കൊച്ചി: വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ തീരുമാനിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. ഇടതുപക്ഷ അംഗങ്ങൾകൂടി പങ്കെടുത്ത സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന ആസൂത്രണബോർഡ് അംഗവും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് മുംബയ് ക്യാമ്പസിലെ അദ്ധ്യാപകനുമായ പ്രൊഫ. ആർ. രാമകുമാറാണ് കുസാറ്റിന്റെ നോമിനി. ചാൻസലർ കൂടിയായ ഗവർണർക്ക് ഇത് സംബന്ധിച്ച് തിങ്കളാഴ്ച കത്തുനല്കും.
വി.സി നിയമനത്തിന് നോമിനിയെ അയയ്ക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം കേരള സർവകലാശാല സെനറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ എൽ.ഡി.എഫ് എം.എൽ.എമാരായ എം. വിജിൻ, സി.കെ. ആശ എന്നിവർകൂടി പങ്കെടുത്ത സിൻഡിക്കേറ്റ് യോഗത്തിലാണ് നോമിനിയെ നൽകാനുള്ള കുസാറ്റിന്റെ തീരുമാനം. രണ്ട് സർവകലാശാലകളിലും മുഴുവൻസമയ വി.സിമാരെ നിയമിക്കേണ്ടതുണ്ട്.
രാഹുൽ ആർ. നായർക്ക്
എൻ.എസ്.ജിയിലേക്ക് അനുമതി
ജെ.മഹേഷ് റെയിൽവേ എസ്.പി
തിരുവനന്തപുരം: ബറ്റാലിയൻ ഡി.ഐ.ജി രാഹുൽ ആർ. നായർക്ക് എൻ.എസ്. ജിയിൽ (നാഷണൽ സെക്യൂരിറ്റി ഗാർഡ്) ഡെപ്യൂട്ടേഷനിൽ പോവാൻ സർക്കാരിന്റെ അനുമതി. 5വർഷത്തേക്കാണിത്. രാഹുലിന്റെ അപേക്ഷയിൽ പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 2008ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ബറ്റാലിയൻ ഡി.ഐജിയുടെ ചുമതല എ.ഐ.ജി ജി.ജയ്ദേവിന് നൽകി. പൊലീസ് ആസ്ഥാനത്ത് വി.ഐ.പി സുരക്ഷയുടെ ചുമതലയിലാണ് ജയ്ദേവ് ഇപ്പോഴുള്ളത്. അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് ജെ.മഹേഷിനെ റെയിൽവേ എസ്.പിയാക്കി.
മുഖ്യ വിവരാവകാശ കമ്മിഷണർ
നിയമനം: ഗവർണർക്ക് പരാതി
തിരുവനന്തപുരം: മുൻ നിയമസെക്രട്ടറി ഹരി നായരെ മുഖ്യ വിവരാവകാശ കമ്മിഷണറായും മറ്രു മൂന്നുപേരെ വിവരാവകാശ കമ്മിഷണർമാരായും ശുപാർശ ചെയ്തത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ ഗവർണർക്ക് പരാതി നൽകി. നിയമനത്തിനു പത്രവിജ്ഞാപനം ബോധപൂർവം ഒഴിവാക്കിയെന്നും ഉന്നത യോഗ്യതയുള്ളവരെ തഴഞ്ഞെന്നുമാണ് പരാതി.
സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ശുപാർശ. നിയമം, സയൻസ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, ജേർണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവികളിലെത്തേണ്ടതെന്നാണ് വ്യവസ്ഥ. 52 അപേക്ഷകരിൽ നിന്ന് സി.പി.എം, സി.പി.ഐ, കേരളാ കോൺഗ്രസ് നോമിനികളെ ശുപാർശ ചെയ്യുകയായിരുന്നു.
ശുപാർശ പുനഃപരിശോധിക്കണമെന്നും കാര്യക്ഷമമായും നീതിപൂർവമായും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർക്ക് നിവേദനം നൽകിയതെന്ന് ചെയർമാൻ ആർ.എസ്.ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |