പ്രണയബന്ധം അവസാനിപ്പിച്ചാല്‍ പിന്നെ പകയായി പ്രതികാരമായി അക്രമവും കൊലപാതകവും വരെ ആകുന്ന സംഭവങ്ങള്‍ ആണ് അധികവും കേള്‍ക്കാറുള്ളത്. ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാകുകയാണ് ഓസ്ട്രേലിയയില്‍ ഒരു യുവതി ചെയ്ത വേറിട്ട പ്രവൃത്തി.
വേര്‍പിരിഞ്ഞ കാമുകനെ ഹോട്ടലില്‍ വിളിച്ചുവരുത്തി ഞെട്ടിക്കുകയാണ് യുവതി ചെയ്തത്. 2.17 കോടി രൂപ വിലയുള്ള ആഡംബര കാറാണ് സമ്മാനമായി നല്‍കിയത്. യുവാവിന്റെ ഞെട്ടലിന് ഇരുവരുടേയും കുടുംബങ്ങളും സാക്ഷികളായിരുന്നു. കാര്‍ നല്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച യുവതി മുന്‍ കാമുകനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
ഓസ്ട്രേലിയയിലെ സോഷ്യല്‍ മീഡിയ താരമായ അന്ന പോള്‍ ആണ് ആഡംബര കാര്‍ മുന്‍ കാമുകന് തോംസണ്‍ സമ്മാനമായി നല്കി ഏവരേയും ഞെട്ടിച്ചത്. നാല് ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ വിലയുള്ള (2.17 കോടി രൂപ) നിസ്സാന്‍ ജി.ടി. ആര് ആര് 33 കാര്‍ ആണ് അന്ന സമ്മാനിച്ചത്.
ഭക്ഷണത്തിന് ശേഷം അന്ന പോള്‍ തന്റെ ജീപ്പില്‍ അടുത്തിടെ ചെയ്ത പുതിയ ഡിസൈന്‍ കാണാന്‍ തോംസണെ ക്ഷണിച്ചു. ഗ്യാരേജിലെത്തിയപ്പോള് തൊട്ടടുത്ത് കിടന്ന ആഡംബര കാര്‍ കണ്ടെങ്കിലും മറ്റാരുടെയോ വാഹനമായിരിക്കും എന്ന് കരുതി കാര്യമായി ശ്രദ്ധിച്ചില്ല.
അടുത്ത് കിടന്ന കാറിലേക്ക് ചൂണ്ടി ഈ കാര്‍ എങ്ങനെയുണ്ടെന്ന് അഭിപ്രായം ആരാഞ്ഞു. കൊള്ളാമെന്ന് പറഞ്ഞതോടെ അതിന്റെ താക്കോല്‍ എടുത്തുനല്‍കി. ഞെട്ടിപ്പോയ തോംസണ്‍ അമ്പരന്ന് നില്ക്കുന്നതും അദ്ദേഹത്തിന്റെ കണ്ണുനിറയുന്നതും വീഡിയോയില്‍ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |