SignIn
Kerala Kaumudi Online
Saturday, 27 July 2024 5.58 AM IST

സമരാഗ്നി ഊർജമായി: എറണാകുളത്ത് യു.ഡി.എഫ് കളത്തിലേയ്ക്ക്

congress

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച സമരാഗ്നി പ്രക്ഷോഭയാത്ര നൽകിയ പുത്തൻഊർജവുമായി യു.ഡി.എഫ് എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ഒ‌ൗദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർത്ഥികൾ അനൗപചാരികമായ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

സിറ്റിംഗ് എം.പിമാരായ ഹൈബി ഈഡൻ എറണാകുളത്തും ബെന്നി ബെഹനാൻ ചാലക്കുടിയിലും ഡീൻ കുര്യാക്കോസ് ഇടുക്കിയിലും മത്സരിക്കുമെന്ന് ഉറപ്പിച്ചു. കേരള കോൺഗ്രസിന് നൽകിയ കോട്ടയത്ത് ഫ്രാൻസിസ് ജോർജും മത്സരിക്കും. എറണാകുളം ജില്ലകൂടി ഉൾപ്പെട്ട നാലു ലോക്‌സഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉറപ്പായതോടെ ശക്തമായ പ്രചാരണത്തിനാണ് ഒരുക്കം.

സമരാഗ്നി പ്രക്ഷോഭയാത്ര രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി ഇന്നലെ ജില്ല വിട്ടു. മൂന്നു സ്വീകരണകേന്ദ്രങ്ങളിലും വൻജനാവലിയാണ് എത്തിയത്. താഴേത്തട്ടിൽവരെ പുത്തനുണർവും ഉത്സാഹവും ഊർജവും നൽകാൻ യാത്രയ്ക്ക് കഴിഞ്ഞെന്നാണ് ജില്ലയിലെ മുതിർന്ന കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തൽ. താഴേത്തട്ടിൽ പ്രചാരണം കൊഴുപ്പിക്കാവുന്ന സംഘടനാസംവിധാനം ശക്തമായെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കളമുറപ്പിച്ച് ഹൈബി

മുൻതിരഞ്ഞെടുപ്പിലേതുപോലെ അനായാസവിജയമാണ് എറണാകുളത്ത് ഹൈബി ഈഡൻ പ്രതീക്ഷിക്കുന്നത്. സമുദായ, രാഷ്ട്രീയസമവായമെല്ലാം അനുകൂലമാണെന്ന് ഹൈബിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സമുദായ സംഘടനാ ഭാരവാഹികൾ, മതമേലദ്ധ്യക്ഷന്മാർ, പ്രമുഖ വ്യക്തികൾ തുടങ്ങിയവരെ ഹൈബി സന്ദർശിച്ച് പിന്തുണ ഉറപ്പിക്കുന്നു. പൊതുസമ്മതനായ സ്വതന്ത്രനെ കണ്ടെത്തത്താൻ എൽ.ഡി.എഫിന് ഇനിയും കഴിയാത്തതും അനുകൂലഘടകമായി കോൺഗ്രസ് വിലയിരുത്തുന്നുണ്ട്.

ചാലക്കുടിയിൽ രാഷ്ട്രീയനീക്കം

ചാലക്കുടിയിൽ ബെന്നി ബഹനാനും അനൗപചാരികമായ പ്രചാരണം ആരംഭിച്ചു. കഴിഞ്ഞതവണ പിന്തുണച്ച സാമൂഹിക, സംഘടനാ ഭാരവാഹികളെയും സമുദായ നേതാക്കളെയും സന്ദർശിക്കുന്നുണ്ട്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനമുള്ള യാക്കോബായ ഉൾപ്പെടെ ക്രൈസ്തവസഭകളുമായും സൗഹൃദം പുതുക്കുന്നുണ്ട്.

എറണാകുളത്തും ബന്ധങ്ങളുള്ള മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയമായ കരുനീക്കവും ചാലക്കുടിയിൽ യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. യു.ഡി.എഫ് എം.എൽ.എമാരുൾപ്പെടെ താഴേത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രംഗത്തിറങ്ങി.

ഇടുക്കിക്കും കോട്ടയത്തിനും ശ്രദ്ധ

കോതമംഗലം, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട ഇടുക്കി മണ്ഡലത്തിൽ മൂവാറ്റുപുഴ സ്വദേശിയായ ഡീൻ കുര്യാക്കോസിന്റെ വിജയം നിലനിറുത്താനും പ്രത്യേകശ്രദ്ധ നൽകും. എൽ.ഡി.എഫിലെ ആന്റണി ജോൺ എം.എൽ.എയായ കോതമംഗലത്ത് കൂടുതൽ വോട്ടുനേടാൻ പ്രത്യേകശ്രദ്ധ നൽകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

കോട്ടയത്ത് ഉൾപ്പെട്ട പിറവം നിയമസഭാ മണ്ഡലത്തിൽ അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്രാൻസിസ് ജോർജിന്റെ പ്രചാരണം ഏകോപിപ്പിക്കും. കേരള കോൺഗ്രസുകൾക്ക് നിർണായകസ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ പരമാവധി വോട്ടുറപ്പിക്കാനാണ് ശ്രമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ERNAKULAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.