഞ്ച് ഫ്ളാറ്റ് പ്രശ്നത്തിൽ കേസുകൾ കോടതികളിലുണ്ട്. ഇപ്പോൾ പ്രതികരിക്കുന്നില്ല.
ടി.എസ്.സനൽ,
സി.എം.ഡി, ശില്പ പ്രോജക്ട്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |