പാട്ന:ബാറ്ററി തീർന്നതിനെ തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് വീഡിയോഗ്രാഫറെ വെടിവെച്ചു കൊന്നു. ബീഹാറിലെ ധർബംഗ ജില്ലയിലാണ് സംഭവം.
സുശീൽ കുമാർ സഹ്നിയാണ് (22) കൊല്ലപ്പെട്ടത്. പ്രതി രാകേഷിനായി അന്വേഷണം നടക്കുകയാണ്. രാകേശിന്റെ മകളുടെ ജന്മദിനം ചിത്രീകരിക്കാനാണ്
സുശീൽ എത്തിയത്. എന്നാൽ ചിത്രീകരണത്തിനിടെ ക്യാമറയുടെ ബാറ്ററി തീർന്നുപോകുകയും പരിപാടി മുഴുവൻ ചിത്രീകരിക്കാൻ കഴിയാതെ വരികയും ചെയ്തു. ഇതോടെ രാകേഷ് സുശീലിനെ അസഭ്യം പറഞ്ഞു. തർക്കത്തിനു പിന്നാലെ തോക്കെടുത്ത് സുശീലിന്റെ വായിലേക്ക് വെടിയുതിർക്കുകയായിരുന്നു. രാകേഷും സുഹൃത്തുക്കളും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു. ആശുപത്രി ജീവനക്കാർ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പ്രദേശത്തെ പ്രധാന റോഡ് ഉപരോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ചത്. സുശീലിന്റെ പിതാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |