കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾ ബലികഴിച്ച് വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞ കാലങ്ങളിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകൾ രാജ്യത്തെ വ്യാപാര, ഉത്പാദന മേഖലകൾക്ക് പ്രതികൂലമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവരുമായുള്ള വ്യാപാര കരാറുകൾ അനിശ്ചിതമായി നീളുന്നതിന് പ്രധാന കാരണം വാണിജ്യ മന്ത്രാലയത്തിന്റെ കടുംപിടിത്തമാണ്.
വ്യാപാര ഇടപാടുകളിൽ സന്തുലിതവും സുതാര്യവുമായ നയങ്ങളില്ലെങ്കിൽ രാജ്യത്തിന്റെ താത്പര്യങ്ങൾ ബലികഴിക്കപ്പെടുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിടുക്കത്തിൽ നടത്തുന്ന വ്യാപാര ധാരണകൾ വർഷങ്ങളോളം രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ 2022 ൽ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈദ്യുതി വാഹനങ്ങളുടെയും വിസ്ക്കിയുടെയും ആഡംബര കാറുകളുടെയും ഇറക്കുമതി തിരുവ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഇവരുടെ കടുംപിടിത്തം മൂലം കരാർ അനിശ്ചിതമായി വൈകുകയാണ്. യൂറോപ്പിലെ വിപുലമായ കയറ്റുമതി സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കരാർ ഇന്ത്യയെ സഹായിക്കുമെങ്കിലും ഇറക്കുമതി നികുതി കുറച്ചാൽ ആഭ്യന്തര കമ്പനികൾ തിരിച്ചടി നേരിടുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, ഇരുമ്പയിര്, സിമന്റ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനെതിരെ ലോക വ്യാപാര സംഘടനയുടെ അബുദാബി യോഗത്തിൽ ഇന്ത്യ പ്രതിഷേധം അറിയിക്കുമെന്നും വാണിജ്യ മന്ത്രാലയം വൃത്തങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |