SignIn
Kerala Kaumudi Online
Monday, 07 July 2025 6.13 AM IST

കേരളത്തിൽ രണ്ടക്ക സീറ്റ് നേടും; ബിജെപി ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല, കേന്ദ്രം നൽകുന്നത് ഏറ്റവും വലിയ മുൻഗണനയെന്ന് മോദി

Increase Font Size Decrease Font Size Print Page
modi

തിരുവനന്തപുരം: ഇത്തവണ മലയാളികൾ കൂടുതൽ ആവേശത്തിലാണെന്നും കേരളത്തിൽ എൻ‌ഡിഎയ്ക്ക് രണ്ടക്ക സീറ്റ് നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

'2019ൽ ജനങ്ങൾക്ക് ബിജെപിയിലുണ്ടായിരുന്ന പ്രതീക്ഷ 2024ഓടെ വിശ്വാസമായി മാറി. 2019ൽ കേരളത്തിലെ ജനങ്ങൾ ‌രണ്ടക്ക വോട്ട് നൽകിയെങ്കിൽ ഇത്തവണ അത് ഡബിൾ ഡിജിറ്റ് സീറ്റായി മാറും. അങ്ങനെയൊരു അപേക്ഷയാണ് കേരളത്തിലെ ജനങ്ങളോടുള്ളത്. കേരളത്തിലെ ജനങ്ങൾ കാലത്തിന് മുന്നേ സഞ്ചരിക്കുന്നവരാണ്. 2019ലെ മുദ്രാവാക്യം ഒരിക്കൽകൂടി മോദി സർക്കാർ എന്നായിരുന്നുവെങ്കിൽ ഇത്തവണത്തെ മുദ്രാവാക്യം 400ൽ അധികം സീറ്റുകൾ എന്നുള്ളതാണ്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നത് പ്രതിപക്ഷം ഉറപ്പാക്കിയിരിക്കുകയാണ്. ഈ നാടിന്റെ വികസനത്തിനായുള്ള ഒരു റോഡ് മാപ്പും അവരുടെ പക്കലില്ല. നരേന്ദ്ര മോദിയെ ആക്ഷേപിക്കുകയെന്നത് മാത്രമാണ് അവരുടെ അജണ്ട. കേരളത്തിലെ ജനങ്ങൾ കഴിവുറ്റവരാണ്. കേരളം ഇത്തവണ ബിജെപിക്കും എൻഡിഎയ്ക്കും പിന്തുണ നൽകുമെന്ന് ഉറപ്പുണ്ട്. 370 സീറ്റ് എന്ന ലക്ഷ്യം കേരളത്തിലെ ജനങ്ങൾ എളുപ്പമാക്കിയിരിക്കുകയാണ്. നിങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും സഫലീകരിക്കാൻ നരേന്ദ്രമോദി പ്രതിജ്ഞാബന്ധനാണ് എന്നതാണ് മോദി ഗ്യാരണ്ടി.

ബിജെപി ഒരിക്കലും കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല. ഒരു സംസ്ഥാനത്തെയും വോട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി കണ്ടിട്ടില്ല. ബിജെപി ദുർബലമായ ഘട്ടത്തിലായിരുന്നിട്ടും കേരളത്തെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കിട്ടുന്ന അതേ അളവിൽ കേരളത്തിലും പദ്ധതികൾ ലഭ്യമാക്കാൻ ബിജെപി ശ്രമിച്ചു.

ഇന്ന് നമ്മുടെ നാട്ടിൽ മോദിയുടെ മൂന്നാം സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. മോദി സർക്കാരിന്റെ മൂന്നാം വരവിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇതാണ് മോദിയുടെ ഗ്യാരണ്ടി. മൂന്നാം ടേമിൽ ഇന്ത്യയെ ദാരിദ്രമുക്തമാക്കും. കേരളത്തിലെ വിദ്യാഭ്യാസത്തെ എൽഡിഎഫും യുഡിഎഫും ഏതുവിധത്തിലാക്കിയെന്ന് ഏവർക്കും അറിയാം. മോദിയുടെ മൂന്നാം സർക്കാർ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ സ്ഥിതിയിൽ മാറ്റം വരുത്തിക്കൊണ്ട് എങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് പോകാമെന്നതിൽ ഊന്നൽ നൽകും. ഇതാണ് മോദിയുടെ ഗ്യാരണ്ടി. കേരളത്തിലെ ചെറുപ്പക്കാർക്ക് സെമി കണ്ടക്‌ടർ മുതൽ ഗ്രീൻ ഹൈഡ്രജൻ വരെയുള്ള മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകുമെന്നതും മോദിയുടെ ഗ്യാരണ്ടിയാണ്.

കേരളത്തിന്റെ സംസ്ഥാന സർക്കാരിന്റെ നിസ്സകരണം ഉണ്ടായിട്ടുപോലും കേന്ദ്രസർക്കാർ വികസന കാര്യങ്ങളിൽ കേരളത്തിന് ഏറ്റവും വലിയ മുൻഗണനയാണ് നൽകുന്നത്. കേന്ദ്രസർക്കാരിന്റെ പരീക്ഷകളടക്കം മലയാളത്തിൽ എഴുതാൻ കഴിയുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തി. കൂടാതെ കേരളത്തിലെ പരമ്പരാഗത ചികിത്സാ സംവിധാനങ്ങൾ ലോകത്താകമാനം വ്യാപിപ്പിച്ചു. കേരളത്തിൽ ഒന്നരകോടിയിലധികം ആളുകൾ കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ ഉപഭോക്താക്കളാണ്. ആയുഷ്‌മാൻ ഭാരത് പദ്ധതിയിലൂടെ അഞ്ചരകോടിയോളം രൂപയുടെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചു. ജലജീവൻ മിഷൻ പദ്ധതിയിലൂടെ 36 ലക്ഷം വീടുകളിൽ കുടിവെള്ളം ലഭിച്ചു. കേരളത്തിലെ 40 ലക്ഷത്തോളം കർഷകർക്ക് സാമ്പത്തിക സഹായം ലഭിച്ചു. 50 ലക്ഷത്തിലധികം മുദ്രാവായ്‌പകൾ കേരളത്തിലെ ജനങ്ങളിൽ വിതരണം ചെയ്തു.

ബിജെപി ഒരിക്കലും ഭരണത്തിലിരുന്ന സംസ്ഥാനമല്ല കേരളം. എന്നിട്ടും കേരളത്തിന്റെ വികസനത്തിനായി ബിജെപി എക്കാലവും പ്രവർത്തിച്ചു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മുന്നണികളുടെ അവസ്ഥ എന്താണ്. ഒരൊറ്റ കുടുംബത്തിനായി ഒരു നാടിനെ അടിയറവ് വച്ചു. കോൺഗ്രസിന്റെ ഇതേ സമീപനത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റും പ്രവർത്തിക്കുന്നത്. കേരളത്തിൽ ശത്രുക്കളായി അഭിനയിച്ചാലും പുറത്ത് ഇവർ ആത്മാർത്ഥ സുഹൃത്തുക്കളാണ്. കേരളത്തിലെ സർക്കാരുകൾ മാറുന്നെങ്കിലും സാഹചര്യങ്ങളിൽ മാറ്റം വരുന്നില്ല. ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കുള്ള അവസരമാണ് ഒരുങ്ങുന്നത്'- മോദി പറഞ്ഞു.

TAGS: BJP, KERALA, LOKSABHA POLLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.