ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. അംബേദ്കർ നഗർ എം.പിയാണ് അദ്ദേഹം. പാർലമെന്റ് ക്യാന്റീനിൽ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത എം.പിമാരിൽ ഒരാളായിരുന്നു.
റിതേഷ് പാണ്ഡെയുടെ പിതാവ് രാകേഷ് പാണ്ഡെ ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എം.എൽ.എയാണ്. ഇന്നലെ രാവിലെയാണ് റിതേഷ് ബി.എസ്.പിയിൽ നിന്നു രാജിവച്ചതായി സാമൂഹിക മാദ്ധ്യമത്തിലൂടെ അറിയിച്ചത്. തുടർന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തിൽ റിതേഷ് പാണ്ഡയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
പാർട്ടി യോഗങ്ങളിൽ നിന്നു തന്നെ ഒഴിവാക്കുന്നതായും നേതൃപരമായ തീരുമാനങ്ങളിൽ പങ്കെടുപ്പിക്കുന്നില്ലെന്നും പാർട്ടി അദ്ധ്യക്ഷ മായാവതിക്ക് അയച്ച കത്തിൽ റിതേഷ് പാണ്ഡെ വ്യക്തമാക്കിയിരുന്നു. എം.പിമാർ തങ്ങളുടെ മണ്ഡലത്തെ ശരിയായി പരിഗണിച്ചോയെന്നും ജനങ്ങൾക്കുവേണ്ടി സമയം മാറ്റിവച്ചോയെന്നും സ്വയം പരിശോധിക്കണമെന്ന് റിതേഷ് പാണ്ഡെയുടെ രാജിക്കുപിന്നാലെ മായാവതി എക്‌സിൽ കുറിച്ചു.
അതേസമയം, മറ്റൊരു ബി.എസ്.പി എം.പി.കൂടി പാർട്ടി വിട്ടേക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ജൗൻപുർ എം.പി ശ്യാംസിംഗ് യാദവ് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആഗ്രയിൽ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ ശ്യാംസിംഗ് യാദവ് പങ്കെടുത്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |