ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും വക്താവുമായിരുന്ന മനീഷ് തിവാരിയും നവ്ജോത് സിംഗ് സിദ്ദുവും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം. ഇരുവരും പഞ്ചാബിൽ നിന്നുള്ള നേതാക്കളാണ്. മുതിർന്ന നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന സൂചനകൾക്കിടെയാണ് കോൺഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതം സൃഷ്ടിച്ച് ഇവരുടെ പേരും പ്രചരിക്കുന്നത്.
പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള ലോക്സഭാ എം.പിയാണ് മനീഷ് തിവാരി. ബി.ജെ.പി ടിക്കറ്റിൽ ലുധിയാന മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. എന്നാൽ റിപ്പോർട്ടുകൾ മനീഷ് തിവാരിയുടെ ഓഫീസ് നിഷേധിച്ചു. പ്രചാരണം അടിസ്ഥാനരഹിതമാണ്. തിവാരി തന്റെ മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അറിയിച്ചു.
പഞ്ചാബ് മുൻ പി.സി.സി അദ്ധ്യക്ഷനായ സിദ്ദുവും കോൺഗ്രസിലെ മൂന്ന് എം.എൽ.എമാരും അടുത്തയാഴ്ച പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിന് സിദ്ദുവിനെതിരെ നേതാക്കൾ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. പാർട്ടി പരിപാടികളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. നേരത്തെ ബി.ജെ.പിയിൽ നിന്നാണ് സിദ്ദു കോൺഗ്രസിലെത്തിയത്.
ആരുമായും സംസാരിച്ചിട്ടില്ല: കമൽനാഥ്
ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ ആരുമായും താൻ സംസാരിച്ചിട്ടില്ലെന്ന് കമൽനാഥ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്തെങ്കിലുമുണ്ടെങ്കിൽ എല്ലാവരെയും അറിയിക്കാമെന്നും പറഞ്ഞു. എന്നാൽ ഡൽഹി കേന്ദ്രീകരിച്ച് ചില നീക്കങ്ങൾ നടക്കുന്നുവെന്നാണ് സൂചന. കമൽനാഥ് അനുകൂലികളായ മദ്ധ്യപ്രദേശിലെ ആറ് കോൺഗ്രസ് എം.എൽ.എമാർ ഡൽഹിയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. 230 അംഗ മദ്ധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 66 എം.എൽ.എമാരാണുള്ളത്. ഇതിൽ മൂന്നിലൊന്ന് അംഗങ്ങളെയെങ്കിലും കമൽനാഥ് ക്യാമ്പിലെത്തിക്കാൻ ശ്രമം നടക്കുന്നതായി അറിയുന്നു. കമൽനാഥിനൊപ്പം മകൻ നകുൽ നാഥ്, മുതിർന്ന നേതാവ് വിവേക് തൻഖ എന്നിവരുൾപ്പെടെ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |