സി യു ഇ ടി വഴി രാജ്യത്തെ 250 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്സിറ്റി യു.ജി പ്രവേശന പരീക്ഷ മേയ് 15 മുതൽ 31 വരെ ഓൺലൈനായി നടക്കും. കേന്ദ്ര സർവകലാശാലകൾ, തിരഞ്ഞെടുത്ത സംസ്ഥാനതല, ഡീംഡ്, സ്വകാര്യ സർവകലാശാലകളടക്കം 250 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം CUET വഴിയാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ,ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി, കാസർകോട് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ ബിരുദ പ്രവേശനം CUET UG 24 വഴിയാണ്. നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ലാംഗ്വേജ്, ജനറൽ, വിഷയ പരീക്ഷകളുണ്ട്. വിഷയ പരീക്ഷയിൽ 10 വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം. നെഗറ്റീവ് മാർക്കിഗ് രീതി നിലവിലുണ്ട്. ആർട്സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്, ലിബറൽ ആർട്സ്, സയൻസ് വിഷയങ്ങളിൽ 100 ലധികം ബിരുദ പ്രോഗ്രാമുകളുണ്ട്. പരീക്ഷയ്ക്ക് ഓൺലൈനായി മാർച്ച് 26 വരെ അപേക്ഷിക്കാം. www.cuetug.ntaonline.in
വിഴിഞ്ഞം തുറമുഖം: തൊഴിലവസരത്തിന്റെ അനന്ത സാദ്ധ്യത
ഡോ.ടി.പി.സേതുമാധവൻ
വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കേരളം ആഗോള ഭൂപടത്തിൽ കൈവരിക്കുന്നത് അനന്ത സാധ്യതകൾ ! രാജ്യത്തെ ഏറ്റവും വലിയ ട്രാൻഷിപ്മെന്റ് കണ്ടെയ്നർ ടെർമിനലാകും വിഴിഞ്ഞം പോർട്ട്. അന്താരാഷ്ട്ര കപ്പൽ ഗതാഗത റൂട്ടിൽ ഇന്ത്യൻ കടലോരത്ത് മദ്ധ്യഭാഗത്തു വരുന്ന പോർട്ട് ആഗോള റൂട്ടുമായി ഏറ്റവും അടുത്താണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ആറുവർഷക്കാലയളവിൽ പോർട്ടിന്റെ 90 ശതമാനത്തോളം പണി പൂർത്തിയായിക്കഴിഞ്ഞു. സാങ്കേതികവിദ്യ, യന്ത്രവത്കരണം എന്നിവയിൽ വിഴിഞ്ഞം പോർട്ടിന് ഏറെ പ്രത്യേകതകളുണ്ട്. തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ വരുന്ന അഞ്ച് വർഷക്കാലയളവിൽ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചു ലക്ഷം തൊഴിലവസരങ്ങളാണ് ഇവിടെ വരാനിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചുവരുമ്പോൾ അഭ്യസ്തവിദ്യരായ കേരളത്തിലെ യുവതീയുവാക്കൾക്ക് ഇതിലൂടെ ലഭിക്കുന്ന തൊഴിലവസരങ്ങൾ എത്രയും വേഗത്തിൽ പ്രാവർത്തികമാക്കാനാണ് സംസ്ഥാന ഗവണ്മെന്റ് ശ്രമിക്കുന്നത്.
അനന്ത സാധ്യതകൾ#
ലോകത്ത് ഉപരിതല, വ്യോമ ഗതാഗതത്തെ അപേക്ഷിച്ച് കടൽവഴിയുള്ള ഗതാഗതത്തിനും, ചരക്കു നീക്കത്തിനും 75 ശതമാനത്തോളം അധിക സാദ്ധ്യതകളുണ്ട്. ഇതിലൂടെ നിരവധി ടെക്നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽതല തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. മാരിടൈം മേഖലയിൽ സാങ്കേതികവിദ്യ, മാനേജ്മെന്റ്, സ്കിൽ വികസനം എന്നിവ കൈവരിച്ചവരുടെ വലിയ ക്ഷാമം നിലനിൽക്കുന്നു. തൊഴിൽ നൈപുണ്യത്തിന്റെ കാര്യത്തിൽ ലഭ്യമായതും ആവശ്യമായതും തമ്മിൽ വൻ അന്തരം നിലനിൽക്കുന്നു. ഈ രംഗത്ത് തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം ആവശ്യകതയുടെ ഒരുശതമാനത്തിൽ താഴെ മാത്രമാണ്. ഐ.ടി.ഐ, ഡിപ്ലോമ, എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് സാങ്കേതിക മേഖലയിൽ യഥേഷ്ടം അവസരങ്ങൾ ലഭിക്കും. ലോജിസ്റ്റിക് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാരിടൈം എൻജിനിയറിംഗ്, ഷിപ് ബിൽഡിംഗ്, നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർസയൻസ് പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിലവസരങ്ങളാണ് വിഴിഞ്ഞം പോർട്ടിലുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ആഗോളതലത്തിൽ വിദേശ, ഇന്ത്യൻ ഷിപ്പിംഗ് കമ്പനികളിൽ അവസരങ്ങൾ ലഭിക്കും. അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ബിസിനസ് ഇക്കണോമിക്സ്, ഡാറ്റാ മാനേജ്മെന്റ്, അനലിറ്റിക്സ്, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാര വിനിമയ കോഴ്സുകൾ, ഫിഷറീസ് ടെക്നോളജി, സംസ്കരണം, വിപണനം, ഗുണ നിലവാരം ഉറപ്പുവരുത്തൽ, കയറ്റുമതി എന്നിവയിൽ മികച്ച അവസരങ്ങൾ മലയാളികൾക്ക് ലഭിക്കും. ഇതു മനസിലാക്കി മാരിടൈം യൂണിവേഴ്സിറ്റി കോഴ്സുകൾ വിഴിഞ്ഞത്തുമാരംഭിക്കും. ഏതു യോഗ്യതയുള്ളവർക്കും ലഭിക്കാവുന്ന തൊഴിലുകൾ ഇവിടെയുണ്ടാകും. തുറമുഖത്തിനു ചുറ്റുമുള്ള മേഖലയിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠന, സ്കിൽ വികസന സൗകര്യങ്ങളുണ്ടാകും.
ഓസ്ടേലിയയിലും, യൂറോപ്യൻ രാജ്യങ്ങളിലും, കാനഡയിലും, അമേരിക്കയിലും മികച്ച തൊഴിലവസരങ്ങൾ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്, സാങ്കേതിക മേഖലയിലാണെന്ന് നാം അറിയേണ്ടതുണ്ട്. മാരിടൈം നിയമം, ഫിഷറീസ് & ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, നോട്ടിക്കൽ സ്റ്റഡീസ്, കാലാവസ്ഥ വ്യതിയാനം, പോർട്ട് മാനേജ്മെന്റ്, പോർട്ട് ഓപ്പറേഷൻസ്, മാരിടൈം സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബി.ബി.എ, എം.ബി.എ പ്രോഗ്രാമുകൾ തുടങ്ങി 10, 12 ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കും, ബിരുദധാരികൾക്കും ചെയ്യാവുന്ന നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്. ബിരുദധാരികൾക്ക് ചെയ്യാവുന്ന നിരവധി ഓൺലൈൻ കോഴ്സുകളുമുണ്ട്. സുസ്ഥിര വികസനത്തിൽ ഏറെ ഗവേഷണ സാദ്ധ്യതകളുമുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച് കേരളത്തിന്റെ വികസന ഭൂപടത്തിൽ വിഴിഞ്ഞം പോർട്ടിലൂടെ ലഭിക്കാവുന്ന സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തിലെ പൊതുസമൂഹം തയ്യാറാകണം.
(പ്രൊഫസർ , ട്രാൻസ്ഡിസ്സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് & ടെക്നോളജി, ബെംഗളൂരു, കൺസൽട്ടൻറ്, ലോകബാങ്ക്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |