553 സ്റ്റേഷൻ നവീകരണം
ന്യൂഡൽഹി: റെയിൽവേയുടെ മുഖംമാറ്റുന്ന 41,000 കോടിയുടെ 2000 പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 12 സംസ്ഥാനങ്ങളിലെ 553 സ്‌റ്റേഷനുകളുടെ നവീകരണവും ഇതിൽപ്പെടുന്നു.
വലിയ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്ന ഇന്ത്യയെയാണ് ഇന്ന് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുഗമമായ യാത്രാമാർഗ്ഗമായി റെയിൽവേ മാറി. അഴിമതി ഒഴിവാക്കി ലഭിക്കുന്ന പണം റെയിൽവേ വികസനത്തിനും പ്രയോജനപ്പെടുത്തി. നികുതിദായകരുടെ ഓരോ പൈസയും യാത്രക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നു.
വിമാനത്താവളങ്ങൾക്ക് സമാനമായ ആധുനിക സൗകര്യങ്ങൾ റെയിൽവേ സ്‌റ്റേഷനുകളിലും ലഭ്യമാണ്. അതിവേഗ ട്രെയിനുകൾ സമയം ലാഭിക്കുന്നതിനൊപ്പം വ്യവസായ ചെലവുകൾ കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 385 കോടി രൂപ ചെലവിൽ നവീകരിച്ച ഉത്തർപ്രദേശിലെ ഗോമതി നഗർ സ്റ്റേഷൻ മോദി ഉദ്ഘാടനം ചെയ്തു. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 21,520 കോടി രൂപ ചെലവിൽ നിർമ്മിച്ച 1500 റോഡ് മേൽപ്പാതകളും അടിപ്പാതകളും രാജ്യത്തിന് സമർപ്പിച്ചു.
സ്റ്റേഷനുകൾക്ക് നാടിന്റെ മുഖം
ഒഡീഷയിലെ ബലേശ്വർ സ്‌റ്റേഷന്റെ രൂപകൽപന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയിലാണ്. സിക്കിമിലെ രംഗ്പൂർ സ്റ്റേഷന് പ്രാദേശിക വാസ്തുവിദ്യയാണ് പ്രമേയം. രാജസ്ഥാനിലെ സാങ്‌നർ സ്റ്റേഷനിൽ പതിനാറാം നൂറ്റാണ്ടിലെ ഹാൻഡ്-ബ്ലോക്ക് പ്രിന്റിംഗ് കാണാം. ചോളരാജാക്കൻമാരുടെ സ്വാധീനമാണ് തമിഴ്‌നാട്ടിലെ കുംഭകോണം സ്‌റ്റേഷന്റെ പ്രത്യേകത. നഗരത്തിലെ ഐ.ടിമേഖലയുടെ സ്വാധീനമാണ് ഗുരുഗ്രാം സ്‌റ്റേഷൻ നവീകരണത്തിന് അടിസ്ഥാനം. ഓരോ സ്റ്റേഷനും 100 കോടി രൂപയിലധികം ചെലവിലാണ് പുനരുദ്ധരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |