SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.12 AM IST

അഗസ്ത്യമുനിയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ അതിന്റെ നെറുകയിലെത്തി ആ ആനന്ദം അനുഭവിക്കാനാകൂ; യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കെയാണ്

agastyarkoodam

വന്യമായ കാട് എന്നും മോഹിപ്പിച്ചിട്ടേയുള്ളൂ. ഇതിനുമുമ്പും പല കാടുകളിലേക്കും യാത്ര ചെയ്തിട്ടുണ്ടെങ്കിലും അഗസ്ത്യ മുനി പർണശാല കെട്ടി തപസ് ചെയ്ത അഗസ്‌ത്യാർകൂടം അന്യമായി നിന്നു. പക്ഷേ ഇപ്പോഴത് സാധിച്ചിരിക്കുന്നു. അഗസ്ത്യമുനിയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ അതിന്റെ നെറുകയിലെത്തി ആ ആനന്ദം അനുഭവിക്കാനാകൂ എന്ന് ഗോത്ര വിഭാഗക്കാർ വിശ്വസിക്കുന്നുണ്ട്. ജനിച്ചുവളർന്ന സ്ഥലത്ത് നിന്ന് 53 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെങ്കുത്തായ ഈ മല ഒരിക്കലെങ്കിലും കയറണമെന്ന് തോന്നിത്തുടങ്ങിയിട്ട് നാളുകളേറെയായി. ഹിന്ദു പുരാണത്തിലെ സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയെ ഇത്രയും അടുത്തറിയാനുള്ള അവസരം ഒരുപക്ഷേ ഇനി ലഭിച്ചിലെങ്കിലോ എന്നുപോലും തോന്നിയിരുന്നു.

19ന് രാവിലെ 6.30 ഓടെയാണ് യാത്ര തുടങ്ങിയത്. കൂടെയുണ്ടായിരുന്നത് തലസ്ഥാനത്തെ നാല് ചങ്കുകൾ. യാത്രയ്ക്ക് ആവശ്യമുള്ള സാധനങ്ങളുമായി കാറിൽ,​ വനം വകുപ്പിന് കീഴിലുള്ള ബോണക്കാട്ടെ ബേസ് ക്യാമ്പിലേക്ക്. യാത്രയ്ക്കിടെയുള്ള ചർച്ചയിൽ അഗസ്ത്യനും പോകുന്ന ദുർഘടം പിടിച്ച വഴികളുമൊക്കെ കടന്നുവന്നു. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും ഈ വിസ്മയ ഭൂപ്രകൃതി മനസ് നിറഞ്ഞ് ആസ്വദിക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു മനസിൽ. എട്ടരയോടെ ആദ്യ ബേസ് ക്യാമ്പായ ബോണക്കാട് എത്തി. അവിടെയെത്തുമ്പോൾ ഞങ്ങളെ പോലെ ട്രക്കിംഗിനായി എത്തിയവർ നിരവധി. യുവതീ -യുവാക്കളും പ്രായമേറിയവരും സ്ത്രീകളുമൊക്കെ. പിന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് രേഖകൾ കൈമാറി. മെഡിക്കൽ സർട്ടിഫിക്കറ്റും ബാഗും പരിശോധിച്ചു. പ്ലാസ്റ്റിക് സാധനങ്ങൾ ഉണ്ടോ എന്നറിയാനാണിത്. കാട്ടിലേക്ക് പ്ളാസ്റ്റിക് കൊണ്ടുപോകാനാകില്ല. കൊണ്ടുപോയാൽ അതുപോലെ അതെല്ലാം തിരിച്ചുകൊണ്ടുവരികയും വേണം. അതിന് 100 രൂപ ഈടാക്കും. തിരിച്ചു നൽകുമ്പോൾ പണവും മടക്കി നൽകും. എല്ലാം പൂർത്തിയാക്കി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ക്ളിയറൻസ് കിട്ടി. യാത്രയിൽ ആദ്യന്തമുള്ള മറ്റൊരു കൂട്ടുണ്ട്. നാലടിയോളം നീളമുള്ള ഒരു കമ്പാണത്. സ്ഥിരം ട്രെക്കിംഗിന് പോകുന്നവർ ട്രെക്കിംഗ് സ്റ്റിക്കുമായാണ് എത്തിയത്. മല കയറുമ്പോൾ കുത്തി നടക്കാൻ ഇത് നിങ്ങളെ ചെറുതായൊന്നുമല്ല സഹായിക്കുക. ക്യാമ്പിൽ ഇത്തരത്തിലുള്ള തേയിലക്കമ്പ് വെട്ടിമിനുക്കി വച്ചിട്ടുണ്ട്. ഇഷ്ടമുള്ളത് എടുക്കാം. 20 രൂപയാണ് വില. ഒത്ത ഒരു കമ്പ് തിരഞ്ഞെടുത്തു. മുറുകെ പിടിച്ച് നിലത്തൊന്ന് ഇടിച്ചു. മല കയറാനുള്ള നിശ്ചയദാർഢ്യം പോലെ തന്നെ ഉറച്ച ശബ്ദം. ഇതിനിടെ,​ കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഓഫീസറായ ഹിമയെയും ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിനെയും കണ്ടുമുട്ടി. അഗസ്‌‌ത്യാർകൂടത്തിലേക്ക് 2018ൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചശേഷം യാത്ര ചെയ്ത പെൺസംഘത്തിൽ ഹിമയും ഉണ്ടായിരുന്നു.


 അതിരുമല ബേസ് ക്യാമ്പിലേക്ക്
ബോണക്കാട് നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ പിന്നെയുള്ള ഏക ഇടത്താവളം അതിരുമലയാണ്. ട്രെക്കിംഗിന് എത്തുവന്നവർക്ക് താമസം ഒരുക്കിയിരിക്കുന്നത് അവിടെയാണ്. രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള ഭക്ഷണം വാങ്ങി. പ്രഭാത ഭക്ഷണത്തിന് ഉപ്പുമാവോ പൂരിയോ തിര‍‌ഞ്ഞെടുക്കാം. ക്യാമ്പിലിരുന്ന് കഴിക്കാം. അല്ലെങ്കിൽ കൈയിൽ കരുതാം. ഉച്ചയ്‌ക്ക് കഴിക്കാൻ കൂവയിലയിൽ പൊതിഞ്ഞ ചോറ്,​ പ്ളാസ്റ്റിക് ടിന്നുകളിലായി (യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ തിരിച്ചേൽപിക്കണം)​ രസവും സാമ്പാറും. പിന്നെ അവിയൽ,​ നാരങ്ങ,​ ചെറിയൊരു തോരൻ. ഭക്ഷണപ്പൊതി ബാഗിലേക്ക് വച്ചു. ഹിമയുമായി സൗഹൃദ സംഭാഷണത്തിന് ശേഷം ഗൈഡിനൊപ്പം യാത്ര തുടങ്ങി. ആദ്യം യാത്ര തുടങ്ങിയ അ‍ഞ്ചംഗ സംഘവും ഞങ്ങളായിരുന്നു.

വനത്തിന്റെ കാവൽക്കാരായ കാണി വിഭാഗത്തിൽപെട്ടവരാണ് അഗസ്ത്യാർ കൂടം ട്രെക്കിംഗിൽ വനം വകുപ്പിന് ഏറ്റവും കൂടുതൽ സഹായകമാകുന്നത്. പേപ്പാറ വന്യജീവി കേന്ദ്രത്തിന്റെ ഭാഗമായി ഇവരെ വാച്ചർമാരായി ദിവസക്കൂലിക്ക് 40 പേരെ നിയമിച്ചിട്ടുണ്ട്. 16.5 കിലോമീറ്റർ വനത്തിലൂടെ കുന്നും മലയും പാറയും കയറിവേണം അതിരുമലയിലെത്താൻ. ഷോർട്ട് കട്ട് ഉള്ളതിനാൽ ഇപ്പോൾ 14.5 കിലോമീറ്ററേയുള്ളൂ. വഴി തെറ്റുമെന്ന ഭയം വേണ്ട. കാരണം,​ കാലങ്ങൾക്ക് മുമ്പേ ആളുകൾ നടന്നതിനാൽ നടപ്പാത തെളിഞ്ഞുകാണാം.

agastyarkoodam1

ബോണക്കാട് ബേസ് കാമ്പിൽ രണ്ട് കിലോമീറ്റർ പിന്നിടുമ്പോൾ തന്നെ കാനനഭംഗി നിങ്ങളെ സ്വാഗതം ചെയ്യും. കിളികളുടെ കളകൂജനം. ചെവി വട്ടംപിടിച്ചാൽ ഉൾക്കാട്ടിൽ ആനയുടെ ചിന്നംവിളി കേൾക്കാം. വഴിനീളെ കരടിയുടെ കാഷ്ഠവും കാണാം. ബോണക്കാടിനും അതിരുമലയ്ക്കും ഇടയിൽ നാലു ക്യാമ്പുകളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കായുള്ളത്. ലാത്തിമൊട്ട, കരമനയാർ, വാഴപ്പൈന്തിയാർ, അട്ടയാർ എന്നിവയാണവ. ഇതുവഴി തണുത്ത കാറ്റേറ്റുള്ള യാത്ര ശരീരമാകെ കുളിർപ്പിക്കും. വെയിലുറച്ചാൽ പോലും ക്ഷീണിക്കില്ല. അതാണ് കാലാവസ്ഥ. പോകുന്ന വഴിയിൽ പലയിടത്തും അരുവികൾ. കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. കൈക്കുമ്പിളിൽ ആവോളം കോരിയെടുത്ത് ദാഹകമറ്റാം. നീന്തിത്തുടിക്കാൻ തണുത്ത വെള്ളച്ചാട്ടങ്ങളമുണ്ട്. ഞങ്ങൾ വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്രയ്ക്കിടെ,​ അഗസ്‌ത്യനെ കണ്ട് മലയിറങ്ങി വരുന്നവർ ഏറെ. ഒരു പരിചയവും ഇല്ലാത്തവർ പരസ്പരം നോക്കി പുഞ്ചിരിച്ചു,​ ഹ്രസ്വകുശലാന്വേഷണം നടത്തി,​ പിന്നെ കൈവീശി യാത്ര പറയുന്നു. വനമായതിനാൽ തന്നെ ഒട്ടുമിക്ക മൊബൈൽ കമ്പനികൾക്കും റേഞ്ചില്ല. എന്നാൽ,​ ബി.എസ്.എൻ.എലിന് അത്യാവശ്യം നല്ല റേഞ്ചുണ്ട്. ചിലയിടങ്ങളിൽ അതും ഇല്ല. അല്ലെങ്കിലും അഗസ്‌ത്യമലയെന്ന ഒറ്റലക്ഷ്യം മാത്രമുള്ളപ്പോൾ എന്തിനാണ് മൊബൈൽ റേഞ്ച്.

അതിരുമലയിലേക്കുള്ള യാത്രയിൽ കടക്കാൻ ഏറ്റവും കഠിനമേറിയ പ്രദേശം 700 മീറ്ററോളം ദൂരമുള്ള മുട്ടിടിച്ചാൻ പാറയാണ്. പേരുപോലെ തന്നെയാണ് ഇടിച്ചിടിച്ചേ കയറാനാവൂ. ശ്വാസമെടുക്കാൻ പോലും പാടുപെടും,​ അതാണ് മുട്ടിടിച്ചാൻ തേരി. ഇത് കയറുമ്പോൾ ഹൃദയാഘാതം വന്നവരുടെ കഥ വാച്ചർമാർ പറഞ്ഞറിഞ്ഞു. അതും പിന്നിട്ട് പിന്നെ ചെല്ലുന്നത് കുറച്ചുകൂടി ഘോരവനത്തിലാണ്. കരിങ്കുരങ്ങുകൾ ചാടിക്കളിക്കുന്ന വനത്തിന് നടുവിലൂടെയുള്ള യാത്ര. അപ്പോഴേക്കും സമയം ഏതാണ്ട് നാല് മണിയോടടുക്കും. ബേസ് ക്യാമ്പിലെത്താൻ പിന്നെയും വേണം ഒരു മണിക്കൂറോളം. കുത്തനെയുള്ള ഇടുങ്ങിയ വഴികളായതിനാൽ ഒരു കിലോമീറ്റർ പിന്നിടാൻ ഒന്നുമുതൽ ഒന്നര മണിക്കൂർ വരെ വേണ്ടിവരും. 5.30 ഓടെ അതിരുമല ബേസ് ക്യാമ്പിലെത്തി. ബേസ് ക്യാമ്പിന്റെ കവാടത്തിൽ ബോർഡ് വച്ചിട്ടുണ്ട് അഗസ്ത്യാർകൂടം - 6 കിലോമീറ്റർ എന്ന്. ക്യാമ്പിനു മുന്നിൽ നിന്ന് നോക്കിയാൽ നേരെ കാണുന്നത് അഗസ്‌ത്യ മലയാണ്. ചെങ്കുത്തായ മലയെ ഒരു നിമിഷം വാപൊളിച്ച് നോക്കിനിന്നു. അന്ന് പിന്നെ യാത്രയില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും ഡോർമെറ്ററികൾ ഒരുക്കിയിട്ടുണ്ട്. ചെന്നയുടൻ വാതിലിന് സമീപത്തായി കിടക്കകൾ കണ്ടെത്തി സ്ഥാനം പിടിച്ചു. നടന്നതിന്റെ ക്ഷീണം മാറാൻ ക്യാമ്പിന് സമീപത്ത് തന്നെയുള്ള സാമാന്യം ചെറുതല്ലാത്ത കൈത്തോട്ടിൽ കുളിക്കാനായി പോയി. ബാത്ത് റൂം ഉപയോഗിക്കണമെന്നുള്ളവർക്ക് അതാവാം. തോട്ടിലെ വെള്ളത്തിൽ കാൽ വച്ചതേയുള്ള തണുപ്പ് ഉച്ചിവരെ അരിച്ചുകയറി. അല്പനേരം കൊണ്ട് തണുപ്പുമായി താദാത്മ്യം പ്രാപിച്ചു. പിന്നെ മുങ്ങിനിവർന്നപ്പോൾ ഇതുവരെയുള്ള ക്ഷീണമെല്ലാം പമ്പ കടന്നതുപോലെ. ക്യാമ്പിന്റെ ചില ഭാഗങ്ങളിൽ മൊബൈൽ റേഞ്ച് അന്വേഷിച്ച് ചിലരൊക്കെ കൂട്ടം കൂടി നിൽക്കുന്നു. സമീപത്തെ പുൽക്കാടുകളിലേക്ക് പോയി പാറയിൽ കയറി റേഞ്ച് പിടിക്കുന്നവരും ഏറെ. ക്യാമ്പിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് സോളാർ വഴിയാണ്. അതിനാൽ തന്നെ വൈകിട്ട് 6 മണിക്കേ ലൈറ്റ് ഓൺ ചെയ്യൂ,​ 9ന് ഓഫ് ചെയ്യും.

agastyarkoodam-5നേരം ഇരുട്ടിത്തുടങ്ങിയതോടെ തണുത്ത കാറ്റ് ശക്തിയായി വീശാൻ തുടങ്ങി. ക്യാമ്പിന്റെ വാതിൽ പലതവണ ശബ്ദത്തോടെ വന്നട‍‍ഞ്ഞു. അലൂമിനിയം റൂഫിംഗ് ഷീറ്റ് മേഞ്ഞാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. സൗകര്യങ്ങളൊക്ക കമ്മിയാണ്. നിരനിരയായി പായ വിരിച്ച് കിടക്കാം. സ്ളീപ്പിംഗ് ബാഗുമായി എത്തുന്നവർ പായുടെ മുകളിൽ വച്ച് അതിലേക്ക് ചരിഞ്ഞു.മൊബൈലിൽ ഡൗൺലോഡ് ചെയ്തിട്ടിരിക്കുന്ന സിനിമ കാണുന്നവർ,​ പരിചയപ്പെട്ട ശേഷം സൊറ പറഞ്ഞിരിക്കുന്നവർ...അങ്ങനെ വിവിധതരം ആളുകൾ. എല്ലാവരും കാത്തിരിക്കുന്നത് അടുത്ത ദിവസത്തെ അഗസ്‌ത്യമലയിലേക്കുള്ള യാത്രയാണ്.

സഞ്ചാരികൾക്ക് അതിരുമലയില്‍ ആഹാരം പാകം ചെയ്യുന്നത് പേപ്പാറയിലെ ആദിവാസി സെറ്റില്‍മെന്റുകളിലൊന്നായ 'പാറ്റാമ്പാറ' നിന്നും തലച്ചുമടായി എത്തിക്കുന്ന ഗ്യാസ് ഉപയോഗിച്ചാണ്. സാധനങ്ങളും അങ്ങനെ തന്നെയാണ് എത്തിക്കുന്നത്. ഭക്ഷണത്തിന് വില അല്പം കൂടുതലാണെങ്കിലും അതിന് കാരണമുണ്ട്. വനമേഖലയിലൂടെ കുന്നും മലയും കയറി തലച്ചുമടായി വേണം സാധനങ്ങൾ ഇവിടെ എത്തിക്കാൻ. ആ ബുദ്ധിമുട്ട് കണക്കിലെടുത്താൽ വില അത്ര വലുതല്ല. എന്നാൽ,​ മികച്ച ഭക്ഷണവും കിട്ടും. കട്ടൻ ചായയും ചുക്ക് കാപ്പിയും ബജിയോ,​ പഴംപൊരിയോ വൈകിട്ട് ലഭിക്കും. രാത്രിയിൽ കഞ്ഞിയും പയറുമാണ്. കൂടെ പപ്പടം,​ നാരങ്ങാ അച്ചാർ,​ വറുത്ത മുളക്. എല്ലാം കൂട്ടി ഒരു പിടിപിടിച്ചാൽ പിന്നെ കുശാലാണ്. രണ്ടാമതും മൂന്നാമതുമൊക്കെ കഞ്ഞി തരാൻ അവർക്ക് ഒരു മടിയുമില്ല. ഭക്ഷണത്തിന് ശേഷം എല്ലാവരും ഡോർമെറ്ററിയിലേക്ക് കയറും. നല്ല തണുപ്പായതിനാൽ പുറത്ത് അധികസമയം നിൽക്കാനാകില്ല. 9ന് ലൈറ്റ് ഓഫ് ചെയ്യുമെന്നതിനാൽ എല്ലാവരും നേരത്തെ തന്നെ ഉറക്കംപിടിക്കും.

agastyarkoodam-3അടുത്ത ദിവസം രാവിലെയാണ് ശരിക്കുമുള്ള അഗസ്‌ത്യമല യാത്ര തുടങ്ങുന്നത്. പർണശാല കെട്ടി തപസ് ചെയ്ത അഗസ്‌ത്യാർ കൂടം മാടിവിളിക്കുമ്പോൾ ശാന്തമായി ഉറങ്ങുന്നതെങ്ങനെ. മലയിലേക്കുള്ള യാത്രയുടെ ആവേശം മാത്രമായിരുന്നു മനസിൽ. ഓരോന്ന് പറഞ്ഞ് കിടന്ന് എപ്പോഴോ ഉറങ്ങി. ഫോണിൽ അലാം വച്ചിരുന്നെങ്കിലും അതിനുമുമ്പേ തന്നെ ഉണർന്നു. യഥാർത്ഥ യാത്ര ഇനിയാണ് തുടങ്ങുന്നത്. പല്ലുതേച്ച് പ്രാഥമികകൃത്യങ്ങൾ നിറവേറ്റി യാത്രയ്ക്ക് റെഡിയായി. മലകയറ്റം കഠിനമായതിനാൽ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമാണ് എല്ലാവരും ഹാൻഡ് ബാഗുകളിലാക്കി കൊണ്ടുപോകുക. ഭാരമേറിയാൽ മലകയറ്റം ദുഷ്കരമാകും. 7 മണിയോടെ മലയിലേക്കുള്ള യാത്ര തുടങ്ങി. കൂടുതൽ ഇടതൂർന്ന വഴികൾ. വഴിമുടക്കി മരങ്ങൾ വീണുകിടക്കുന്നു. മരത്തിനടിയിലൂടെ കുനിഞ്ഞും ചാടിക്കടന്നും മുന്നോട്ടുള്ള യാത്ര തുടർന്നു. അട്ടശല്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇല്ലാതിരുന്നത് ആശ്വാസമായി.

ദാഹിക്കുമ്പോൾ അരുവിയിലെ വെള്ളവും ഡ്രൈഫ്രൂട്ട്സും ചോക്ളേറ്റുകളുമൊക്കയാണ് കഴിക്കുക.

 പൊങ്കാലപ്പാറ

പണ്ട് അഗസ്താർകൂടത്തിലേയ്ക്ക് പോകുന്ന സഞ്ചാരികളൊക്കെ അവിടെ അടുപ്പുകൂട്ടി പൊങ്കാല നിവേദ്യം അർപ്പിക്കുമായിരുന്നു. അങ്ങനെയാണ് പൊങ്കാലപ്പാറ എന്ന പേരുവന്നത്. എന്നാൽ, വിറകുകൾക്കായി വൃക്ഷങ്ങൾ വെട്ടിക്കത്തിക്കാൻ തുടങ്ങിയതോടെ വനംവകുപ്പ് പൊങ്കാല വിലക്കി. ഇന്ന് പൊങ്കാലയിടാനും അഗസ്ത്യാർകൂടത്തിലെ പൂജയ്ക്കുമുള്ള അവകാശം ആദിവാസികൾക്ക് മാത്രമാണ്. അഗസ്‌ത്യ മലയിലേക്കുള്ള യാത്രയിൽ ഏറ്റവും ദുർഘടം പിടിച്ചത് പൊങ്കാലപ്പാറയിൽ നിന്ന് മുന്നോട്ടുള്ള യാത്രയാണ്. ഒരു ഭാഗത്ത് പടുകൂറ്റൻ മലകളും മറുഭാഗത്ത് ഗർത്തവുമാണ്. നെഞ്ചിടിപ്പേറ്റുന്ന യാത്രയാണത്. ഈ മലകൾ താണ്ടി അപ്പുറത്ത് എത്തുമ്പോൾ കാത്തിരിക്കുന്നത് മുച്ചാണിമലയാണ്. 80 ഡിഗ്രിവരെ ചരിഞ്ഞു നിൽക്കുന്നതിനാൽ ചരിവുമല എന്നും അറിയപ്പെടുന്നു. ഈ മലയുടെ പാതയിൽ പിടിച്ചുകയറാൻ വടം കെട്ടിയിട്ടുണ്ട്. വടത്തിൽ പിടിച്ച് അഭ്യാസികളെ പോലെ അനായാസം കയറിപ്പോകുന്നവർ ചുരുക്കമാണ്. മിക്കവരും ഏറെ പണിപ്പെട്ട് പതുക്കെയാണ് ഇവിടം കയറുക. കയറിൽ പിടിച്ചു കയറുമ്പോൾ തളർന്നാലും പച്ചവെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഉയരത്തിൽ നിന്ന് വെള്ളം കുടിച്ചാൽ പേശിവലിവിന് സാദ്ധ്യതയുണ്ടെന്ന് ഗൈഡ് പറഞ്ഞുതന്നു.

agastyarkoodam4

രാവിലെ ഏഴിന് തുടങ്ങിയ യാത്ര അവസാനഘട്ടത്തിലെത്തിയതിന്റെ ആവേശത്തിലായിരുന്നു ഞങ്ങൾ. കൂട്ടത്തിലെ ഫോട്ടോഗ്രാഫർ കൂടിയായ മിഥുനും ഞാനും ആദ്യം മലയുടെ മുകളിലെത്തി. മറ്റ് മൂന്നുപേർ പേശിവലിവ് കാരണം സാവധാനമാണ് മലയുടെ മുകളിലെത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 6129 അടി (1868 മീറ്റർ)​ ഉയരത്തിലാണ് അഗസ്‌ത്യാർകൂടം സ്ഥിതി ചെയ്യുന്നത്. നട്ടുച്ചയ്ക്കുപോലും തണുത്ത കാറ്റ് വീശിയടിക്കും. പ്രകൃതിയുടെ പൂർണത ആസ്വദിക്കുമ്പോൾ കോടമഞ്ഞ് വന്ന് നമ്മളെ മൂടും. ശരീരവും മനസും ഒരുപോലെ കുളിർമയിലാകും. ഇതോടെ ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി എല്ലാവരും പറയുക ഇതാ ഞാൻ അഗസ്ത്യന്റെ മടിത്തട്ടിലെത്തി എന്നായിരിക്കും. മലയുടെ വലതുവശത്തായാണ് അഗസ്ത്യമുനിയുടെ കല്ലിൽ കൊത്തിയ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. സന്ദർശകർ അവിടേക്ക് പ്രവേശിക്കാതിരിക്കാനായി പ്രതിമയ്ക്ക് ചുറ്റും വേലിയുണ്ട്. വേലിക്ക് പുറത്തുനിന്ന് ചിത്രങ്ങളെടുക്കാം. അതിനടുത്തായി ചെമ്പ് തകിടുകളും കെട്ടിയിട്ടിട്ടുണ്ട്. അഗസ്‌ത്യമുനി കൈവിടില്ലെന്ന വിശ്വാസമാണ് ഈ തകിടുകൾക്ക് പിന്നിൽ. മലയിൽ നിന്ന് നോക്കിയാൽ പേപ്പാറ ‌ഡാം,​ വിതുരയിലെ ഐസർ അടക്കം കാണാം.

തിരികെ ബേസ് ക്യാമ്പിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് കടുത്ത വേദന അനുഭവപ്പെട്ടെങ്കിലും ആഗ്രഹം പൂർത്തീകരണത്തിന്റെ നിർവൃതിയിൽ അതെല്ലാം മറന്നു. മൂന്നുദിവസം ഔഷധഗുണമുള്ള ശുദ്ധവായു ശ്വസിക്കാനായതും കണ്ണീരു പോലെയുള്ള വെള്ളം കുടിക്കാനും കഴിഞ്ഞതിന്റെ സന്തോഷം വേറെ. മലയിറങ്ങി ബോണക്കാട്ടെ ബേസ് ക്യാമ്പിന് സമീപമെത്തുമ്പോൾ ചുവന്നുതുടുത്ത സൂര്യൻ അഗസ്ത്യമലയിൽ അസ്തമയ കിരണങ്ങൾ പൊഴിച്ചു. തിരിഞ്ഞുനോക്കുമ്പോൾ അഗസ്ത്യാർകൂടം വീണ്ടും മാടിവിളിക്കുന്നതു പോലെ തോന്നി.

വാൽക്കഷണം: ഒരിക്കലെങ്കിലും ആസ്വദിക്കണം ഈ അഗസ്ത്യമല യാത്ര

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGASTYARKOODAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.