SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.42 PM IST

അടുത്ത യുദ്ധക്കളം ബഹിരാകാശമോ? ലോകത്തിന് ഭീഷണിയാവുന്ന മാരകമായ ആന്റി സാറ്റലൈറ്റ് വെപ്പൺ റഷ്യ സ്വന്തമാക്കാനൊരുങ്ങുന്നു?

anti-satellite-weapon

ലോകത്തെ വമ്പൻ ശക്തികളിൽ ഒന്നായ റഷ്യ കഴിഞ്ഞ കുറച്ച് കാലങ്ങളായി വാ‌ർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. റഷ്യ-യുക്രെയിൻ യുദ്ധവും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുഖ്യ എതിരാളിയായ അലക്‌സി നവാൽനിയുടെ അസ്വാഭാവിക മരണവും അതിനെത്തുടർന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവുമെല്ലാം ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ബഹിരാകാശത്ത് ശക്തി പ്രകടിപ്പിക്കാനുള്ള റഷ്യയുടെ നീക്കമാണ് ചർച്ചയാവുന്നത്.

ബഹിരാകാശ ആണവായുധം

ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള ആണവായുധം നിർമിക്കാനുള്ള നീക്കത്തിലാണ് റഷ്യയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലോകത്താകമാനമുള്ള മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള ഉഗ്രശക്തിയുള്ള ആയുധമാണ് റഷ്യ നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാവുന്ന ഒരു മാരകായുധം നിർമിക്കാനുള്ള നീക്കത്തിലാണ് പുടിന്റെ രാജ്യമെന്ന് യു എസ് സ്ഥിരീകരിച്ചുകഴിഞ്ഞു.

ബഹിരാകാശം അടിസ്ഥാനമായി പ്രവർത്തിക്കുന്ന, ഉഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കുന്ന ആണവായുധമാണ് റഷ്യ നിർമിക്കാനൊരുങ്ങുന്നത്. ഒരു രാജ്യത്തിനും നിലവിൽ ബഹിരാകാശത്ത് സ്വന്തമായി ആണവായുധങ്ങൾ ഇല്ല. അതിനാൽ തന്നെ സ്വന്തമായി ബഹിരാകാശ ആണവായുധം നിർമിക്കുന്നതിലൂടെ ഭൂമിക്ക് പുറമേ ബഹിരാകാശത്തും ആധിപത്യം ഉറപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. അടുത്ത യുദ്ധക്കളം ബഹിരാകാശമായിരിക്കുമോയെന്നും ചോദ്യം ഉയരുന്നു. എന്നാൽ ആയുധം റഷ്യ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നും അതിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, പുതിയ ആണവായുധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുതിയ റിപ്പോ‌ർട്ടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. യാത്ര, ബിസിനസ് എന്നീ മേഖലകളിൽ മനുഷ്യർ ഇപ്പോൾ കൂടുതലായി ബഹിരാകാശത്ത് ശ്രദ്ധചെലുത്തുന്നുണ്ടെന്നും ബഹിരാകാശത്തിന്റെ വാണിജ്യവത്‌കരണം എന്ന ഘട്ടത്തിലേയ്ക്ക് ലോകം എത്തിനിൽക്കുകയാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതിന്റെ തുടക്കമാകാം റഷ്യയുടെ പുതിയ നീക്കങ്ങളെന്നും ആരോപണമുണ്ട്.

ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള ആണവായുധം റഷ്യ വികസിപ്പിക്കുന്നതായാണ് യുഎസ് ആരോപിക്കുന്നത്. എന്നാൽ ഇത്തരത്തിലൊരു ആയുധം വികസിപ്പിച്ചതിനും വിന്യസിച്ചതിനും തെളിവുകളൊന്നുമില്ലെന്ന് യു എസിലെ ഉന്നത വൃത്തങ്ങൾ പറയുന്നു. റഷ്യയും ചൈനയും ബഹിരാകാശത്ത് സ്ഥിരമായി സൈനിക ശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വർഷങ്ങളായി യുഎസ് ഉദ്യോഗസ്ഥരും ബഹിരാകാശ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

മിസൈലുകൾ ഉൾപ്പെടെ ആന്റി സാറ്റലൈറ്റ് ആണവായുധങ്ങൾ റഷ്യ വികസിപ്പിക്കുകയാണെന്നും 2021ൽ ഇതിന്റെ പരീക്ഷണം നടത്തിയതായും വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്താണ് ബഹിരാകാശ ആയുധങ്ങൾ?

ലോകത്തെമ്പാടുമുള്ള പുതിയ ആയുധ സംവിധാനത്തെ മൂന്ന് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക്, ബഹിരാകാശത്ത് നിന്ന് ബഹിരാകാശത്തേക്ക്, ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് എന്നിങ്ങനെയാണിത്.

ഭൂമിയിൽ നിന്ന് ബഹിരാകാശത്തേയ്ക്ക് വിന്യസിക്കുന്ന ആയുധങ്ങളാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ആന്റി സ്‌പേസ് സാറ്റലൈറ്റ് ആയുധങ്ങൾ യുഎസ്, ചൈന, ഇന്ത്യ, റഷ്യ പോലുള്ള രാജ്യങ്ങൾ പരീക്ഷിച്ചുകഴിഞ്ഞു. എനർജി ലേസറുകൾ, ജാമറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ബഹിരാകാശത്തുനിന്ന് ബഹിരാകാശത്തേയ്ക്ക് വിന്യസിക്കുന്ന ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇത് നേരിട്ടുള്ള ചലനാത്മക ആഘാതം അല്ലെങ്കിൽ ഉയർന്ന ഫ്രീക്വൻസി ഉപയോഗിച്ച് മറ്റ് ഉപഗ്രഹങ്ങളെ ആക്രമിക്കുന്നു.

ചലനത്മകമോ അല്ലാത്തതോ ആയ പരിക്രമണ മാർഗങ്ങൾ ഉപയോഗിച്ച് ഭൗമ വസ്തുക്കളെ ആക്രമിക്കുന്ന ആയുധങ്ങളാണ് ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾ.

ബഹിരാകാശ ആണവായുധം ഭീഷണിയാകുന്നതെങ്ങനെ?

വൻതോതിൽ ഊർജതരംഗം സൃഷ്ടിച്ച് ഭൂമിയിലെ സാറ്റലൈറ്റ് സേവനങ്ങളെ നശിപ്പിക്കാൻ കഴിയുന്ന ആണവ ബഹിരാകാശ ആയുധമാണ് റഷ്യ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ആശയവിനിമയത്തിനും, നിരീക്ഷണത്തിനും, സുരക്ഷയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും മറ്റും ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചുതന്നെ തുടച്ചുനീക്കാൻ ഇത്തരം ആയുധങ്ങൾക്ക് സാധിക്കുമെന്നതാണ് ആശങ്കയുയർത്തുന്നത്.

ആണവായുധങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനെയും ബഹിരാകാശത്ത് സ്ഥാപിക്കുന്നത് വിലക്കുകയും ചെയ്യുന്ന ഉടമ്പടിയുടെ ലംഘനമായിരിക്കും ഇത്. ഔട്ടർ സ്‌പേസ് ഉടമ്പടി പ്രകാരം ഇന്റർനാഷണൽ ട്രീറ്റിയും ബഹിരാകാശത്ത് ആണവായുധം വിന്യസിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ ഉപരോധങ്ങളെല്ലാം കാറ്റിൽപ്പറത്തുന്ന റഷ്യ ലോകത്തിനുതന്നെ ഭീഷണിയാകുന്ന പുതിയ നിർമാണത്തിലേയ്ക്ക് കടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നിലവിൽ ലോകമെമ്പാടുമുള്ള സൈനിക ശക്തികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി ബഹിരാകാശം മാറിയിരിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബഹിരാകാശ പര്യവേഷണം നടത്തിയിരുന്ന മനുഷ്യർ ബഹിരാകാശത്തിന്റെ വാണിജ്യവത്‌കരണത്തിലേയ്ക്ക് കടക്കുകയാണ്. ഇനി രാജ്യങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുക ബഹിരാകാശം പിടിച്ചടക്കാനും ആധിപത്യം സ്ഥാപിക്കാനുമായിരിക്കും. കടലും ആകാശവും സ്വതന്ത്രമായി കിടക്കുന്നതിനാൽ ഇവിടങ്ങളും പിടിച്ചടക്കാനുള്ള ലക്ഷ്യത്തിലായിരിക്കും ഇനി രാജ്യങ്ങളെന്നും ബഹിരാകാശ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഔട്ടർ സ്‌പേസ് ട്രീറ്റി

യുഎസും ചൈനയും റഷ്യയും ഒപ്പുവച്ച 1967ലെ ബഹിരാകാശ ഉടമ്പടി പ്രകാരം ആണവായുധങ്ങളോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നശീകരണ ആയുധങ്ങളോ വഹിക്കുന്ന വസ്തുക്കളെയോ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് രാജ്യങ്ങൾക്ക് വിലക്കുണ്ട്. ഉടമ്പടിക്ക് മുൻപായി അമേരിക്ക ആണവ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തിയിരുന്നു. ഇത് വൈദ്യുതകാന്തിക പൾസിനെ സ്വാധീനിക്കുകയും ഭൂമിക്ക് ചുറ്റുമായി റേഡിയേഷൻ ബെൽറ്റുകൾ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTI SATELLITE WEAPON, RUSSIA, SPACE WEAPON, US, THREAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.