ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ സെല്ലിൽ വൻ സുരക്ഷാവീഴ്ച. അസമിലെ ദിബ്രുഗഡ് ജയിലിൽ അമൃത്പാൽ കഴിയുന്ന സെല്ലിലെ തടവുകാരിൽനിന്നു സ്‌പൈ ക്യാം പേന, സ്മാർട്ട് ഫോൺ, സിം കാർഡ്, സ്മാർട്ട് വാച്ച്, ടെലിവിഷൻ റിമോട്ട്, പെൻഡ്രൈവുകൾ, ബ്ലൂടുത്ത്, ഹെഡ്‌സെറ്റ് എന്നിവ പിടിച്ചെടുത്തു. എട്ടു കൂട്ടാളികളും അമൃത്പാലിന് ഒപ്പമുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ ഇത്രയും വസ്തുക്കൾ എങ്ങനെ വന്നെന്ന
ചോദ്യം ഉയർന്നു. തുടർന്ന് ദിബ്രുഗഡ് എസ്.പി ശ്വേതാങ്ക് മിശ്ര ജയിലിലെത്തി.
ബന്ധുക്കൾക്കും അഭിഭാഷകർക്കും ജയിലിനുള്ളിൽ അമൃത്പാലിനെയും കൂട്ടാളികളെയും സന്ദർശിക്കാനുള്ള അനുമതിയുണ്ട്. ഇവർ വഴിയാണോ ജയിലിനുള്ളിൽ വസ്തുക്കൾ എത്തിയതെന്നു അന്വേഷിക്കുമെന്നും സുരക്ഷാ വീഴ്ച വിലയിരുത്തിയിട്ടുണ്ടെന്നും എസ്.പി അറിയിച്ചു. സെല്ലിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണ് അമൃത്പാലിനെ
പഞ്ചാബിലെ മോഗയിൽനിന്ന് അറസ്റ്റു ചെയ്തത്. ഒരു മാസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. സുരക്ഷാപ്രശ്നങ്ങൾ വിലയിരുത്തി പിന്നീട് അസാമിലെ ജയിലിലേക്കു മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |