SignIn
Kerala Kaumudi Online
Friday, 25 September 2026 6.14 PM IST

ജീവനെടുത്തത് കുങ്ഫു ട്രിപ്പിൾ പഞ്ച്സഹപ്രവർത്തകനെ ഇടിച്ചുകൊന്ന സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

pada

കൊച്ചി: എറണാകുളം എളമക്കരയിൽ സെക്യൂരിറ്റി ഏജൻസി സൂപ്പർവൈസറെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സഹപ്രവർത്തകൻ തിരുവനന്തപുരം കുടപ്പനക്കുന്ന് കൈരളി നഗർ പ്ലാമൂട്ടിൽ വിജിത്ത് സേവ്യറിനെ (42) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഒരു മാളിലെ സെക്യൂരിറ്റി സൂപ്പർവൈസറായ ബംഗളൂരു ബൊമ്മനഹള്ളി ഹാലുഗുൺ സ്വദേശി മനോജ് (54) ആണ് മരിച്ചത്. ഈമാസം 21നാണ് മനോജിനെ വാടകവീട്ടിലെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ല് ഒടിഞ്ഞതും വയറിനേറ്റ മർദ്ദനവുമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അപകടമരണത്തിന്റെ ചുരുളഴിച്ചത്.

കൊല്ലപ്പെട്ട മനോജും വിജിത്തും മറ്റൊരു സഹപ്രവർത്തകനായ ഷാജിയും എളമക്കരയിലെ മേനംകുളം റോഡിലുള്ള വീട്ടിൽ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂവരും രാത്രിയിൽ മദ്യപിക്കുന്നതും പതിവായിരുന്നു. സംഭവദിവസം മദ്യലഹരിയിൽ ജോലിസംബന്ധമായ കാര്യങ്ങൾ പറഞ്ഞ് വിജിത്തും മനോജും തമ്മിൽ ഉന്തുതള്ളമുണ്ടായി. ഷാജി ഇടപെട്ട് ഇത് പരിഹരിച്ചു. പിന്നാലെ ഷാജി മുറിയിലേക്കും വിജിത്ത് പുറത്തേയ്ക്കും പോയി. ഏറെ നേരം കഴിഞ്ഞ് വിജിത്ത് മദ്യം ആവശ്യപ്പെട്ട് മനോജിന്റെ അടുത്തെത്തി. എന്നാൽ മദ്യംനൽകാൻ മനോജ് തയ്യാറായില്ല. ഇതിന്റെ ദേഷ്യത്തിൽ കുങ്ഫു ബ്ലാക്ക്ബെൽറ്റ്കൂടിയായ വിജിത്ത് മനോജിനെ ട്രിപ്പിൾ പഞ്ച് പ്രയോഗത്തിലൂടെ ഇടിച്ചിട്ടു. ശേഷം ഒന്നുമറിയാത്തെ പോലെ മുറിയിൽപോയി കിടന്നു.

രാവിലെ മനോജിനെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ട ഷാജിയാണ് മദ്യലഹരിയിരിൽ വീണ് മരി​ച്ചതാകാമെന്ന് കരുതി പൊലീസിനെ വിവരമറിയിച്ചത്. വീട്ടിലുണ്ടായിരുന്ന വിജിത് പിന്നീട് നടന്ന അടിപിടി രഹസ്യമാക്കിവച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തെത്തുടർന്ന് നടത്തി​യ ചോദ്യംചെയ്യലിൽ വിജിത്ത് കുറ്റംസമ്മതിച്ചു. താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം സെൻട്രൽ എ.സി.പി വി.കെ.രാജു, എളമക്കര സി.ഐ സജീവ്കുമാർ, എസ്‌.ഐ രാജേഷ്.കെ. ചെല്ലപ്പൻ, എ.എസ്‌.ഐ ബിജു, സി.പി.ഒമാരായ അനീഷ്, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY