SignIn
Kerala Kaumudi Online
Friday, 10 May 2024 12.13 AM IST

സംവരണ വിഹിത തർക്ക സാദ്ധ്യത തടയാൻ ജാതി സെൻസസ്

h

സമുദായങ്ങളുടെ സംവരണ വിഹിതം ന്യായമായി തിട്ടപ്പെടുത്തണമെങ്കിൽ ആദ്യം എല്ലാ സമുദായങ്ങളുടെയും 100 ശതമാനം തലയെണ്ണി നിർണയിക്കുന്ന കൃത്യമായ ജനസംഖ്യാ കണക്ക് അനിവാര്യമാണ്. സെൻസസിൽ ഉൾപ്പെടുന്ന മുസ്ളിം സമുദായത്തിന് ഇത്തരം കണക്കുണ്ട്. സെൻസസിൽ നിന്ന് പുറന്തള്ളപ്പെട്ട ഈഴവ/തീയ്യ സമുദായത്തിനാകട്ടെ,​ഇത്തരം കണക്കില്ല!

മുസ്ളിം സമുദായത്തിന്റെ ജനസംഖ്യ, 2011-ലെ സെൻസസ് അനുസരിച്ച് കേരള ജനസംഖ്യയുടെ 26.55 ശതമാനമാണ്. 93 വർഷങ്ങളായി സെൻസസിൽ നിന്ന് പുറന്തള്ളപ്പെട്ട ഈഴവ/തീയ്യ സമുദായം കേരളത്തിന്റെ 21ശതമാനം മാത്രമാണെന്ന തെറ്റായ കണക്കിന്റെ അടിസ്ഥാനത്തിൽ, ഇപ്പോൾ 12 ശതമാനമായ മുസ്ളിം സംവരണ വിഹിതം 14 ശതമാനമായി വർദ്ധിപ്പിക്കണമെന്നും നിലവിലുള്ള 14ശതമാനം ഈഴവ/തീയ്യ വിഹിതം 12ശതമാനമായി കുറയ്ക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

മുസ്ളിം സമുദായ ജനസംഖ്യ 26.56 ശതമാനമാണെന്ന കണക്ക് അനിഷേദ്ധ്യമാണ്. മുസ്ളിം സമുദായം അതനുസരിച്ച് ആനുപാതിക സംവരണം ആവശ്യപ്പെടുന്നത് ന്യായവുമാണ്. സെൻസസിലൂടെ 100 ശതമാനം തലയെണ്ണി തയ്യാറാക്കുന്ന, കൃത്യവും സത്യസന്ധവുമായ കണക്കനുസരിച്ച് ആനുപാതികമായ സംവരണം രണ്ടു സമുദായങ്ങളുടെയും ഭരണഘടനാപരമായ അവകാശമാണ്. രണ്ടു സമുദായങ്ങളും അനർഹമായ സംവരണം ആഗ്രഹിക്കുന്നുമില്ല.

സമുദായങ്ങളുടെ സംവരണ വിഹിതം ന്യായമായി തിട്ടപ്പെടുത്തണമെങ്കിൽ ആദ്യം എല്ലാ സമുദായങ്ങളുടെയും 100 ശതമാനം തലയെണ്ണി നിർണയിക്കുന്ന കൃത്യമായ ജനസംഖ്യാ കണക്ക് അനിവാര്യമാണ്. സെൻസസിൽ ഉൾപ്പെടുന്ന മുസ്ളിം സമുദായത്തിന് ഇത്തരം കണക്കുണ്ട്. എന്നാൽ, സെൻസസിൽ നിന്ന് പുറന്തള്ളപ്പെട്ട ഈഴവ/തീയ്യ സമുദായത്തിന് ഇത്തരം കണക്കില്ല. ഈഴവ/തീയ്യ സമുദായത്തിന്റെ ജനസംഖ്യ 93 വർഷങ്ങളായി സെൻസസിലൂടെ 100 ശതമാനം തലയെണ്ണി, ആധികാരികമായി എടുക്കുന്നില്ല എന്നതുതന്നെ കാരണം.

തർക്കങ്ങൾക്കു

പിന്നിലെന്ത്?

ഈഴവ/തീയ്യ ജനസംഖ്യ എന്താണെന്ന് ആർക്കും കൃത്യമായി അറിയില്ലെന്നതാണ് സത്യം. ഈഴവ/തീയ്യ സമുദായത്തിന് സെൻസസ് കണക്കില്ലാത്തതുകൊണ്ട് മാത്രമാണ് ഈ സമുദായങ്ങൾ തമ്മിൽ സംവരണ വിഹിതത്തെച്ചൊല്ലി തർക്കം ഉടലെടുക്കുന്നത്. പ്രബലമായ ഈഴവ/തീയ്യ ജനസംഖ്യ കേരളത്തിന്റെ 21ശതമാനം മാത്രമാണെന്ന ഇന്നത്തെ വാദം അടിസ്ഥാനരഹിതമാണ്. ഈ വ്യാജ വാദത്തിന് മൂന്ന് ഉത്ഭവങ്ങളുണ്ട്.

 ഒന്ന്: 1921-നും 2011-നും ഇടയിലുള്ള സംസ്ഥാന ജനസംഖ്യയുടെ ശരാശരി വർദ്ധനവ് 1921-ലെ ഈഴവ/തീയ്യ ജനസംഖ്യയിൽ ബാധകമാക്കിയാൽ 2011-ലെ ഈഴവ/തീയ്യ ജനസംഖ്യ ശരാശരി സംസ്ഥാന ജനസംഖ്യയുടെ 21 ശതമാനമായിരിക്കും. ഇതായിരിക്കാം ഈഴവ/തീയ്യ ജനസംഖ്യ ഇന്ന് 21ശതമാനമാണെന്നു പറയുന്നതിന്റെ യുക്തി. സംസ്ഥാനത്തിന്റെയോ മറ്റൊരു സമുദായത്തിന്റെയോ ജനസംഖ്യാ വർദ്ധന നിരക്കുപയോഗിച്ച് ഈഴവരുടെ ജനസംഖ്യ തിട്ടപ്പെടുത്തുന്നത് ശുദ്ധ അസംബന്ധമാണ്. ഉദാഹരണത്തിന് സംസ്ഥാനത്തിന്റെ ശരാശരി വർദ്ധനവ് 1921-ലെ മുസ്ളിം ജനസംഖ്യയിൽ ബാധകമാക്കിയാൽ ഇന്നത്തെ മുസ്ളിം ജനസംഖ്യാവിഹിതം 16.6 ശതമാനമായി കുറയും.

മുസ്ളിം സമുദായത്തിന് സെൻസസ് ഉള്ളതുകൊണ്ടു മാത്രം ഈ കണക്ക് തെറ്റാണെന്നു മനസിലാകുന്നു. മുസ്ളിം സമുദായത്തിന്റെ 1921 മുതൽ 2011 വരെയുള്ള ജനസംഖ്യാ വർദ്ധന നിരക്ക് ഉപയോഗിച്ച് ഇന്നത്തെ ഈഴവ/തീയ്യ ജനസംഖ്യ കണക്കാക്കിയാൽ ഇന്ന് ഈഴവ/തീയ്യ സമുദായം കേരളത്തിന്റെ 31ശതമാനമായിരിക്കും.

 രണ്ട്: 1921-ലെ സെൻസസ് പ്രകാരം ഈഴവ/തീയ്യ സമുദായത്തിന്റെ ജനസംഖ്യ 21ശതമാനമായിരുന്നു. ഒരു നൂറ്റാണ്ടിനു ശേഷവും, 2024ൽ ഈഴവ/തീയ്യ ജനസംഖ്യ 21 ശതമാനമാണെങ്കിൽ അതിനർത്ഥം ഈഴവ/തീയ്യ ജനസംഖ്യാ വിഹിതം ഒരു നൂറ്റാണ്ടായി നിശ്ചലമായി നിൽക്കുന്നു എന്നാണല്ലോ. അത്തരമൊരു സാദ്ധ്യത വളരെ വിദൂരമാണ്.

 മൂന്ന്: ഈഴവ/തീയ്യ ജനസംഖ്യ 21ശതമാനമാണെന്ന വാദം സ്ഥിരീകരിക്കുവാൻ ഉപയോഗിക്കുന്ന കണക്കുകൾ സാമ്പിൾ സർവേയിലൂടെ നിശ്ചയിക്കപ്പെടേണ്ട കണക്കുകളാണ്. സാമ്പിൾ രൂപപ്പെടുത്തുന്നതു പോലെയായിരിക്കും സാമ്പിൾ സർവേയുടെ കണ്ടെത്തൽ. സവർണ ഒളിഗാർക്കി ഭരിക്കുന്ന നാട്ടിൽ സാമ്പിൾ സർവേകളെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഈ കണക്കുകൾ 'guesstimates' (ഊഹിക്കൽ) മാത്രമാണ്. ഉദാഹരണത്തിന്, 1968-ൽ ഇ.എം.എസ് സർക്കാർ സാമ്പിൾ സർവ്വേ മെത്തഡോളജി ഉപയോഗിച്ച് കേരളത്തിൽ 'ജാതി സമുദായ സർവേ" നടത്തി. കേരളത്തിന്റെ വെറും 12.5 ശതമാനം ജനങ്ങൾ മാത്രം വരുന്ന, ക്രമരഹിതമായ (random) സാമ്പിളിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലെ ഈഴവ/തീയ്യ ജനസംഖ്യ 22.19 ശതമാനമാണെന്നും മുസ്ളിം ജനസംഖ്യ 19.12 ശതമാനമാണെന്നും അവർ നിർണയിച്ചു.

സാമ്പിൾ സർവേ

പറഞ്ഞത്

മൂന്നു വർഷത്തിനുശേഷം നടന്ന 1971ലെ സെൻസസിൽ കേരള മുസ്ളിം ജനസംഖ്യ 1968-ലെ സാമ്പിൾ സർവേയിൽ നിർണയിച്ച ജനസംഖ്യയെക്കാൾ കൂടുതലാണെന്നു മനസ്സിലായി. എന്നാൽ, സെൻസസിൽ നിന്നു പുറന്തള്ളപ്പെട്ട ഈഴവ/തീയ്യ സമുദായത്തിന് അത്തരം തിരുത്തൽ അവസരം നിഷേധിക്കപ്പെട്ടു. രസകരമെന്നു പറയട്ടെ, സാമ്പിൾ സർവേ കണ്ടെത്തലുകൾ ഈഴവ ജനസംഖ്യാ വലിപ്പത്തെക്കുറിച്ച് അന്നു നിലവിലുള്ള മിഥ്യകളുമായി വളരെ അടുത്തു പൊരുത്തപ്പെടുന്നതാണ്.

ഇതിനപ്പുറം ചില വലിയ ചോദ്യങ്ങൾ നാം അഭിമുഖീകരിക്കുന്നുണ്ട്: ഈഴവ ജനസംഖ്യ കേരളത്തിലെ മുസ്ളിം ജനസംഖ്യയെക്കാൾ യഥാർത്ഥത്തിൽ പിന്നിലാണോ? അങ്ങനെയെങ്കിൽ, എങ്ങനെ, എപ്പോൾ, എന്തുകൊണ്ട് ഇതു സംഭവിച്ചു? ഇത് ഈഴവ ജനസംഖ്യയിൽ അനാരോഗ്യകരവും അപകടകരവുമായ കുറവിനെ സൂചിപ്പിക്കുന്നുണ്ടോ?

കേരളത്തിലെ (അതായത്, അന്നത്തെ തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലെ) ഈഴവരെയും തീയ്യരെയും മുസ്ളിങ്ങളെയും 1881 മുതൽ 1931 വരെയുള്ള ബ്രിട്ടീഷ് കൊളോണിയൽ ദശാബ്ദ സെൻസസുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സെൻസസുകളിൽ ഈഴവ/തീയ്യ ജനസംഖ്യ എല്ലായ്പ്പോഴും മുസ്ളിം ജനസംഖ്യയെക്കാൾ കൂടുതലായിരുന്നു. 1921-ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 20.8 ശതമാനവും, 1931-ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 20.4 ശതമാനമായിരുന്നു ഈഴവർ/തീയ്യർ.

ആ സാദ്ധ്യത

തീരെ കുറവ്

മുസ്ളിം സമുദായം 1921-ലെ സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ 16.6 ശതമാനമായിരുന്നു. 1931-ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 16.3 ശതമാനം. യുക്തിപരമായി, ഈഴവ/തീയ്യ ജനസംഖ്യ കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ മുസ്ളിം ജനസംഖ്യയെക്കാൾ പിന്നിലാകാനുള്ള സാദ്ധ്യത രണ്ടു കാരണങ്ങളാൽ കുറവാണ്. ഒന്നാമതായി, ഈഴവ/തീയ്യ സമുദായത്തിന് 1921-ൽ മുസ്ളിം സമുദായത്തേക്കാൾ ഉയർന്ന ജനനനിരക്കും കുടുംബ വലിപ്പവും ദാരിദ്ര്യ‌വും ഉണ്ടായിരുന്നു. ഇത് സാധാരണഗതിയിൽ ഈഴവ/തീയ്യ സമുദായത്തിന് മുസ്ളിം സമുദായത്തേക്കാൾ ഉയർന്ന ജനസംഖ്യാ വർദ്ധന നിരക്കിനു കാരണമാകും.

രണ്ടാമതായി, കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ ഹിന്ദു സമൂഹത്തിൽ നിന്ന് മുസ്ളിം സമുദായത്തിലേക്ക് വലിയ തോതിലുള്ള പരിവർത്തനം നടന്നതിനു തെളിവ് സെൻസസിൽ കാണുന്നില്ല. കേവല സംഖ്യയിൽ, കേരളത്തിലെ ഹിന്ദു ജനസംഖ്യ മുസ്ളിം ജനസംഖ്യയെക്കാൾ വലിയ തോതിൽ വർദ്ധിച്ചു. 1901-ൽ കേരളത്തിൽ മുസ്ളിങ്ങളെക്കാൾ ശരാശരി 32 ലക്ഷം ഹിന്ദുക്കൾ കേവല സംഖ്യയിൽ കൂടുതലുണ്ടായിരുന്നു. ഈ മാർജിൻ മൂന്നിരട്ടിയായി വളർന്നു. 2011-ലെ സെൻസസ് കണക്കനുസരിച്ച് കേരളത്തിൽ മുസ്ളിങ്ങളെക്കാൾ 94 ലക്ഷം ഹിന്ദുക്കൾ കേവല സംഖ്യയിൽ കൂടുതൽ ഉണ്ടായിരുന്നു.

ഗൂ‍ഢ ഉദ്ദേശ്യം

പിന്നിലുണ്ടോ?​

ഈഴവ/തീയ്യ സമുദായം കേരള ജനസംഖ്യയുടെ 21ശതമാനം മാത്രമാണെന്നുള്ള വ്യാജ അടിസ്ഥാനത്തിൽ അവരുടെ സംവരണ വിഹിതം കുറയ്ക്കുന്നത് കടുത്ത അന്യായമായിരിക്കും. ഈഴവ/തീയ്യ സമുദായത്തിന്റെ സംവരണ വിഹിതം സെൻസസ് എടുക്കാതെ കുറയ്ക്കണം എന്നുള്ള മേൽപ്പറഞ്ഞ വാദം, ഈഴവ/തീയ്യ സമുദായത്തിൽ പുതിയൊരു ഇസ്ലാമോഫോബിയ കൂടി ഉണ്ടാകാനാണോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഉദ്യമത്തിൽ കേന്ദ്ര - കേരള സർക്കാരുകൾക്കു പങ്കുണ്ടോ എന്നും ചോദിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമോഫോബിയ വളരുന്നത് സംഘപരിവാറിന് സഹായകമാവുമെന്നു മാത്രമല്ല, കേരളത്തിലെ ജനാധിപത്യ-മതനിരപേക്ഷ ശക്തികളെ ദുർബലപ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഈഴവ/തീയ്യ സെൻസസ് അടിയന്തരമായി നടത്തി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈഴവ- തീയ്യ- മുസ്ളിം പരസ്പര സൗഹാർദ്ദം സംരക്ഷിക്കേണ്ടത് കേരള സർക്കാരിന്റെ ചരിത്രപരമായ ഉത്തരവാദിത്വമാണ്.

സമുദായത്തിന്റെ

സ്വാസ്ഥ്യ സ്ഥിതി

സെൻസസ് ഒരു സമുദായത്തിന്റെ ഹെൽത്ത് ചെക്കപ്പാണ്. ഈഴവ/തീയ്യ സെൻസസ് നടത്തുന്നത് സംവരണതോത് നിശ്ചയിക്കാൻ മാത്രമല്ല; സമുദായത്തിന്റെ നിലനില്പിനും ശാക്തീകരണത്തിനും അത്യാവശ്യവും അനിവാര്യവുമാണെന്ന് നമ്മൾ മനസിലാക്കണം. ഈഴവ/തീയ്യ ജനസംഖ്യ ഇന്ന് എത്രയാണെന്നും, കഴിഞ്ഞ നൂറ്റാണ്ടിൽ അതിൽ എന്തു മാറ്റമുണ്ടായി, എങ്ങനെ, എവിടെ, എന്തുകൊണ്ട് എന്നും അറിയേണ്ടത് അനിവാര്യമാണ്. സമുദായത്തിന്റെ പൂർണമായ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ - സ്വാസ്ഥ്യത്തിന്റെ (health) സ്ഥിതിവിവരങ്ങൾ എന്താണെന്നും നമ്മൾ അറിയേണ്ടതുണ്ട്.

സെൻസസ് എടുത്താൽ ജനസംഖ്യ 21ശതമാനത്തിൽ നിന്ന് കുറയുമെന്നും അതുകാരണം സംവരണ ഓഹരി കുറയുമെന്നും ഭയന്ന് സെൻസസ് വേണ്ടെന്നു പറയുന്നത്, എനിക്ക് ഡയബറ്റിസ് ഉണ്ടെന്നുള്ള റിസൾട്ട് വന്നാലോ എന്നു കരുതി രക്തപരിശോധന നടത്താതിരിക്കുന്നതിനു തുല്യമാണ്. ചെക്ക് അപ്പായ സെൻസസിലൂടെ, അറിയപ്പെടുന്ന വ്യാധികൾ ഏതായാലും അതെല്ലാം ഒരുമിപ്പോടെ പരിഹരിക്കാൻ ഈഴവ/തീയ്യ സമുദായത്തിന് കഴിയുമെന്ന ആത്മവിശ്വാസം സമുദായത്തിനുണ്ട്. സത്യത്തെ ഭയക്കുന്നവനല്ല ഈഴവൻ/തീയ്യൻ. സമുദായത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് 93 വർഷങ്ങളായി ഈഴവ/തീയ്യ സമുദായത്തിന് അന്യായമായി നിഷേധിക്കപ്പെട്ട ചെക്ക് അപ്പായ സെൻസസിനെ എതിർക്കുന്നത്.

നമുക്ക് ആനുപാതികമായ, മതിയായ പ്രാതിനിദ്ധ്യവും ശബ്ദവും സർക്കാരിൽ ഇല്ലാത്തതുകൊണ്ടാണ് സെൻസസ് വഴി കേരളത്തിലെ ഈഴവ/തീയ്യ സമുദായത്തിന്റെയും മറ്റ് സമുദായങ്ങളുടെയും ക്ഷേമത്തെക്കുറിച്ചുള്ള അടിസ്ഥാന സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ 93 വർഷങ്ങൾക്കു ശേഷവും ബഹുഭൂരിപക്ഷമായ ജനതയ്ക്ക് കഴിയേണ്ടിവരുന്നത്. ഇത് വളരെ സങ്കടകരവും അപമാനകരവുമാണ്.

(ശ്രീനാരായണ മാനവ ധർമ്മം ട്രസ്റ്റ് ചെയർപേഴ്സൺ ആണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASTE CENSUS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.