നിസ്സാരമായ ചട്ടലംഘനങ്ങളുടെ പേരിൽപ്പോലും ഏറെ മനഃക്ളേശം അനുഭവിക്കുന്ന കെട്ടിട ഉടമകൾ സംസ്ഥാനത്ത് ധാരാളമുണ്ട്. പലപ്പോഴും ഇത്തരം ചട്ടലംഘനങ്ങൾ സർക്കാർ ക്രമവൽക്കരിച്ചു നൽകാറുമുണ്ട്. കെട്ടിടനിർമ്മാണ ഘട്ടത്തിൽത്തന്നെ ചട്ടലംഘനങ്ങൾ കണ്ടുപിടിച്ചു തടയുക എന്നതാണ് അഭിലഷണീയമായ കാര്യം. എന്നാൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഈ മേഖലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നതുമൂലം കെട്ടിടങ്ങൾ ചട്ടങ്ങൾ ലംഘിച്ച് ഉയർന്നുവന്നുകൊണ്ടേയിരിക്കും. പിന്നീട് പല പരിഗണനകളും വച്ചുകൊണ്ട് അവയൊക്കെ പിഴ ഈടാക്കി ക്രമവൽക്കരിക്കുകയാണ് പതിവ്. റോഡുകളിൽ നിന്ന് മൂന്നു മീറ്റർ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങൾ ക്രമവൽക്കരിച്ചു നൽകാൻ സഹായകമാകും വിധം പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ് ഇപ്പോൾ. നൂറു ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. നേരത്തെ ഇത് 60 ച. മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കായിരുന്നു. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഇതിനുള്ള അപേക്ഷാഫീസും ഏകീകരിച്ചിട്ടുണ്ട്. സെക്രട്ടറിമാർക്കാണ് ഇതിനുള്ള അപേക്ഷ നൽകേണ്ടത്.
സ്ഥലപരിമിതി മൂലം റോഡിൽ നിന്നുള്ള ദൂരപരിധി പാലിക്കാനാവാതെ കെട്ടിടം പൂർത്തിയാക്കിയവർ ധാരാളമുണ്ട്. അവർക്ക് ആശ്വാസമരുളുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥലവിലയും ആളോഹരി ഭൂമി ലഭ്യതയും വച്ചു നോക്കിയാൽ ഏറ്റവും കുറഞ്ഞ അളവിൽ ഭൂമി സ്വന്തമാക്കി വീടു നിർമ്മിക്കേണ്ടിവരുന്നവരുടെ സംഖ്യ ഏറുകയാണ്. വിജ്ഞാപനം ചെയ്ത റോഡുകൾക്കരികെ കെട്ടിടം നിർമ്മിക്കേണ്ടിവരുന്നവരാണ് എപ്പോഴും ചട്ടങ്ങളുടെ ഊരാക്കുടുക്കിൽ അകപ്പെടാറുള്ളത്. നിർമ്മാണം പൂർത്തിയാക്കി താമസം തുടങ്ങിക്കഴിയുമ്പോഴാകും അധികൃതർ ചട്ടലംഘനത്തിന്റെ നോട്ടീസുമായി എത്തുന്നത്. കൈയിലുള്ളതും കടവുമൊക്കെയായി വല്ലവിധേനയും നിർമ്മാണം പൂർത്തിയാക്കി മനസ്സമാധാനത്തോടെ കഴിയാമെന്നു കരുതുമ്പോഴാകും തദ്ദേശസ്ഥാപനങ്ങളുടെ ഇണ്ടാസുമായി ഉദ്യോഗസ്ഥരുടെ വരവ്. ഏതു വലിപ്പത്തിലുള്ള കെട്ടിടങ്ങളും നിശ്ചിത ഫീസടച്ച് ക്രമവൽക്കരിക്കാമെന്ന പുതിയ ചട്ടം വന്നതോടെ ഈയിനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനവും കൂടും.
ചിലയിനം കെട്ടിടങ്ങളുടെ കാര്യത്തിൽ ഇളവുകൾ അനുവദനീയമല്ല. നഗരവികസന പദ്ധതികളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ വരുന്ന കെട്ടിടങ്ങളാണ് അതിലൊന്ന്. നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ 2019 നവംബർ 7-നോ മുൻപോ നിർമ്മാണം നടന്നിട്ടുള്ള കെട്ടിടങ്ങൾക്കാണ് ക്രമവൽക്കരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളുമൊക്കെ മനുഷ്യർക്കു വേണ്ടിയുള്ളതാണെന്നു പറയാറുണ്ട്. കർക്കശമായ കെട്ടിട നിർമ്മാണച്ചട്ടങ്ങൾ തുണ്ടുഭൂമിയിൽ കൂര നിർമ്മിക്കാനൊരുങ്ങുന്ന സാധാരണക്കാരെ എക്കാലത്തും ഭയപ്പെടുത്താറുണ്ട്. ബന്ധപ്പെട്ടവരെ സ്വാധീനിച്ചും കൈമടക്ക് കൊടുത്തുമൊക്കെയാണ് ഇളവുകൾ നേടാറുള്ളത്. നേർവഴിക്കു പോയാൽ നടക്കാത്തത് 'വളഞ്ഞ" വഴിയിലൂടെ നേടാനാവും.
ദൂരപരിധി വിഷയത്തിൽ ചട്ടങ്ങൾ ഇളവുചെയ്തത് പലർക്കും അനുഗ്രഹമാകും. എന്നാൽ ഇതിനായുള്ള അപേക്ഷകൾ ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് കുരുങ്ങിപ്പോകാതെ നോക്കണം. സാധാരണക്കാർക്കു വേണ്ടിയാണ് നെൽവയൽ സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന് നിശ്ചിത അളവിൽ വയൽ നികത്തുഭൂമി ക്രമവൽക്കരിക്കാൻ നടപടി എടുത്തത്. എന്നാൽ അപേക്ഷകളുടെ ആധിക്യം കാരണം ലക്ഷക്കണക്കിനാളുകൾ നട്ടം തിരിയുകയാണ്. പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടു പോലും അപേക്ഷകളിൽ തീർപ്പുണ്ടാകാൻ ഏറെ സമയമെടുക്കുന്നു. കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള അപേക്ഷകളും ഇത്തരത്തിൽ ഫയൽ കൂമ്പാരമായി കിടന്നുപോകരുത്. ജില്ലാതലത്തിലുള്ള ക്രമവൽക്കരണ കമ്മിറ്റിയാണ് അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടത്. പരാതിയുള്ളവർക്ക് സംസ്ഥാനതലത്തിൽ അപ്പീൽ സമർപ്പിക്കാം. സ്വാഭാവികമായും ഏറെ സമയം വേണ്ടിവരുന്ന പ്രക്രിയകളാണിതൊക്കെ. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കഴിവതും വേഗത്തിൽ അപേക്ഷകൾ തീർപ്പാക്കാനുള്ള സംവിധാനം ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |